കൂത്താട്ടുകുളം: കേന്ദ്ര സര്‍ക്കാരിന്റെ ദേശീയ കുടുംബ ക്ഷേമ പദ്ധതി ഫണ്ട് വകമാറ്റി ചെലവഴിച്ച് സംസ്ഥാനസര്‍ക്കാര്‍ ക്രൂരത കാട്ടുന്നതായി ആക്ഷേപം. േകന്ദ്ര സര്‍ക്കാരിന്റെ ദേശീയ കുടുംബ ക്ഷേമ പദ്ധതി പ്രകാരം അപകടമരണം സംഭവിക്കുന്ന കുടുംബങ്ങളിലെ ആശ്രിതര്‍ക്ക് നല്‍കിവരുന്ന അടിയന്തര ധനസഹായമാണ് യഥാസമയം നല്‍കാതെ ഉദ്യോഗസ്ഥര്‍ ഫണ്ട് വകമാറ്റി ചെലവഴിക്കുന്നതുമൂലം കഴിഞ്ഞ ഒന്നര വര്‍ഷത്തോളമായി മൂവാറ്റുപുഴ താലൂക്കില്‍ മാത്രം രണ്ടായിരത്തിനുമേല്‍ അപേക്ഷകരെ വട്ടം ചുറ്റിക്കുന്നത്.
നിര്‍ധന കുടുംബങ്ങളിലെ ഗൃഹനാഥന് അപകടമരണം സംഭവിച്ചാല്‍ ആശ്രിതര്‍ക്ക് നല്‍കിവരുന്ന അടിയന്തര ധനസഹായമാണ് ദേശീയ കുടുംബക്ഷേമ പദ്ധതി. ഗുണഭോക്താക്കള്‍ ഈ ധനസഹായം ലഭ്യമാക്കുന്നതിന് നല്കുന്ന അപേക്ഷയോടൊപ്പം അകാല മരണമടഞ്ഞ വ്യക്തിയുടെ ജനനസര്‍ട്ടിഫിക്കറ്റ് മുതല്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്, വരുമാന സര്‍ട്ടിഫിക്കറ്റ്, തിരിച്ചറിയല്‍ രേഖ, അവകാശികളാരെന്ന സര്‍ട്ടിഫിക്കറ്റ് എന്നിവയടക്കം വിവിധങ്ങളായ നിരവധി രേഖകള്‍ വില്ലേജ് ഓഫീസില്‍ ഹാജരാക്കണം.
ഇതിനെത്തുടര്‍ന്ന് ഈ രേഖകള്‍ പരിശോധിക്കുന്നതിനോടൊപ്പം നേരിട്ട് സ്ഥലത്തെത്തി അന്വേഷണം നടത്തി ബന്ധപ്പെട്ട താലൂക്ക് തഹസീല്‍ദാര്‍ക്ക് നല്കുന്ന റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് തഹസീല്‍ദാരുടെ വീണ്ടുമൊരു പരിശോധനയ്ക്ക് ശേഷം ജില്ലാ കളക്ടര്‍ക്ക് ഈ അപേക്ഷ പരിഗണിക്കണമെന്ന റിപ്പോര്‍ട്ട് നല്‍കുകയാണ് പതിവ്. ഇതിനെത്തുടര്‍ന്ന് കളക്ടര്‍ ബന്ധപ്പെട്ട അപേക്ഷയിന്മേല് തുക അനുവദിക്കും.
കേന്ദ്ര സര്‍ക്കാര്‍ ആവഷ്കരിച്ച് നടപ്പിലാക്കിയിട്ടുള്ള വിവിധങ്ങളായ ജനക്ഷേമ പദ്ധതികള്‍ രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായി പലതും സംസ്ഥാന സര്‍ക്കാരിനു കീഴിലുള്ള ഉദ്യോഗസ്ഥര്‍ അട്ടിമറിക്കുന്നതായി പരക്കെ ആക്ഷേപമുയര്ന്നിരിക്കുന്നതിനിടയിലാണ്, ദേശീയ കുടുംബ ക്ഷേമ പദ്ധതിയില്‍ അട്ടിമറിച്ച് നിര്‍ധന കുടുംബങ്ങളോട് ക്രൂരത കാട്ടുന്നതില്‍ വ്യാപകമായ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്.
കേന്ദ്ര സര്‍ക്കാരിന്റെ ജനക്ഷേമ പദ്ധതികള്‍ അട്ടിമറിക്കുന്ന ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നും ദേശീയ കുടുംബക്ഷേമ പദ്ധതി പ്രകാരം അര്‍ഹതപ്പെട്ടവര്‍ക്ക് നല്‍കിവരുന്ന അടിയന്തര ധനസഹായം ഉടന്‍ വിതരണം ചെയ്യണമെന്നും ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി എം.എന്‍. മധു ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: