കാലടി: ശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാലയില്‍ പട്ടികജാതി സംവരണം അട്ടിമറിച്ചതായി പരാതി. നടപടിക്കെതിരെ ബിജെപി പട്ടികജാതി വര്‍ഗ മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് ഷാജുമോന്‍ വട്ടേക്കാട് പരാതി നല്കി. ശ്രീ ശങ്കരാചാര്യ സര്‍വ്വകലാശാലയില്‍ പട്ടികജാതി വിഭാഗങ്ങള്‍ക്കുള്ള സംവരണം പാലിക്കാതെ സംവരണ ഒഴിവുകളില്‍ മറ്റു വിഭാഗങ്ങള്‍ക്കാണ് നിയമനം നല്‍കിയിട്ടുള്ളതെന്ന് പരാതിയില്‍ പറയുന്നു.
1998ല്‍ 185 അദ്ധ്യാപകരെ സ്ഥിരനിയമനം നടത്തിപ്പോള്‍ പട്ടികജാതി വിഭാഗത്തില്‍ നിന്ന് 10 പേര്‍ക്കാണ് നിയമനം നല്‍കിയത്. തുടര്‍ന്ന് 12 വര്‍ഷത്തിന്ശേഷം 4 പേര്‍ക്ക് കൂടി നിയമനം നല്കി. അതേസമയം പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ നിന്ന് ആരുമില്ല. ഇവിടെ ജോലി ചെയ്തിരുന്ന പട്ടികവര്‍ഗ വിഭാഗക്കാരെ ഡിപ്പാര്‍ട്ട്മെന്റ് അടച്ചുപൂട്ടി പറഞ്ഞുവിടുകയാണ് ചെയ്തത്.
സര്‍വ്വകലാശാലയിലെ 4 സ്റ്റാറ്റിയൂട്ടറി ഓഫീസര്‍മാരെയും 9 ഡീന്മാരെയും 23 ഡിപ്പാര്‍ട്ട്മെന്റ് തലവന്മാരെയും 9 ക്യാമ്പസ് ഡയറക്ടര്‍മാരെയും നിയമിച്ചതില്‍ ഒരു പട്ടിക ജാതിക്കാരനുമില്ല. ഹിസ്റ്ററി വിഭാഗം ഡിപ്പാര്‍ട്ട്മെന്റ് തലവന്‍ പദവി പട്ടികജാതി വിഭാഗത്തിനായി മാറ്റിവെച്ചിട്ടുള്ളതാണെങ്കിലും ഇവിടെ നിയമനം നടത്തിയിട്ടില്ല.
അതേസമയം യുജിസി നിശ്ചയിച്ച എംഎ, എംഫില്‍, നെറ്റ്, പിഎച്ച്ഡി യോഗ്യതയുള്ള പട്ടികജാതി വിഭാഗത്തില്പ്പെടുന്നയാള് 17 വര്‍ഷമായി ഇതേ വിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസറായി തുടരുന്നു.ഒരുവര്‍ഷത്തെ പിജി സര്‍വ്വീസ് പോലും ഇല്ലാത്തവരാണ് പല ഡിപ്പാര്‍ട്മെന്റിലും തലവന്മാരായി തുടരുന്നത്. സംസ്കൃതത്തിന് 85 സ്ഥിരം അദ്ധ്യാപകരാണ് ഉള്ളത്. ഇതില്‍ പട്ടികജാതി വിഭാഗത്തില്‍ 4 പേര് മാത്രമാണുള്ളത്. ഇവര്‍ക്ക് സ്ഥാനകയറ്റം നല്കാത്തതിനാല് 18 വര്‍ഷമായി അസിസ്റ്റന്‍സ് പ്രൊഫസര്‍മാരായി തുടരുകയാണ്.
സാഹിത്യവിഭാഗ തലവനായ പ്രൊഫസര്‍ക്ക് രണ്ട് വര്‍ഷത്തെ പിജി സര്‍വ്വീസും വേദാന്ത വിഭാഗം തലവനായ പ്രൊഫസര്‍ക്ക് ഒന്നര വര്‍ഷത്തെ പിജി സര്‍വ്വീസും വ്യാകരണവിഭാഗം തലവനായ പ്രൊഫസര്‍ക്ക് ഒന്നര വര്‍ഷത്തെ പിജി സര്‍വ്വീസുമാണുള്ളത്. എന്നാല്‍ ന്യായ വിഭാഗത്തിന് 18 വര്‍ഷം യോഗ്യതയുള്ളയാള്‍ പട്ടികജാതി വിഭാഗത്തില്‍പ്പെടുന്ന വ്യക്തിയായതിനാല്‍ ആ പദവിയില്‍ നിയമനം നടത്താതെ ഒഴിഞ്ഞു കിടക്കുകയാണ്.
നിലവിലെ പ്രൊഫസര്‍മാരില്‍ ഒരാള്‍പോലും പട്ടികജാതിക്കാരനില്ല. 106 അസോസിയേറ്റ് പ്രൊഫസര്‍മാരില്‍ പട്ടികജാതിക്കാര്‍ 4 പേര് മാത്രം. 68 അസി.പ്രൊഫസര്‍മാരില്‍ പട്ടികജാതിക്കാര്‍ 10 പേര് മാത്രമാണുള്ളത്. സംസ്കൃത സര്‍വ്വകലാശാലയില്‍ യുജിസി നിശ്ചയിച്ച യോഗ്യതയില്ലാത്തവരാണ് ഭൂരിഭാഗവും.
സംസ്കൃത സര്‍വ്വകലാശാലയില്‍ ഉന്നതവിദ്യാഭ്യാസ യോഗ്യത നേടിയ പട്ടിക ജാതി വര്‍ഗ്ഗ വിഭാഗക്കാര്‍ ഉള്ളപ്പോള്‍ ഒഴിഞ്ഞുകിടക്കുന്ന തസ്തികകളില്‍ പട്ടികജാതികാര്‍ക്ക് ദിവസ വേതന അടിസ്ഥാനത്തിലാണ് നിയമനം നടത്തിയിട്ടുള്ളത്. 2014 ജൂണ്‍ മാസം മുതല്‍ വൈസ് ചാന്‍സലര്‍ നടത്തിയ നിയമനങ്ങളായ ലൈബ്രറേറിയന്‍, അസോസി. പ്രൊഫ, രജിസ്റ്ററാര്‍, വിസിറ്റിംഗ് പ്രൊഫസര്‍ എന്നീ നിയമനങ്ങളിലും പട്ടികജാതി സംവരണം പാലിച്ചിട്ടില്ല.
യൂണിവേഴ്സിറ്റി ഗ്രാന്റ് കമ്മീഷന് നിശ്ചയിച്ച മാനദണ്ഡങ്ങള്‍ക്കും സര്‍വ്വകലാശാല ചട്ടങ്ങള്‍ക്കും വിരുദ്ധമായിട്ടാണ് സര്‍വ്വകലാശാലയിലെ പ്രവര്‍ത്തനങ്ങളെന്നും ഇതിനെക്കുറിച്ച സമഗ്രമായ അന്വേഷണം നടത്തണമെന്നും ഷാജുമോന്‍ വട്ടേക്കാട് നല്കിയ പരാതിയില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: