കൊച്ചി: കഴിഞ്ഞ സാമ്പത്തികവര്‍ഷം വെള്ളക്കരം ഇനത്തില്‍ ജല അതോറിറ്റി 45.36 കോടിരൂപ സമാഹരിച്ചു. റവന്യു വരുമാനത്തില്‍ എക്കാലത്തേയും ഉയര്‍ന്ന വരുമാനമാണിത്. എറണാകുളം പിഎച്ച് ഡിവിഷനുകീഴില്‍ പള്ളിമുക്ക്, കലൂര്‍, വൈറ്റില, കരുവേലിപ്പടി എന്നീ നാല് സബ്ഡിവിഷനുകളില്നിന്നാണ് ഇത്രയും തുക സമാഹരിക്കാനായത്.
വാട്ടര്‍ കണക്ഷന് വിച്ഛേദിക്കല്‍ കര്‍ശനമാക്കിയതും സ്പോര്‍ട്ട് ബില്ലിംഗ് നടപ്പാക്കിയതും റവന്യു വരുമാനം കൂടാന്‍ ഇടയായി. റവന്യു അദാലത്ത് നടത്തി പരാതികള്‍ മുഴുവന്‍ പരിഹരിച്ചതും റവന്യു വരുമാനം കൂടാന്‍ സഹായിച്ചു. 2015 മാര്‍ച്ച് മാസത്തോടുകൂടി പ്രതിമാസ വരുമാനം 5.62 കോടി രൂപയിലെത്തി.
റവന്യു അദാലത്തിനെ തുടര്‍ന്ന് താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്ന വാട്ടര്‍ കണക്ഷന് വിച്ഛേദിക്കല്‍ 20-ാം തീയതി മുതല്‍ പുനരാരംഭിക്കും. വെള്ളക്കരം കുടിശികയുള്ളതും കേടായ വാട്ടര്‍ മീറ്റര്‍ മാറ്റിവയ്ക്കാത്തതുമായ കൊച്ചി കോര്പ്പറേഷന്, ചേരാനെല്ലൂര്‍, കടമക്കുടി, മുളവുകാട്, ചെല്ലാനം, കുമ്പളങ്ങി പഞ്ചായത്ത് എന്നിവിടങ്ങളിലെ വാട്ടര്‍ കണക്ഷനുകളാണ് വിച്ഛേദിക്കുന്നത്. റവന്യു അദാലത്ത് നടത്തി പരാതി സമര്‍പ്പിച്ച മുഴുവന്‍ ഉപഭോക്താക്കള്‍ക്ക് അര്‍ഹമായ ഇളവുകള്‍ നല്‍കുകയും ആവശ്യപ്പെട്ട മുഴുവന്‍ ഉപഭോക്താക്കള്‍ക്ക് തവണകളായി അടയ്ക്കാന്‍ അനുവാദം നല്‍കുകയും ചെയ്തതിനാല്‍ വാട്ടര്‍ കണക്ഷന് വിച്ഛേദിച്ചാല്‍ ഇനിമുതല്‍ തവണകളായി പണമടയ്ക്കാന്‍ അനുവദിക്കില്ല
. വാട്ടര്‍ കണക്ഷന് വിച്ഛേദിച്ചാല്‍ മുഴുവന്‍ തുകയും അടയ്ക്കാതെ വാട്ടര്‍ കണക്ഷന് പുനഃസ്ഥാപിച്ചു നല്കുകയില്ല.
മുളവുകാട് പഞ്ചായത്തില്‍നിന്നും അദാലത്തില്‍ അപേക്ഷ സമര്‍പ്പിച്ച അര്‍ഹതപ്പെട്ട മുഴുവന്‍ ഉപഭോക്താക്കള്‍ക്കും മിനിമംതുക മാത്രം ഈടാക്കി വെള്ളക്കരം കുറച്ചുനല്‍കി. ഏകദേശം 65 ലക്ഷത്തോളം രൂപയാണ് മുളവുകാട് പഞ്ചായത്തിലെ വാട്ടര്‍ കണക്ഷനുകളില്‍നിന്ന് മാത്രം വാട്ടര്‍ അതോറിറ്റിക്ക് ലഭിക്കാനുള്ളത്. കുടിവെള്ളത്തിന്റെ വില ഏറ്റവും കൂടുതല്‍ മനസ്സിലാക്കിയ മുളവുകാട്, കടമക്കുടി പഞ്ചായത്തുകളിലാണ് ഏറ്റവും കൂടുതല്‍ ജല ദുരുപയോഗം നടക്കുന്നത്. മുളവുകാട് പഞ്ചായത്തിലേയും കടമക്കുടി പഞ്ചായത്തിലേയും വെള്ളക്കരം കുടിശികവരുത്തിയതും കേടായ വാട്ടര്‍ മീറ്റര്‍ മാറ്റിവയ്ക്കാത്തതുമായ മുഴുവന്‍ കണക്ഷനുകളും വിച്ഛേദിക്കും. അനധികൃത ഉപയോഗങ്ങള്‍ക്ക് പിഴചുമത്തും.
രണ്ടുമാസത്തിലൊരിക്കല്‍ മീറ്റര്‍ റീഡിങ്, സ്പോട്ട് ബില്ലിങ് എന്നിവ നിര്‍ബന്ധമാക്കി പിഴയോടുകൂടി പണമടയ്ക്കാനുള്ള പ്രവൃത്തിദിവസം കഴിഞ്ഞാല്‍ പിറ്റേ പ്രവൃത്തിദിവസംതന്നെ കര്‍ശനമായി വാട്ടര്‍ കണക്ഷന് വിച്ഛേദിക്കാനുമുള്ള നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്. കുടിശിക തീര്‍പ്പാക്കി വാട്ടര്‍ കണക്ഷന് വിച്ഛേദിക്കല്‍, റവന്യു റിക്കവറി തുടങ്ങിയ നടപടികളില്‍നിന്നും ഒഴിവാകണമെന്ന് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: