2008 ജൂലൈ മാസം 17, കര്‍ക്കടകം ഒന്ന്. അയോധ്യയിലെ ശ്രീരാമജന്മഭൂമിയില് പുലര്‍കാലത്ത് രാംലാലാ വിഗ്രഹത്തിന് മുമ്പില്‍ തൊഴുതു മടങ്ങുന്ന ഭക്തജനങ്ങള്‍ ശ്രീരാമസ്തുതി കേട്ട് കാതുകൂര്‍പ്പിച്ചു.
ശ്രീരാമ! രാമ രാമ! ശ്രീരാമചന്ദ്ര ജയ!
ശ്രീരാമ! രാമാ രാമാ ശ്രീരാമ ഭദ്ര ജയ
ബിര്‍ളാ മന്ദിരത്തിലെ രാമക്ഷേത്രാങ്കണത്തില് നിന്ന് പിന്നീടുയര്‍ന്നു കേട്ട വരികള്‍ അവരില്‍ ഭൂരിഭാഗം പേര്‍ക്കും മനസിലായില്ല.
ശ്രീരാമനാമം പാടി വന്ന പൈങ്കിളിപ്പെണ്ണേ!
ശ്രീരാമചരിതം നീ ചൊല്ലീടുമടിയാതെ….
അതെ, തുഞ്ചത്ത് എഴുത്തച്ഛന്റെ അധ്യാത്മരാമായണത്തിലെ വരികള്‍… അയോധ്യയുടെ മണ്ണില്‍ മലയാള ഭാഷാപിതാവിന്റെ രാമായണശീലുകള്‍. മലയാളം മഹിതമാക്കപ്പെട്ട ചരിത്രത്തിലെ അപൂര്‍വ്വ നിമിഷം. അധ്യാത്മരാമായണം സപ്താഹ മാതൃകയില്‍ ചിട്ടപ്പെടുത്തി ആധ്യാത്മികാചാര്യന് എ.കെ.ബി. നായരുടെ ആദ്യരാമായണ സപ്താഹവേദിയില്‍ നിന്നാണ് രാമായണശീലുകള്‍ ഉയര്‍ന്നു കേട്ടത്. മലയാളികളുടെ തീര്‍ത്ഥാടകസംഘമാണ് പരിപാടി സംഘടിപ്പിച്ചതെങ്കിലും കേള്‍ക്കാന്‍ പല ഭാഷക്കാര്‍, വേഷക്കാര്‍ ഒത്തുകൂടിയതോടെ വിശദീകരണം ഹിന്ദിയിലും ഇംഗ്ലീഷിലുമൊക്കെയാക്കേണ്ടി വന്നു. സരയുവിന്റെ കരയില്‍ ശ്രീരാമസന്നിധിയില്‍ മലയാളഭാഷയുടെ പ്രണാമം.
ദേശവും ഭാഷയും കടന്ന് രാമനെന്ന ഇതിഹാസപുരുഷന്റെ ചരിത്രം പല ഭാഷകളില്‍ പല കാലങ്ങളില്‍ പിറന്ന്, നാടിന്റെ ഐക്യസൂക്തങ്ങളിലൊന്നായി മാറിയ യാഥാര്‍ത്ഥ്യത്തിന് കേരളത്തിന്റെ അടിവര. ഭാഗവതത്തിന്റെ വഴിയില്‍ രാമായണം സപ്താഹച്ചിട്ടയിലൊരുക്കി ആദ്യമായി അവതരിപ്പിച്ച ആധ്യാത്മികാചാര്യന് എ.കെ.ബി. നായര്‍ക്ക് എഴുപതു തികയുന്നു. ശ്രേഷ്ഠസേവനത്തിന്റെ അരനൂറ്റാണ്ടും.
ഉദ്യോഗപര്‍വ്വം
സാമൂഹികശാസ്ത്രത്തിലും രാഷ്ട്രതന്ത്രത്തിലും ബിരുദധാരിയായ എ.കെ.ബി. നായര്‍ ആദായനികുതി വകുപ്പിലായിരുന്നു നാല്പതു വര്‍ഷം സേവനമനുഷ്ഠിച്ചത്. കാസര്‍കോട് നീലേശ്വരത്ത് ജനിച്ച് നീലേശ്വരം രാജാസ് ഹൈസ്കൂളിലും പാലക്കാട് വിക്ടോറിയ കോളേജിലും പഠിച്ച് പൂനെയില്‍ കോളജ് ഓഫ് മിലിറ്ററിയില്‍ അസി. ലൈബ്രേറിയനായിട്ടായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. പിന്നീട് ആദായനികുതി വകുപ്പില്‍ ക്ലാര്‍ക്കായി ജോലികിട്ടി. തന്റെ ആധ്യാത്മിക പഠനത്തിനും പ്രവര്‍ത്തനത്തിനും തടസ്സമാകുമെന്ന് കരുതി ഉദ്യോഗക്കയറ്റങ്ങളോട് മുഖം തിരിഞ്ഞുനിന്നു എ.കെ.ബി. നായര്‍. ഇന്‍കംടാക്സ് ഇന്‍സ്പെക്ടര്‍ എന്ന ജോലി ഏല്പിച്ചത് കടുത്ത മാസികസമ്മര്ദ്ദമായിരുന്നു. എന്നാല്‍ ആത്മീയജീവിതം നല്കിയ കരുത്ത് എപ്പോഴും പിടിവള്ളിയായി.
ആത്മീയ പര്‍വ്വം
പിറന്നുവീണ മണ്ണിലും കടന്നുപോന്ന വഴികളിലുടനീളവും നിറഞ്ഞുനിന്ന ആത്മീയതയുടെ സാന്നിധ്യമാണ് അരമന കാരാട്ട് ബാലഗംഗാധരന്‍ നായര്‍ എന്ന എ.കെ.ബി. നായരുടെ പിറവിക്ക് പിന്നില്‍. അച്ഛന് ആനിക്കല്‍ കണ്ണന് നായര്‍ മദ്രാസ് പ്രവിശ്യയിലെ പോലീസ് വകുപ്പില്‍ ഉദ്യോഗസ്ഥനായിരുന്നു. അമ്മ അരമന കാരാട്ട് കാര്‍ത്ത്യായനി അമ്മ.
സംസ്കൃതപണ്ഡിതനായിരുന്ന അച്ഛന്റെ ജീവിതച്ചിട്ടകള്‍, ആധ്യാത്മികസാധന, ഇതിഹാസപുരാണങ്ങളുടെ നിത്യപാരായണം ഇവ ബാലഗംഗാധരന്റെ ബാല്യത്തിലെ വെറും കാഴ്ചകളായിരുന്നില്ല. മുന്നോട്ടുള്ള ജീവിതത്തിന് ഉള്‍ക്കാഴ്ച നല്‍കുന്നതായിരുന്നു. പൂനെയില്‍ എത്തിയ ബാലഗംഗാധരന്‍ ഒരു നിയോഗം പോലെ എത്തിയത് സ്വാമി ചിന്മയാനന്ദന്റെ ആകര്‍ഷണവലയത്തില്‍. പൂനെ ന്യൂ ഇംഗ്ലീഷ് ഹൈസ്കൂളിലെ ഗീതാജ്ഞാനയജ്ഞമാണ് ജീവിതത്തിലെ വഴിത്തിരിവായത്. ചിന്മയാമിഷന് അംഗം, ബാലവിഹാറിന്റെ ചുമതലക്കാരന് പിന്നെ ആ യുവാവിന് തിരക്കൊഴിഞ്ഞ നേരമുണ്ടായില്ല. 68ല്‍ പാലക്കാട്ടെത്തിയപ്പോള്‍ സ്വാമിജിയുടെ ഗീതാജ്ഞാനയജ്ഞ സംഘാടകസമിതിയുടെ സെക്രട്ടറിയായി. പുതുപ്പരിയാരം ശ്രീകൃഷ്ണക്ഷേത്രത്തില്‍ ഞായറാഴ്ചകളില്‍ ഗീതാക്ലാസ്, വൈകുന്നേരങ്ങളില്‍ ആധ്യാത്മിക പ്രഭാഷണങ്ങള്‍, സ്വാമിജിയുടെ ഉപദേശം ശിരസാവഹിച്ചുള്ള ജീവിതമായിരുന്നു പിന്നീട്.
ചിന്മയം
അങ്ങാടിപ്പുറം തളി ക്ഷേത്രസമരത്തില്‍ കേളപ്പജിക്ക് പിന്തുണയുമായി സ്വാമി ചിന്മയാനന്ദനെത്തിയപ്പോള് ആ സംഘത്തില്‍ എകെബിയുമുണ്ടായിരുന്നു. സംഘര്‍ഷമയമായ സാഹചര്യത്തില്‍ സ്വാമിജിക്ക് പ്രവേശനാനുമതി നല്കാന് പോലീസ് ആദ്യം തയ്യാറായിരുന്നില്ല. നിരാഹാര സത്യഗ്രഹപ്പന്തലിലേക്ക് പോകാന്‍ തന്നെയായിരുന്നു സ്വാമി ചിന്മയാനന്ദന്റെ തീരുമാനം.
ക്ഷേത്രങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ഹിന്ദുസംസ്കാരത്തില്‍ ക്ഷേത്രങ്ങളുടെ പ്രാധാന്യത്തെക്കുറിച്ചുമുള്ള സ്വാമിജിയുടെ സുദീര്‍ഘമായ പ്രഭാഷണം കണ്ണുതുറപ്പിക്കുന്നതായിരുന്നു. കേളപ്പജിയായിരുന്നു ഇംഗ്ലീഷ് പ്രഭാഷണം പരിഭാഷപ്പെടുത്തിയത്. വിചാരപരവും വികാരപരവുമായിരുന്നു പ്രസംഗം. കേരളം ഭാരതത്തിലാണെന്ന് ഓര്‍മ്മ വേണമെന്ന് സ്വാമിജി ഭരണാധികാരികളെ താക്കീത് ചെയ്തു.
സ്ഥലംമാറ്റത്തെ തുടര്‍ന്ന് കോഴിക്കോട് സ്ഥിരതാമസമാക്കിയപ്പോള് ചേവായൂരില്‍ ജീര്‍ണ്ണാവസ്ഥയിലായ കൊള്ളങ്ങോട്ട് അയ്യപ്പക്ഷേത്രത്തിനടുത്താണ് എത്തിയത്. സ്വാമിജിയുടെ ആഹ്വാനം പ്രാവര്‍ത്തികമാക്കാനുള്ള ദൃഢനിശ്ചയമാണ് തകര്‍ന്നുകിടന്ന ക്ഷേത്രാവശിഷ്ടങ്ങളില്‍ നിന്നും ഉയര്‍ന്നു നില്ക്കുന്ന ഇന്നത്തെ കൊള്ളങ്ങോട്ട് അയ്യപ്പക്ഷേത്രമായി മാറിയതിന് പിന്നില്‍.
ജ്ഞാനയജ്ഞം
അയ്യപ്പചരിതം ഭാഗവതസത്രരീതിയില് അവതരിപ്പിക്കാനുള്ള ആശയം കുമ്മനം രാജശേഖരന്റേതായിരുന്നു. ത്രൈയക്ഷര ചൈതന്യ രചിച്ച കൃതിയെ അടിസ്ഥാനപ്പെടുത്തിയായിരുന്നു കോഴിക്കോട് ഭുവനേശ്വരിക്ഷേത്രത്തില് പഞ്ചാഹം എന്ന രീതിയില്‍ ആദ്യമായി അയ്യപ്പചരിതം അവതരിപ്പിച്ചത്. ഗോവയിലെ അയ്യപ്പ ക്ഷേത്രത്തിലടക്കം നിരവധി ക്ഷേത്രങ്ങളില്‍ പിന്നീട് ഇത് നടത്താന്‍ കഴിഞ്ഞു. 200ലധികം ഗീതാജ്ഞാനയജ്ഞങ്ങള്‍, 15,000ത്തോളം പ്രഭാഷണ വേദികള്‍, ദേവീഭാഗവത നവാഹം, ശിവപുരാണ ഏകാദശാഹം തുടങ്ങി പാരമ്പര്യത്തിന്റെ മൗലികാംശങ്ങളെ മുറുകെപ്പിടിച്ച് കാലാനുകൂലമായ ആവിഷ്കരണമാണ് എ.കെ.ബി നായരിലൂടെ നിര്‍വഹിക്കപ്പെടുന്നത്.
ഭഗവദ്ഗീതാലളിതാഖ്യാനം, അധ്യാത്മരാമായണം വ്യാഖ്യാനം, അഷ്ടോപനിഷത്തുക്കളുടെ വ്യാഖ്യാനം തുടങ്ങി 25 ഓളം ഗ്രന്ഥങ്ങളും ഇതിനകം പുറത്തിറങ്ങി. Temple worship എന്ന ഇംഗ്ലീഷ് പുസ്തകം കാലിഫോര്‍ണിയ സര്‍വ്വകലാശാലയിലെ ബര്‍ക്കലി ലൈബ്രറി അപൂര്വ്വഗ്രന്ഥ ശേഖരത്തില്‍ ഉള്‍പ്പെടുത്തി എന്നത് വിലമതിക്കാനാവാത്ത നേട്ടമായി. ഭാരതീയ വിദ്യാഭവന് പ്രസിദ്ധീകരിച്ച ഈ പുസ്തകം പ്രകാശനം ചെയ്തത് മുന്‍ രാഷ്ട്രപതി ആര്. വെങ്കിട്ടരാമനാണ്.
ദൃഢവും യുക്തിസഹവുമായ വീക്ഷണങ്ങള്‍
രാമായണതത്വത്തെ നിരാകരിക്കുന്നതാണ് ഉത്തര രാമായണം. പുരാണ ലക്ഷണങ്ങള്‍ക്ക് വിരുദ്ധമാണ് ഉത്തരരാമായണത്തിന്റെ നില. ഫലശ്രുതി കഴിഞ്ഞാല്‍ പിന്നെ അതിനെങ്ങനെ ഉത്തരഭാഗം വരും. ആദര്‍ശപുരുഷനായ മര്യാദാപുരുഷോത്തമന്റെ രീതികളില്‍ ഉത്തരരാമായണം വേറിട്ട് നില്ക്കുന്നു. തികഞ്ഞ അസാധാരണത്വം. ശബരിയുടെ കഥയും ശംബുക കഥയും തമ്മില്‍ എങ്ങനെ യോജിക്കും. ഇടക്കാലത്ത് രാമായണ മഹിമയെ ഇകഴ്ത്താനാണ് ഉത്തരഭാഗം വന്നത് പഠനവിഷയമാക്കേണ്ടതാണിത്.
പഴമ്പുരാണമല്ല
പുരാണങ്ങളെ പഴഞ്ചനായി കാണുന്നവര്‍ക്ക് സപ്താഹവേദികളിലൂടെ തന്നെ യുക്തിസഹമായ മറുപടി നല്കുന്നു. ഹിന്ദുസമൂഹത്തിന്റെ സജീവപ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്ന വേദികളായി മാറുന്നു. ആഗോളീകരണവും യന്ത്രങ്ങളുടെ അടിമകളാകുന്ന ന്യൂജനറേഷനുകളെക്കുറിച്ചും അധിനിവേശത്തിന്റെ പുതിയ രൂപങ്ങളെക്കുറിച്ചുമെല്ലാം ചര്‍ച്ച ചെയ്യുന്ന വേദികളായി അത് മാറുന്നു. പുരുഷനും സ്ത്രീയുമാണ് പുതുജന്മം നല്‍കുന്നതെന്ന് ശാസ്ത്രം പറയുമ്പോള്‍ അത് അച്ഛനും അമ്മയുമാണെന്ന് സംസ്കാരം പഠിപ്പിക്കുന്നു എന്ന ലളിതമായ വ്യാഖ്യാനത്തിലൂടെ ശാസ്ത്രവും സംസ്കാരവും തമ്മിലുള്ള മൗലികവ്യത്യാസമാണ് എ.കെ.ബി. നായര്‍ പറഞ്ഞുവെക്കുന്നത്. വര്‍ധിച്ചുവരുന്ന വിവാഹമോചനം തടയണമെങ്കില്‍ കുടുംബകോടതികളല്ല കുടുംബ സംസ്കാരമാണ് ഊട്ടിയുറപ്പിക്കേണ്ടത്. കോടതികള്‍ വര്‍ധിപ്പിക്കുകയല്ല. സംസ്കാരക്ഷമമായ വിവാഹപൂര്‍വ്വ കൗണ്സിലിങ്ങാണാവശ്യം.
ഒരു തര്‍ക്കം
ഡോ. എന്‍. ഗോപാലകൃഷ്ണനുമായി നടന്ന ഒരു തര്‍ക്കം നവമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായി. ഉത്സവങ്ങളില്‍ ആനയെ എഴുന്നള്ളിക്കരുതെന്നായിരുന്നു ഡോക്ടറുടെ വാദം. 2013ലെ കോട്ടയത്ത് നടന്ന അഖിലഭാരത ഭാഗവതസത്രമായിരുന്നു വേദി. സാന്ദര്‍ഭികമായി ഗജേന്ദ്രമോക്ഷം എന്ന വിഷയമാണ് ലഭിച്ചത്. മനുഷ്യന് മാത്രമല്ല, ജീവജാലങ്ങള്‍ക്കെല്ലാം മോക്ഷമുണ്ടെന്നാണ് ഭാരത മതം. ഗുരുവായൂര്‍ കേശവന് ഏകാദശി ദിവസം ഭഗവാനെ നമസ്കരിച്ചുകൊണ്ടാണ് വിട പറഞ്ഞത്. ക്ഷേത്രങ്ങളുമായി ആനകള്‍ക്ക് ചിരപുരാതന ബന്ധമുണ്ട്. കുലശേഖര പെരുമാളിന്റെ കാലത്തുതന്നെ നടന്ന ഉത്സവങ്ങള്‍ ആനയെഴുന്നള്ളിച്ചുകൊണ്ടായിരുന്നു. ആനകളെ കാട്ടിലേക്ക് തിരിച്ചയക്കണമെന്ന വാദം എന്തടിസ്ഥാനത്തിലാണ്. പ്രശ്നം പാപ്പാനാണ്. വേണ്ട ശുശ്രൂഷ ചെയ്യാതെ പീഡിപ്പിക്കുന്നതാണ് അവസാനിപ്പിക്കേണ്ടത്. പാപ്പാന്റെയും ഉടമകളുടെയും ഉത്സവ കമ്മറ്റിക്കാരുടെയും പിഴവുകള്‍ക്ക് ഉത്സവത്തെ കുറ്റപ്പെടുത്തുന്നത് ശരിയല്ലന്നേ പറഞ്ഞിട്ടുള്ളൂ…
ഗൃഹസ്ഥാശ്രമിയുടെ ആത്മീയാന്വേഷണ വഴിയില്‍ ആചാര്യപദത്തിലെത്തി നില്ക്കുന്ന എ.കെ.ബി. നായര്‍ക്ക് വാക്കുകള്‍ക്കും ആശയങ്ങള്‍ക്കും പഞ്ഞമില്ല. വിശ്രമമില്ലാത്ത ജീവിതം ആത്മീയാന്വേഷണത്തിന് വേണ്ടി സമര്‍പ്പിച്ചിരിക്കുകയാണ് എഴുപതിന്റെ നിറവിലും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: