പാബ്ലോ നെരൂദ, സില്‍വിയപ്ലാത്ത്, ഫ്രെഡിറിക് ഡഗ്ലസ്, കമലാദാസ്, വിജയലക്ഷ്മി പണ്ഡിറ്റ് തുടങ്ങിയ 15 എഴുത്തുകാരുടെ കൂട്ടത്തില്‍ ഒരു ഇബ്രാഹിം-അല്റുബായിഷും. ആരും നെറ്റി ചുളിച്ചില്ല. കവിയല്ലേ, കവിതയല്ലെ, പഠിക്കട്ടെ, വളരട്ടെ എന്ന് പലരും കരുതി. കാലിക്കറ്റ് സര്‍വകലാശാല 2013 ല്‍ ബിരുദ വിദ്യാര്‍ത്ഥികള്‍ക്കായി തയ്യാറാക്കിയ ലിറ്ററേച്ചര്‍ ആന്റ് കണ്ടമ്പററി ഇഷ്യൂസ് എന്ന പുസ്തകത്തിലാണ് ഇബ്രാഹിമിന്റെ ഓഡ് ടു ദ സീ എന്ന കവിത. കവിത പഠിച്ചാല്‍ പോരേ കവിയെക്കുറിച്ചെന്തിന് വേവലാതിപ്പെടണമെന്ന് പറഞ്ഞ് അടക്കിയിരുത്താന്‍ നോക്കിയവരുടെ തലക്കുമുകളിലൂടെ ചിലര്‍ ഇബ്രാഹിമിന്റെ ജാതകവും കുടികിട സര്‍ട്ടിഫിക്കറ്റും കൈക്കലാക്കി.
പേനയല്ല, തോക്കേന്തിയ കരങ്ങള്‍
അപ്പോഴാണ് കവിയുടെ യഥാര്‍ത്ഥ ചിത്രം പുറത്തുവന്നത്. അല്‍ഖ്വയ്ദ പോരാളിയായി ജിഹാദിന്റെ വഴിയില്‍ തീതുപ്പി നടന്ന 36 കാരന് അമേരിക്കയുടെ പിടിയിലായ കഥ. 2001 മുതല്‍ 2006 വരെ ഗ്വാണ്ടനാമോ ജയിലില്‍.
2006 ല്‍ ഡിസംബറില്‍ മോചിതനാവുന്നു. പിന്നീട് സൗദി അറേബ്യയിലേക്ക് കടക്കുന്നു. ശരീയത്തിലെ ബിരുദമാണ് ഏക വിദ്യാഭ്യാസ യോഗ്യത. മഹാകാവ്യങ്ങള്‍ മറ്റൊന്നും രചിച്ചതായി അറിവില്ല. ജയലില്‍ നിന്ന് കുറിച്ചതാണ് കടലിനോടുള്ള കവിത. ഇബ്രാഹിം സുലൈമാന്‍ മുഹമ്മദ് അറ്ബായ്ഷ് എന്നാണ് മുഴുവന്പേര്. 1979 ജുലൈ 7ന് സൗദി അറേബ്യയില്‍ ജനിച്ച ഇബ്രാഹിമിന്റെ കൈയില്‍ പേനയേക്കാള്‍ കൂടുതല്‍ ഉണ്ടായിരുന്നത് തോക്കുകളായിരുന്നു.
അവിശ്വാസികളുടെ കൈയിലകപ്പെടുന്നതിനേക്കാള് നരകമാണ് നല്ലതെന്ന് പറയുന്ന ഇബ്രാഹിം പാപത്തെക്കുറിച്ചും കാഫിറുകളെക്കുറിച്ചുമൊക്കെയാണ് കവിതയില്‍ ഏറെ പ്പറയുന്നത്.
കാലിക്കറ്റ് സര്‍വകലാശാല സിലബസില്‍ ബിരുദവിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാന്‍ എന്ത് സന്ദേശമാണ് കവിതയും കവിയും നല്കുന്നതെന്നുമുള്ള ചോദ്യമുയര്‍ന്നപ്പോഴാണ് സര്‍വകലാശാല അധികൃതരുടെ യഥാര്‍ത്ഥ മുഖം പുറത്താവുന്നത്.
ഭീകരനുവേണ്ടി തെളിഞ്ഞത് സ്നേഹജ്വാല
ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ വായ്ത്താരികള്‍ മുഴങ്ങി. സാമ്രാജ്യത്വ വിരുദ്ധപോരാട്ടത്തിന്റെ വിശുദ്ധ പോരാളിയായി അല്‍ ഖ്വയ്ദ ഭീകരന് വാഴ്ത്തപ്പെട്ടു. എതിര്പ്പുയര്ത്തിയവര്ക്കെതിരെ, സവര്‍ണവര്‍ഗീയ ഹിന്ദുഫാസിസ്റ്റ്, പിന്തിരിപ്പന് തുടങ്ങി ഒരു വായില്‍ കൊള്ളാത്ത പതിവു വിശേഷണങ്ങള്‍.
പിന്നീട് സര്‍വകലാശാലയിലും മലബാറിലും അരങ്ങേറിയ പൊറാട്ടു നാടകങ്ങള്‍ എന്തൊക്കെ? കവിത മലയാളത്തിലാക്കി ചിലര്‍, പോക്കറും കുഞ്ഞഹമ്മദും പരിചമുട്ടുകളിയുമായി രംഗത്തിറങ്ങി. സര്‍വകലാശാലയില്‍ ചങ്ങലകള്‍, ഒപ്പുസാക്ഷ്യങ്ങള്, കൂട്ടപ്രാര്‍ത്ഥനകള്‍, സമീപത്തെ പെട്ടിക്കടകളിലെ മെഴുകുതിരികള്‍ മുഴുവന്‍ വിറ്റുതീര്‍ന്നു- ‘സ്നേഹജ്വാലകള്‍’ കത്തിയമര്‍ന്നു.
എതിര്‍ത്തുനിന്നവരും പകച്ചുപോകുന്ന പന്തീരടി പ്രയോഗങ്ങള്‍. ഭീകരവാദിയെന്ന് മുദ്രകുത്തി ‘ഫാസിസ്റ്റു’കള്‍ ന്യൂനപക്ഷങ്ങളെ വേട്ടയാടുന്നതിന്റെ ഉദാഹരണമായി സംഭവം ചിത്രീകരിക്കപ്പെട്ടു.
ചര്‍ച്ച ചെയ്യാന്‍ അക്കാദമിക് കൗണ്‍സിലും സിന്‍ഡിക്കേറ്റും യോഗം ചേര്‍ന്നു. ഇടതു സിന്റിക്കേറ്റംഗങ്ങള്‍ക്ക് ഭൂരിപക്ഷമുള്ളപ്പോഴാണ് കവിത പഠിപ്പിക്കാന്‍ തീരുമാനമെടുത്തത്. ഇടതു സഹയാത്രികരായ എംഇഎസ് പൊന്നാനി കോളജിലെ ടി. വൈ.അരവിന്ദാക്ഷനും ചാലക്കുടി പനമ്പള്ളി മെമ്മോറിയല്‍ ഗവണ്മെന്റ് കോളജിലെ സി.ആര്. മുരുകന് ബാബുവുമാണ് എഡിറ്റര്‍മാരായി പണിയെടുത്തത്.
കവിത പഠിപ്പിക്കണമെന്ന ആവശ്യവുമായി സിന്‍ഡിക്കേറ്റ് യോഗത്തില്‍ ഇടത് മുസ്ലിം ഐക്യം പൊരുതി മുന്നേറി. മറ്റൊരു ഖിലാഫത്തിന്റെ ആഹ്വാനം. കോണ്‍ഗ്രസ് വിമത വിഭാഗത്തിലെ അറിയപ്പെടുന്ന മുതിര്‍ന്ന ചില അംഗങ്ങള്‍ മറുപക്ഷത്തായത് ലീഗ്-സിപിഎം സഖ്യത്തിന് തിരിച്ചടിയായി. യോഗത്തിന് പുറത്ത് ഹിന്ദുത്വ ശക്തികള്‍ ഉയര്‍ത്തുന്ന വെല്ലുവിളികളെ നേരിടാം. ഇവരെ എങ്ങനെ നേരിടുമെന്നറിയാതെ ലീഗ്-സിപിഎം നേതൃത്വം കുഴങ്ങി.
മുസ്ലിംലീഗ് അനുകൂല അദ്ധ്യാപകസംഘടനയുടെ സംസ്ഥാന പ്രസിഡന്റ് ഡോ. സൈനുല്‍ ആബിദ് കോട്ട അല്‍ ഖ്വയ്ദ ഭീകരന് അനുകൂലമായി പ്രമേയം അവതരിപ്പിച്ചു. മുസ്ലിം ലീഗിലെ മുജാഹിദ് നോമിനിയായ അബ്ദുറഹിമാന് സലഫി, എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് ടി.പി. അഷറഫ് അലി എന്നിവര്‍ ഭീകരവാദ കവിതയെ യോഗത്തില്‍ പരസ്യമായി അനുകൂലിച്ചു.
ഇടതുനേതാവായ ഡോ. എം.വി. നാരായണന്, മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി ടി.വി. ഇബ്രാഹിം, എന്നിവരൊക്കെ യോഗത്തില്‍ ഇബ്രാഹിം റുബായിഷിന്റെ കവിത പഠിപ്പിക്കണമെന്നു കട്ടായം പറഞ്ഞു. മുസ്ലിം ലീഗിന്റെ നോമിനിയായ വിസി കുഴഞ്ഞു. പഠനസമിതിക്ക് രൂപം നല്കി തല്ക്കാലം രക്ഷപ്പെടാനായിരുന്നു തീരുമാനം. ഭാഷാ വിഭാഗം ഡീന്‍ ഡോ. എം.എം. ബഷീറിനെ ഇതിലേക്കായി ചുമതലപ്പെടുത്തുകയും ചെയ്തു. ഇദ്ദേഹം സമര്‍പ്പിച്ച റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് കവിത പഠിപ്പിക്കേണ്ടതില്ലെന്ന് തീരുമാനിച്ചത്.
ഭീകരനെ വാഴ്ത്തിയവര്‍ മൗനത്തിലോ?
സച്ചിദാനന്ദന് മുതല്‍ കെ.ഇ.എന്‍. കുഞ്ഞഹമ്മദ് വരെയും എസ്എഫ് ഐ മുതല്‍ എംഎസ്എഫ് വരെയും ആവിഷ്കാരസ്വാതന്ത്ര്യത്തിന്റെ അലമുറയിട്ടുകൊണ്ട് ഗ്വാണ്ടനാമോ ജയിലിനുള്ളിലെ കവിതയുടെ മനോഹാരിത പാടിപ്പുകഴ്ത്തി. കവിയെ ഭീകരനാക്കിയെന്ന് ആക്ഷേപിച്ച് എതിര്‍ത്തവരെ പുലഭ്യം പറഞ്ഞു.
ഇന്ന് അവരാരെയും കാണുന്നില്ല. അല്‍ഖ്വയ്ദ ഓണ്‍ലൈനില്‍ പുറത്തുവിട്ട വിവരപ്രകാരം അമേരിക്കയുടെ പൈലറ്റില്ലാ വിമാനത്തിന്റെ ബോംബാക്രമണത്തില്‍ ഇബ്രാഹിം അല്‍റുബായിഷ് എന്ന ഭീകരന് കൊല്ലപ്പെട്ടിരിക്കുന്നു.
ഇസ്ലാമിക ഭീകരത ഉന്നം വെച്ച പ്രധാന രാഷ്ട്രങ്ങള്‍ അമേരിക്കയും ഇസ്രായേലും ഭാരതവുമാണ്. ഭീകരവാദത്തിന്റെ കുന്തമുനകളെ അമേരിക്ക നേരിട്ടതും നമ്മുടെ നാട് നേരിട്ടതും എങ്ങനെയെന്ന് വിലയിരുത്തേണ്ടതുണ്ട്. ഭീകരവാദിയുടെ കവിത പിന്‍വലിക്കണമെന്ന ആവശ്യത്തെപ്പോലും മുസ്ലിം വേട്ടയായി ചിത്രീകരിക്കുകയാണ് കാലിക്കറ്റ് സര്‍വകലാശാലയും കേരളത്തിലെ ഇടതു മുസ്ലിം ബുദ്ധിജീവികളും ശ്രമിച്ചത്.
ഭീകരാക്രമണത്തിന്റെ നാനാ വഴികള്‍ നാടിനെ പിടിച്ചുകുലുക്കുമ്പോള്‍ സര്‍വ്വകലാശാല പാഠ്യപദ്ധതികളില്‍ പോലും അത് ചെന്നെത്തുന്നു. തസ്ലിമാ നസ്രീന്റെ പ്രവാസജീവിതമോ എഴുത്തുകളോ ഇവിടെ പാഠ്യവിഷയമാകില്ല. നവോത്ഥാനത്തിന്റെ ശുദ്ധവായു ഇസ്ലാമികമതത്തിന്റെ കോട്ടകൊത്തളങ്ങളിലേക്ക് കടത്തിവിടാന്‍ ശ്രമിച്ച ചേകന്നൂര്‍ മൗലവിയുടെ രക്തസാക്ഷിത്വമോ പഠനങ്ങളോ ഇവിടെ സിലബസില്‍ കാണാനാകില്ല.
സല്മാന് റുഷ്ദിയുടെ എഴുത്തിന് കാലിക്കറ്റില്‍ അക്കാദമിയില്‍ മൂല്യമില്ല. തടവറയില്‍ നിന്ന് സ്വാതന്ത്ര്യം സ്വപ്നം കാണുകയും ഭാരതചരിത്രത്തിന്റെ അറിയപ്പെടാത്ത ഏടുകളിലേക്ക് യാത്ര തിരിക്കുകയും ചെയ്ത സവര്‍ക്കര്‍ അവിടെ അനഭിമതനാണ്.
സൗദി അറേബ്യന്‍ പൗരന്, അല്‍ഖ്വയ്ദ നേതാവ്, ഗ്വാണ്ടനാമോ ജയിലില്‍ നിന്നെഴുതിയ കവിത, കാഫിറും പാപവും ചര്‍ച്ച വിഷയമാക്കുന്ന കവിത പാഠഭാഗമായതെങ്ങനെ? ഇതിനെക്കുറിച്ചുള്ള അന്വേഷണമാണ് കേരളം ഇന്നെവിടെ എത്തി നില്‍ക്കുന്നുവെന്നതിന്റെ യഥാര്‍ത്ഥ ചിത്രം പുറത്തെത്തിക്കുക. ആ അന്വേഷണം മാത്രമാണ് ഇവിടെ പരിധിക്ക് പുറത്തുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: