പഞ്ചാരകൊല്ലി/(കല്‍പ്പറ്റ): മൂന്നാമത് അന്താരാഷ്‌ട്ര സൈക്ലിംഗ് മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ തായ്‌ലന്റുകാരന്‍ പിറാപോള്‍ ചാവ് ചിയാംഗ് വാംഗിന് തുടര്‍ച്ചയായ രണ്ടാം കിരീടം. കഴിഞ്ഞവര്‍ഷം പൊഴുതനയില്‍ നടന്ന മത്സരത്തില്‍ വിജയിച്ച വാംഗ് ഒരു മണിക്കൂര്‍ 13 മിനിറ്റ് സമയം കൊണ്ട് ലക്ഷ്യത്തിലെത്തിയാണ് ഇരട്ടകിരീടം സ്വന്തമാക്കിയത്.
ആദ്യ റൗണ്ടില്‍തന്നെ ലീഡ് കരസ്ഥമാക്കിയ വാംഗ് അഞ്ച് റൗണ്ടുകളിലും വ്യക്തമായ ആധിപത്യം നിലനിര്‍ത്തി. ന്യൂസിലന്റ് താരം റൊമാന്‍ വാന്‍ ഉഡാന്‍ രണ്ടാം സ്ഥാനവും ഫിലിപ്പയിന്‍സിന്റെ സുര്‍ബാന്‍ നിനോ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വിജയികള്‍ക്ക് യഥാക്രമം 1,50,000, 1,00,000, 50,000 രൂപയും ക്യാഷ് അവാര്‍ഡ് നല്‍കി.
വിവധ രാജ്യങ്ങളില്‍ നിന്നുള്ള 18 താരങ്ങളാണ് മത്സരത്തില്‍ പങ്കെടുത്തത്. ഇതോടൊപ്പം നടന്ന ദേശീയ സൈക്ലിംഗ് മത്സരത്തില്‍ ഹിമാചല്‍ പ്രദേശിന്റെ ദേവേന്ദ്ര കുമാര്‍ ഒന്നാം സ്ഥാനം നേടി. കര്‍ണ്ണാടകയുടെ കിരണ്‍ കുമാര്‍ രാജു രണ്ടാം സ്ഥാനവും ഇന്ത്യന്‍ ആര്‍മിയുടെ രമേഷ് ചന്ദ്ര ജോഷി മൂന്നാം സ്ഥാനവും നേടി. 64 കായിക താരങ്ങളാണ് ദേശീയ മത്സരത്തില്‍ പങ്കെടുത്തത്.
പ്രിയദര്‍ശിനി എസ്റ്റേറ്റില്‍ സംഘടിപ്പിച്ച മത്സരം ജന പങ്കാളിത്തം കൊണ്ടും സംഘാടന മികവ് കൊണ്ടും ഏറെ ശ്രദ്ധേയമായി. രാവിലെ മുതല്‍ അന്താരാഷ്‌ട്ര താരങ്ങളുടെ മത്സരം വീക്ഷിക്കുന്നതിന് ആയിരങ്ങളാണ് പഞ്ചാരക്കൊല്ലിയില്‍ എത്തിയത്. മത്സരത്തിനായി തയ്യാറാക്കിയ ട്രാക്കും അനുബന്ധ സൗകര്യങ്ങളും മികച്ച നിലവാരത്തിലുള്ളതാണെന്ന് പങ്കെടുത്ത അന്താരാഷ്‌ട്ര കായിക താരങ്ങള്‍ അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: