ആലപ്പുഴ: കായംകുളം കൃഷ്ണപുരം കുറക്കാവ് ദേവീ ക്ഷേത്രത്തില്‍ 12-ാമത് ഭാഗവത സപ്താഹയജ്ഞത്തോട് അനുബന്ധിച്ച് ഏഴ് നിര്‍ധന യുവതികളുടെ വിവാഹവും 250 ലേറെ നിര്‍ധന രോഗികള്‍ക്ക് ചികിത്സാ സഹായവും നല്കി മാതൃക സൃഷ്ടിക്കുന്നു. കഴിഞ്ഞ നാലുവര്‍ഷത്തിനിടെ പതിനേഴിലേറെ നിര്‍ധന യുവതികള്‍ക്ക് വിവാഹം നടത്തിക്കൊടുക്കുകയും 1,500ലേറെ പേര്‍ക്ക് ചികിത്സാ ധനസഹായവും നല്‍കിയിട്ടുണ്ടെന്ന് ക്ഷേത്ര ഭരണസമിതി പ്രസിഡന്റ് ഋഷികേശ് അമ്പനാട്, സെക്രട്ടറി സന്തോഷ് പുല്ലംപള്ളില്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
ഭാഗവത സപ്താഹയജ്ഞം ഏപ്രില്‍ 15ന് ആരംഭിക്കും. യജ്ഞത്തിന്റെ അഞ്ചാംദിവസം 19ന് രാവിലെ 11.30ന് ശ്രീകൃഷ്ണ കഥയിലെ രുഗ്മിണി സ്വയംവര കഥാഭാഗത്തിന് ശേഷം ഏഴ് നിരാലംബരായ യുവതീ യുവാക്കള്‍ യജ്ഞശാലയില്‍ വിവാഹിതരാകും. സമൂഹവിവാഹ ചടങ്ങിന് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് മേരി ജോസഫ് ദീപപ്രകാശനം നിര്‍വഹിക്കും. ഭാഗവതഗ്രാമം ആചാര്യന് സ്വാമി ഉദിത് ചൈതന്യ അനുഗ്രഹ പ്രഭാഷണം നടത്തും. സാമൂഹിക, സാംസ്കാരിക പ്രമുഖര്‍ സാന്നിദ്ധ്യം വഹിക്കും. സമൂഹ വിവാഹത്തിന്റെ മുഴുവന്‍ ചെലവും ദേവസ്വം വഹിക്കും.
യജ്ഞത്തിന്റെ ആറാംദിവസമായ 20ന് രാവിലെ 11.30ന് യജ്ഞശാലയില്‍ നടത്തുന്ന സമ്മേളനത്തില്‍ 250ല്‍പരം നിര്‍ധന രോഗികള്‍ക്ക് ചികിത്സാ ധനസഹായവിതരണം ചെയ്യും. ക്ഷേത്രത്തിന്റെ ആദ്യകാല ശില്പികളെയും ആചാര്യന്മാരെയും ആദരിക്കും. ചികിത്സാ ധനസഹായ വിതരണം സ്പീക്കര്‍ എന്‍. ശക്തന് നിര്‍വഹിക്കും. സമ്മേളനത്തില്‍ സി.കെ. സദാശിവന് എംഎല്‍എ അദ്ധ്യക്ഷത വഹിക്കും.
കരുനാഗപ്പള്ളി, മാവേലിക്കര, കാര്‍ത്തികപ്പള്ളി താലൂക്കുകളിലുള്ളവര്‍ക്ക് മുന്‍ഗണന നല്കി മൂന്നുമാസങ്ങള്‍ക്ക് മുമ്പ് മുതല്‍ മുതല്‍ ദേവസ്വം ഓഫീസില്‍ നിന്ന് അപേക്ഷാ ഫോറങ്ങള്‍ വിതരണം ചെയ്യുകയും ഇത് അന്വേഷിച്ച് സബ് കമ്മറ്റി വയ്ക്കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് രോഗികള്‍ക്ക് ധനസഹായം നല്‍കുന്നത്.
സമൂഹവിവാഹത്തിനും അപേക്ഷകള്‍ സ്വീകരിച്ച് പ്രദേശത്തെ ജനപ്രതിനിധികളുടെയും പ്രദേശവാസികളുടെയും അഭിപ്രായം കൂടി ആരാഞ്ഞ ശേഷമാണ് വധൂവരന്മാരെ തെരഞ്ഞെടുക്കുന്നത്. 17 സെന്റ് ഭൂമി മാത്രമുണ്ടായിരുന്ന ദേവസ്വത്തിന് ഇപ്പോള്‍ മൂന്നര ഏക്കറോളം ഭൂമിയുണ്ട്. ക്ഷേത്ര സമുച്ചയം കെട്ടിടങ്ങളും ശ്രീകോവില്‍ പിത്തള പൊതിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: