കോട്ടയം: വരള്‍ച്ച രൂക്ഷമായതോടെ ജില്ലയില്‍ കുടിവെള്ളം കിട്ടാനില്ലാതായി. എന്നാല്‍ വാട്ടര്‍ അതോറിട്ടിയുടെ അനാസ്ഥ മൂലം പ്രതിദിനം നഷ്ടപ്പെടുന്നത് ലക്ഷക്കണക്കിന് ലിറ്റര്‍ ശുദ്ധജലമാണ്. ഒരു ലിറ്റര്‍ വെള്ളം ശുദ്ധീകരിച്ച് വീടുകളില്‍ എത്തിക്കാന്‍ അതോറിട്ടിക്ക് ഏകദേശം പത്തുരൂപ ചെലവ് വരുന്നു. അത്തരത്തില്‍ ശുദ്ധീകരിച്ച വെള്ളമാണ് ആര്‍ക്കും പ്രയോജനമില്ലാതെ നഷ്ടപ്പെടുന്നത്.
ജനങ്ങള്‍ ദൈനംദിന ആവശ്യങ്ങള്‍ക്കുള്ള വെള്ളം സ്വകാര്യ വിതരണക്കാരില്‍ നിന്നും പണംകൊടുത്തു വാങ്ങുകയാണ്. ചില സ്ഥലങ്ങളില്‍ ഇത്തരത്തില്‍ ലഭിക്കുന്ന വെള്ളത്തിന്് തോന്നിയ വിലയാണ് ഈടാക്കുന്നത്. ഈ വെള്ളമാകട്ടെ എവിടെനിന്നെടുക്കുന്നുവെന്നോ ഉപയോഗയോഗമാണോയെന്നോ ആര്‍ക്കുമറിയില്ല. സര്‍ക്കാര്‍ ഏജന്‍സികള്‍ ഇതൊന്നും അന്വേഷിക്കാറുമില്ല. മീനച്ചിലാറ്റില്‍ മാലിന്യം നിക്ഷേപിച്ചിരിക്കുന്ന സ്ഥലത്തുനിന്നുതന്നെ ടാങ്കര്‍ ലോറിയിലേക്ക് വെള്ളംശേഖരിക്കുന്നത് ജന്മഭൂമി നേരത്തെ റിപ്പോര്‍ട്ടു ചെയ്തിരുന്നു. ഇത്തവണ വേനല്‍മഴ സാമാന്യം നല്ല നിലയില്‍ ലഭിച്ചതിനാലാണ് രൂക്ഷമായ കുടിവെള്ള പ്രശ്നം ഉണ്ടാകാത്തത്.
ജലഅതോറിട്ടി പൈപ്പ്ലൈനില്‍ യഥാസമയം അറ്റകുറ്റപ്പണികള്‍ നടത്താത്തുമൂലം കോടിക്കണക്കിനു രൂപയാണ് നഷ്ടമുണ്ടാകുന്നത്. കോട്ടയം ടൗണില്‍ വൈഎംസിഎ റോഡിലും, പാലസ് റോഡിലും, എല്‍ഐസി ഓഫീസിനു സമീപവും പുളിമൂട് ജങ്ഷനിലും കഞ്ഞിക്കുഴിയിലും പൈപ്പുപൊട്ടി വെള്ളം ഒഴുകാന്‍ തുടങ്ങിയിട്ട് മാസങ്ങളായി. കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിനു സമീപം ഇന്ത്യന്‍കോഫി ഹൗസിനു സമീപമുള്ള ഓടയുടെ സമീപം പൈപ്പ് പൊട്ടി കുടിവെള്ളം ഒഴുകുകയാണ്. ഓടയില്‍ നിന്നുള്ള മാലിന്യം ഈ പൊട്ടിയ കുഴലിലൂടെ ഉള്ളില്‍കടക്കുകയും ആവെള്ളം ഹോട്ടലുകള്‍ അടക്കമുള്ളസ്ഥാപനങ്ങളിലും വീടുകളിലും എത്തുമെന്ന ആശങ്കയിലാണ് ജനങ്ങള്‍.
പൈപ്പ് പൊട്ടി വെള്ളം പാഴാകുന്ന വിവരം ജലഅതോറിട്ടി അധികൃതരെ അറിയിച്ചാലും ആരും തിരിഞ്ഞുനോക്കാറില്ലെന്ന് നാട്ടുകാര്‍ പറയുന്നു. റോഡുകളില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്ന വിവരം അറിയിച്ചാലും അതോറിട്ടി അധികൃതര്‍ എത്തി പൈപ്പ് ലൈനുകള്‍ മാറ്റിക്കൊടുക്കാറില്ലെന്ന് പറയുന്നു. എന്‍എച്ച് 220ന്റെ ഭാഗമായ പുളിമൂട് ജങ്ഷന് അടക്കമുള്ള സ്ഥലങ്ങളിലെ പൈപ്പ് ലൈനുകള്‍ ഇപ്പോള്‍ ഓടയുടെ വശങ്ങളിലെ കോണ്ക്രീറ്റിനുള്ളിലായി. അതുകൊണ്ടുതന്നെ ഈ പൈപ്പ്ലൈനുകളില്‍ അറ്റകുറ്റപ്പണികള്സാദ്ധ്യമല്ലെന്നും വ്യാപാരികള്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: