അരുവിത്തുറ: സെന്റ് ജോര്‍ജ് ഫൊറോനാപള്ളി തിരുനാള്‍ വെടിക്കെട്ടിനിടെയുണ്ടായ അപകടത്തെക്കുറിച്ചും സുരക്ഷാ ക്രമീകരണങ്ങളില്‍ വീഴ്ചയുണ്ടായോ എന്നിതിനെക്കുറിച്ചും മീനച്ചില്‍ തഹസീല്‍ദാര്‍ ബാബു സേവ്യര്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് എ.ഡി.എം ന് നല്കി. വെടിക്കെട്ടിനിടെ വെടിമരുന്ന് നിറച്ചു വച്ചിരുന്ന കുറ്റികള്‍ ശരിയായി ഉറപ്പിക്കാതിരുന്നതുമാണ് അപകടമുണ്ടായതെന്ന് തഹസീല്‍ദാര്‍ നല്കിയ റിപ്പോര്‍ട്ടിലുണ്ട്. ചെറിയ മഴയുണ്ടായിരുന്നതിനാല്‍ വെടിക്കെട്ടുകാരുടെ തിടുക്കമാണ് അപകടത്തിന് കാരണമായത്. അപകടമുണ്ടാകാതിരിക്കുന്നതിനുള്ള മുന്‍കരുതലുകള്‍ സ്വീകരിച്ചിരുന്നതായി റിപ്പോര്‍ട്ടിലുണ്ട്. വെടിക്കെട്ട് നടത്തിയ സ്ഥലത്തു നിന്നും മൂന്ന് ഭാഗങ്ങളിലേയ്ക്ക് കുറ്റികള്‍ തെറിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഒരെണ്ണം സമീപത്തുള്ള വര്‍ക്കിംങ് വിമന്‍സ് ഹോസ്റ്റലിന്റെ രണ്ടാം നിലയിലാണ് എത്തിയത്.
കെട്ടിടത്തിന്റെ ജനല്‍ ഗ്ലാസുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ഇവിടെ ആളുകള്‍ ഇല്ലാതിരുന്നതിനാല്‍ അപകടം ഒഴിവായി. രണ്ടാമത്തേത് ഒരെണ്ണം ആളുകള്‍ ഇല്ലാതിരുന്ന ഭാഗത്തുമാണ് വീണത്. ജില്ലാ പൊലീസ് മേധാവി എംപി ദിനേശ്, പാലാ ഡിവൈഎസ്പി സുനീഷ് ബാബു, ഈരാറ്റുപേട്ട സിഐ സി.ജി സനല്‍കുമാര്‍, എസ്ഐ സുരേഷ് കുമാര്‍ എന്നിവരുെട നേതൃത്വത്തില്‍ അന്വേഷണം തുടങ്ങി. സയന്റിഫിക് വിദഗ്ദ്ധര്‍, ബോംബ് സ്ക്വാഡ് എന്നിവരും പരിശോധന നടത്തി.
പുന്നത്തറ വെടിക്കെട്ട് കമ്പനി നടത്തിപ്പുകാരന് പളളി കമ്മറ്റിക്കാര് എന്നിവര്‍ക്കെതിരെ മനപൂര്‍വ്വമല്ലാത്ത നരഹത്യക്ക് ഈരാറ്റുപേട്ട പോലീസ് കേസെടുത്തു.
നരഹത്യയ്ക്ക് കേസെടുക്കണമെന്ന്
കോട്ടയം: അരുവിത്തുറയിലെ വെടിക്കെട്ട് അപകടത്തിന്റെ ഉത്തരവാദികളായ പാലാ ആര്‍ഡിഒയ്ക്കും ഇടവക കമ്മറ്റിക്കാര്ക്കുമെതിരെ നരഹത്യയ്ക്ക് കേസെടുക്കണമെന്ന് ഒ.സി. കുര്യാക്കോസ് പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. പതിനഞ്ചു വര്‍ഷങ്ങള്‍ക്കുമുമ്പ് ഹൈക്കോടതി ഇടപെട്ടതിനെത്തുടര്‍ന്നാണ് സെന്റ് ജോര്‍ജ്ജ് ഫൊറോന പള്ളിയിലെ പെരുന്നാളിനോടനബുന്ധിച്ചുള്ള വെടിക്കെട്ട് സ്റ്റേഡിയത്തിലേക്ക് മാറ്റിയത്. ഈ ആവശ്യത്തിനായി കോടതിയെ സമീപിച്ചതും ഒ.സി.കുര്യാക്കോസ് തന്നെയായിരുന്നു. ഈ വര്‍ഷത്തെ പെരുന്നാളിന് പള്ളിയോടു ചേര്‍ന്നുള്ള കുരിശിന്‍തൊട്ടിയില്‍ വെടിക്കെട്ട് നടത്താന്‍ ഇടവക കമ്മറ്റി തീരുമാനമെടുത്തപ്പോള്‍തന്നെ ഇടവകാംഗം കൂടിയായ കുര്യാക്കോസ് അതിനെതിരെ രംഗത്തുവന്നിരുന്നു. കഴിഞ്ഞ 17ന് പാലാ ആര്‍ഡിഒയ്ക്ക് പരാതി നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ ഇതിലൊരു നടപടിയും സ്വീകരിക്കാന്‍ അധികൃതര്‍ തയ്യാറായില്ല. ഇടവക കമ്മറ്റിക്കാര് പെരുന്നാള്‍ കഴിഞ്ഞാല്‍ കുര്യാക്കോസിന്റെ കാല് തല്ലിയൊടിക്കുമെന്ന് ഭീഷണിപ്പെടുത്തിയിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. കോടതി നിര്‍ദ്ദേശത്തെ അവഗണിച്ചും അപകടം മുന്‍കൂട്ടി സൂചിപ്പിച്ച് പരാതി നല്‍കിയിട്ടും നടപടി സ്വീകരിക്കാതിരുന്ന പാലാ ആര്‍ഡിഒയെയും ഇടവക കമ്മറ്റി അംഗങ്ങളെയും പ്രതിചേര്‍ത്ത് നരഹത്യയ്ക്ക് കേസെടുക്കണമെന്ന് ഒ.സി. കുര്യാക്കോസ് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: