ഒരു പ്രണയപ്പുഴകൊണ്ട് അടുപ്പിക്കാവുന്നതേയുളളൂ ഏതകലവും. ബ്രസീലിനും ഊരമനയ്ക്കുമിടയിലെ ദൂരം ചെറുതാകുന്നതും അങ്ങനെ തന്നെ. ഒന്നുകൂടി പറഞ്ഞാല്‍ ഊരമനക്കാരന് ആനന്ദജ്യോതി എന്ന തേന്മാവില് ബ്രസീല്‍കാരി കരീന മുല്ലവള്ളിയായിപ്പടര്ന്നപ്പോള് പ്രണയച്ചൊരുക്കിലിടിഞ്ഞൊന്നായ രണ്ടുവന്കര.
മനസ്സൊരുമയില്‍ ലയിച്ച ഇരുകരകളുടെ മാത്രമല്ല, ജാതിമതങ്ങളുടെ വിലക്കില്ലാതെ രണ്ടു സംസ്കാരങ്ങളൊന്നായ ആത്മചിഹ്നങ്ങളുടെ അടരുകളുടേതുകൂടിയാണ് രണ്ടുമക്കളുമടങ്ങിയ ആനന്ദജ്യോതി-കരീന ദമ്പതികളുടെ കുടുംബം. കുന്നുംപാടവും പച്ചപ്പും നിറഞ്ഞ് മൂവാറ്റുപുഴയാറിനടുത്തുള്ള, വിവിധ വാസ്തുവിദ്യകളുടെ സങ്കരതയുള്ള ഗൃഹസ്ഥാശ്രമാന്തരീക്ഷം നിറഞ്ഞ വീട്ടില്‍ പൂര്‍വാശ്രമത്തില്‍ കൊച്ചിയിലെ തേവരക്കാരന്‍ ജോസ് ആയിരുന്ന ആനന്ദജ്യോതി കുടുംബസ്ഥനും സന്ന്യാസിയുമായി നയിക്കുന്നത് മാതൃകാ മുദ്രയുള്ള ജീവിതം.
ഇങ്ങനെയൊക്കെ എങ്ങനെ ആയിത്തീരാമെന്ന് അതിശയിക്കുന്ന സാധാരണ നിര്‍വചനങ്ങള്‍ക്കും വിശേഷണങ്ങള്‍ക്കുമപ്പുറത്തെ ആനന്ദ ജീവിതം. ഇങ്ങനെയൊക്കെ ആയില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ എന്നുമാകാം. യൗവ്വനത്തിന്റെ കുസൃതിയും വികൃതിയും കുറഞ്ഞപക്ഷമൊരു നാടന്‍ പ്രേമമെങ്കിലും ഉണ്ടാകേണ്ട കാലത്ത് എന്തിനെന്നും ഏതിനെന്നും അറിയാതെ എന്തോ തേടി വീട്ടില്നിന്നുമിറങ്ങിപ്പോവുകയായിരുന്നില്ലേ താനെന്ന് ജോസിനുമറിഞ്ഞുകൂടാ.
അങ്ങനെ ഭാരതത്തിലെമ്പാടും ആശ്രമങ്ങളും ഹിമാലയവും കയറിയിറങ്ങി നീണ്ട പന്ത്രണ്ട് വര്‍ഷത്തെ അലച്ചില്‍. പലതും കണ്ടെത്തിയപ്പോള്‍ അന്വേഷണമായിരുന്നെന്നും തീര്‍ത്ഥാടനമായിരുന്നെന്നും തിരിച്ചറിവ്. മഞ്ഞും മഴയും വേനലും നദിയും പുഴയും കാടും മലയും കടന്ന് ഭാരതത്തെ കണ്ടും കേട്ടും അറിഞ്ഞും അനുഭവിച്ചും വന്നപ്പോള്‍ ജോസ് ആളാകെ മാറി. വീടുവിട്ടിറങ്ങിയതിന്റെ ദാഹമറിഞ്ഞു; ആത്മീയത.
അലയലെല്ലാം തീര്‍ത്ഥാടനമായിരുന്നു. അപ്പോള്‍ ഉള്ളാകെ മാറുന്നതറിഞ്ഞു. അകമേ മാറ്റത്തിന്റെയൊരു ഭൂഗോളം തിരിയുന്നുണ്ടായിരുന്നു. ഒരിടത്തേക്കും പോകുകയായിരുന്നില്ല. എത്തിപ്പെടുകയായിരുന്നു. ആരോ നയിക്കുംപോലെ. ഒന്നും ഇല്ലാതെ എല്ലാം കൂടെപ്പോന്നു. ഒരു സ്വപ്നം ഉണ്ടായിരുന്നെങ്കില്‍ ആ സ്വപ്നത്തിനു പിന്നാലെ ആയിരുന്നില്ല.
സ്വപ്നം പിന്നാലെ വന്നു. കുറവുകളുടെ സമ്പത്തും ഇല്ലവല്ലായ്മകളുടെ സമൃദ്ധിയുമായിരുന്നു എപ്പോഴും. ഭാരതത്തില്‍ മാത്രമല്ല, ലോകം മുഴുവന്‍ സഞ്ചരിക്കുമ്പോഴും വെറുംകയ്യായിരുന്നു. എല്ലാം വന്നു ചേരുകയായിരുന്നു; വേണ്ടതിലധികം. ഇംഗ്ലണ്ട്, സിംഗപ്പൂര്‍, മലേഷ്യ, ജര്‍മനി, ഫ്രാന്‍സ്, ഗ്രീസ്, ഹോളണ്ട്,റഷ്യ, ഇറ്റലി, ആസ്ട്രേലിയ, സ്വിറ്റ്സര്‍ലന്റ്, ബ്രസീല്‍ എന്നിങ്ങനെ വിദേശസഞ്ചാരത്തിലും ഇത്തരം വന്നുചേരലുകളായിരുന്നു.
പോയ നാടൊന്നും ഭാരതത്തെപ്പോലെ മഹാശ്ചര്യമായിരുന്നില്ല. ഭൂമി ഒരു കരയും കടലും മാത്രമായിരുന്ന കാലത്ത്, ആ കര ഒരുപക്ഷേ ഭാരതം മാത്രമായിരുന്നിരിക്കണമെന്ന തോന്നലാണ് ആനന്ദജ്യോതിക്ക്. ഭാരതത്തിന്റെ ആത്മീയത, ഈശ്വര സങ്കല്‍പ്പം, കരുണ, സ്നേഹം തുടങ്ങിയ ഉന്നതികള്കൊണ്ടുള്ള തോന്നലാകാം. ഭാരതത്തിന്റെ പാരമ്പര്യം പാരസ്പര്യമാണ്. പക്ഷിയും മൃഗവും ചെടിയും മനുഷ്യനും പാരസ്പര്യത്തിന്റെ സുകൃതമാണ്. ഗുരുവും ശിഷ്യനും മഹത്തായ പാരസ്പര്യമാണ്.
ക്രിസ്തുമതത്തില്‍ ജനിച്ചുവളര്‍ന്ന് അതിന്റെ ഉദാരതയും മറക്കാനും പൊറുക്കാനുമൊക്കെയുള്ള മനസ്സും കിട്ടി. പക്ഷേ പള്ളിയും പൗരോഹിത്യവും വിരസമാണ്. അതില്‍ ആത്മീയ ദാഹം ശമിച്ചില്ല. മതംമാറി വന്ന് സനാതനധര്മത്തിലേക്കുവന്ന ആളല്ല. ഈശ്വരാനുഗ്രഹംകൊണ്ട് നല്ലൊരു ഗുരുവിന്റെ ശിഷ്യനാകാനുള്ള ഭാഗ്യം കിട്ടി. സ്വാമി വിനയ ചൈതന്യയില്‍ നിന്നും ‘മാ’ ചൈതന്യയില്‍ നിന്നും ദീക്ഷ സ്വീകരിച്ചു.
നടരാജഗുരുവിന്റെ ശിഷ്യനാണ് വിനയചൈതന്യ. ഗുരുകുല ജീവിതത്തിലെ ആത്മീയാനുഷ്ഠാനങ്ങള്‍ മൗനത്തിന്റെ ഘനം ബോധ്യപ്പെടുത്തി. ഗുരുവെന്ന ശബ്ദം തന്നെ മന്ത്രവിശേഷമാണ്. ഇരുളിനെ അകറ്റുന്ന വെളിച്ചം. അതിനൊരു യോഗാത്മകതയുണ്ട്. സൗന്ദര്യമുണ്ട്. ഗുരു ഒരു പ്രതീകമായേക്കും. അല്ലെങ്കില്‍ സാന്നിദ്ധ്യം. പക്ഷേ അതുണ്ടാക്കുന്ന ആത്മീയ ഉണര്‍വ് ഇരുട്ടിലെ ഇടിമിന്നല്‍പോലെയാണ്. വെള്ളിവെളിച്ചത്തില്‍ എല്ലാം നൊടിയിടെ കാണാം.
ജീവിതത്തിന് പുതിയ ആശയം തന്നത് വിനയ ചൈതന്യയാണ്. ആത്മീയതയില്‍നിന്നും തെറ്റി നില്ക്കേണ്ടതല്ല ഭൗതികമെന്നു പഠിച്ചു. മാനുഷികതയാണ് വലുത്. മാനുഷികതയെ തടസ്സപ്പെടുത്തുന്നതിനെ മറികടക്കാനാണ് ആത്മീയത. പൊരുത്തപ്പെടാത്തതിനോടും ക്ഷമിക്കാനുള്ള മനസ്സുവേണം. ഭൂമിയോളം ക്ഷമയെന്ന് ഗീത.
കുടുംബവും ആത്മീയതയും ഒരുമിച്ചുപോകുന്നതാണ് വിനയചൈതന്യയുടെ സമ്പ്രദായം. ഭാര്യയും മക്കളുമടങ്ങിയ കുടുംബം തന്നെയാണ് അദ്ദേഹത്തിനു അദ്ദേഹത്തിന്റെ ഗുരുകുലം. അവിടെ എത്രയോ കാലം. ഗുരു നിത്യചൈതന്യയതി അവിടെ വരുമായിരുന്നു. കര്‍ണാടകയിലുള്ള ഗുരുകുലത്തിലേക്ക് ഇപ്പോഴും പോകും. ശ്രീനാരായണ ഗുരുവിനെ ശരിക്കറിഞ്ഞാല്‍ മലയാളിയുടെ കരുത്തും കരുണയും കൂടും. ലോകത്തിനുള്ള കേരളത്തിന്റെ ജ്ഞാനഗോപുരമാണ് നാരായണഗുരുവും നടരാജഗുരുവും. ആ പാരമ്പര്യമാകട്ടെ പാരസ്പര്യവും.
വേദോപനിഷത്തും സംസ്കൃതവും ഭഗവദ്ഗീതയും തത്ത്വചിന്തയുമൊക്കെയായി വലിയൊരാസ്തിയുണ്ട്
ആനന്ദജ്യോതിക്ക്. പിന്നെ തമിഴും തെലുങ്കും കന്നഡയും ഹിന്ദിയും ഇംഗ്ലീഷും പോര്‍ച്ചുഗീസുമായി ഒത്തിരി ഭാഷകള്‍. തബല മാന്ത്രികനാണ്. കൈവിരല്‍ പെരുക്കത്തില്‍ പെരുമഴ പെയ്യും തബലയില്‍. സിനിമയും ഡോക്യുമെന്ററിയുമുണ്ട്. പഴയ കടുത്ത വായന പിടിവിട്ടിട്ടില്ല. കുത്തിപ്പിടിച്ച് കവിതയെഴുത്തുണ്ട്. ഈയിടെ ഒരു കവിതാസമാഹാരമിറക്കി; മീനായതും നീ. ബ്രസീലില്‍ ഭാരത തത്വചിന്തകയായറിയപ്പെടുന്ന ബ്രസീല്‍കാരി ഗ്ലോറിയയെക്കുറിച്ച് ‘കമല’ എന്ന പേരിലൊരു സിനിമ ചെയ്തു. അവിടെ അഞ്ച് നഗരങ്ങളില്‍ കാണിച്ചു.വന്‍ ആരവമായിരുന്നു. സിനിമ കണ്ടതോടെ സംസ്കൃതം പഠിക്കാനുള്ള തിരക്കേറിയിരിക്കുകയാണ് ബ്രസീലില്‍.
ജൂണില്‍ ബ്രസീല്‍ ഫെസ്റ്റിവലില്‍ ‘കമല’ പ്രദര്‍ശിപ്പിക്കും. സുഹൃത്ത് മനു സംവിധാനം ചെയ്ത് കാഴ്ചയ്ക്ക് തയ്യാറാവുന്ന സിനിമ മണ്‍ഡ്രോ തുരുത്തിന്റെ പ്രൊഡക്ഷന്‍ കൈകാര്യം ചെയ്തു. ആത്മീയാന്വേഷണവുമായി ബന്ധപ്പെട്ട് യാത്രാനുഭവത്തിന്റെ വെളിച്ചത്തില്‍ പുസ്തക രചനയിലാണ്. ശങ്കരാചാര്യരുടെ സൗന്ദര്യലഹരിയിലെ ആദ്യ ശ്ലോകത്തെ അടിസ്ഥാനമാക്കി കൂടിയാട്ടവുമായി ബന്ധപ്പെട്ടുള്ള സിനിമയാണ് അടുത്തത്.
ശക്തിയില്ലെങ്കില്‍ ശിവനില്ലെന്നതാണ് പ്രമേയം. കപില വേണുവിന്റെ കൂടിയാട്ടം കണ്ടപ്പോഴുണ്ടായ പ്രചോദനമാണ്. നേട്ടങ്ങളുണ്ടെങ്കില്‍ ഭാര്യ കരീനയുടെ കൂടി പങ്കെന്ന് ആനന്ദജ്യോതി. ദേവിയും ജ്ഞാന പ്രതീകവുമാണ് സ്ത്രീ. ബ്രഹ്മവിദ്യയുടെ അധിപതി ദേവിയെന്ന് സൗന്ദര്യലഹരിയില്‍ ശങ്കരാചാര്യര്‍.
ആകസ്മികത നയിക്കുന്ന യാത്രയില്‍ യാദൃച്ഛികതയുടെ ഒരു നിമിഷത്തില്‍ കിട്ടിയതാണ് കരീനയെ. ഒരു പ്രണയസാഫല്യം. പക്ഷേ അത് ആരിലാദ്യം മൊട്ടിട്ടുവെന്ന് ജ്യോതിഷം പഠിച്ച ആനന്ദജ്യോതിക്കും അറിയില്ല. ഉത്തരേന്ത്യയില്‍ വെച്ചാണ് കണ്ടുമുട്ടിയത്. ബ്രസീലില്‍നിന്നും പത്രപ്രവര്‍ത്തകയായി വന്നതാണ് കരീന.
പൂന ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍ സിനിമ പഠിക്കുകയായിരുന്നു ലക്ഷ്യം. ഒരു സെമിനാറില്‍ സംസാരിച്ചു തീര്‍ന്ന ആനന്ദജ്യോതിക്കുമുന്നില് പെട്ടെന്നു പൊട്ടിമുളച്ച് പ്രണയത്തിന്റെ ആകാശവൃക്ഷമായി കരീന.പിന്നെയൊരു നീലമേഘമാകാതിരിക്കാന് എങ്ങനെ കഴിയും. കേരളത്തേയും ഭാരതത്തെത്തന്നെയും തൊട്ടറിഞ്ഞ കരീന ഭാരതത്തെ പേര്‍ത്തും പേര്‍ത്തും ബ്രസീലിന് പരിചയപ്പെടുത്തുകയാണ്.
സാംബയും ഫുട്ബോളും മാത്രമായി നമ്മളറിയുന്ന ബ്രസീല്‍ പക്ഷേ, അതിനും മേലെയാണ്. എന്തിനേയും ഏതിനേയും ആഘോഷിക്കുന്നവര്‍. മുഷിപ്പില്ലാത്ത ജീവിതം. നമ്മെ അതിശയിപ്പിക്കുന്നതാണ് അവര്‍ക്ക് ഭാരതത്തോടുളള സ്നേഹാദരങ്ങള്‍. നമ്മുടെ വേദാന്തവും യോഗയും സംസ്കൃതവും പഠിക്കുന്ന അനേകരുണ്ട് ബ്രസീലില്‍.
ബ്രസീലും ഭാരതവും തമ്മിലുള്ള വലിയൊരു സാംസ്കാരിക ഇടനാഴിയാണ് ആനന്ദജ്യോതിയും ഭാര്യ കരീനയുമെന്ന് എത്രപേര്‍ക്കറിയാം. ബ്രസീലില്‍ ആദ്യമായി ഇന്ത്യന്‍ ഫിലിംഫെസ്റ്റിവല്‍ നടത്തിയത് ഈ ദമ്പതികളാണ്. അത് ധീരവും സാഹസികവുമായൊരു സാംസ്കാരിക വിപ്ലവമായിരുന്നു. ‘ഭാവ’ എന്ന പേരില്‍ ബ്രസീല്‍-ഭാരത സര്‍ക്കാരുകളുടെ പിന്തുണയോടെ അവിടുത്തെ അഞ്ച് പ്രമുഖ നഗരങ്ങളില്‍ വിവിധ ഭാരത ഭാഷകളിലെ 33 സിനിമകള്‍ പ്രദര്‍ശിപ്പിച്ചു.
2012 ലെ ഏറ്റവും മികച്ച ഫിലിം ഫെസ്റ്റിവലായിരുന്നു ഭാവ. ബ്രസീലിലെ പ്രമുഖ മാധ്യമമായ ഗ്ലോബോ അവാര്‍ഡു നല്കി. അതുവലിയ ആത്മവിശ്വാസമുണ്ടാക്കി. ഭാവയ്ക്കു മുന്‍പുവരെ ബ്രസീലുകാര്‍ക്ക് ബോളിവുഡായിരുന്നു ഭാരത സിനിമ. കഴിഞ്ഞ വര്‍ഷം ഭാരത സിനിമയുടെ 100 വര്‍ഷം ബ്രസീലില്‍ ആഘോഷിച്ചതും ഈ ദമ്പതികളുടെ നേതൃത്വത്തിലായിരുന്നു. ഭാരത സിനിമയെക്കുറിച്ച് ബ്രസീല്‍ അന്ന് ആദ്യമായി സ്റ്റാമ്പും ഇറക്കി.
കരീന ഇപ്പോള്‍ രണ്ടുമൂന്നു വമ്പന്‍ പദ്ധതികളുടെ തിരക്കിലാണ്. ഇറ്റലി-ബ്രസീല്‍ സംയുക്തമായി നിര്‍മിക്കുന്ന സിനിമയുടെ തിരക്കഥ പൂര്‍ത്തിയാക്കി. ഭാരത-ബ്രസീല്‍ സിനിമാ സംരംഭമാണ് മറ്റൊന്ന്. അതിനിടയില്‍ ഒരു ഷോട്ട് ഫിലിമും. പശു ജീവിതമാണ് വിഷയം. അല്ലെങ്കില്‍ പശുവുമൊത്തുള്ള ജീവിതം. ഊരമന വീട്ടിനടുത്തെ ഒരമ്മയും അവരുടെ പശുവുമാണ് കഥാപാത്രങ്ങള്‍.
പ്രഭാതം മുതല്‍ പ്രദോഷംവരെ പശുവിനു പിന്നാലെയാണ് അവരുടെ ജീവിതം. ഇതുപോലെ പശുജീവിതമുള്ളൊരാള് ബ്രസീലിലുണ്ട്. ഇവിടുത്തെ ഷൂട്ട് കഴിഞ്ഞിട്ടുവേണം അങ്ങോട്ടുപോകാന്‍. ന്യൂജനറേഷന് സിനിമയെ പരിചയപ്പെടുത്തുന്ന ഭാരതീയ ചലച്ചിത്രോത്സവം ‘2016’ ചെയ്യണം. അതാണ് അടുത്ത പദ്ധതി.
ഭാരതത്തെക്കുറിച്ച് ബ്രസീലിയന്‍ പത്രങ്ങളിലും മാസികകളിലും കരീന എഴുതാറുണ്ട്. ഓരോന്നും പുതിയ കാര്യങ്ങള്‍. 45 ഭാരത കലാകാരന്മാരുള്പ്പെട്ട ‘മുദ്ര’ എന്ന ഭാരത സംഗീത നൃത്ത മേള ബ്രസീലിലെ നാല് നഗരങ്ങളില്‍ അടുത്തിടെ സംഘടിപ്പിച്ചതും കരീനയാണ്.
ആനന്ദജ്യോതി-കരീന ദമ്പതികള്‍ക്ക് രണ്ടുമക്കള്‍. കോലഞ്ചേരി കടയിരുപ്പ് സെന്റ് പീറ്റേഴ്സ് സ്കൂളില്‍ പത്താംതരം പഠിക്കുന്ന ശിവരാമനും അവിടെത്തന്നെ പഠിക്കുന്ന ഏഴാം ക്ലാസുകാരി ലളിതാ ഗൗരിയും. വലിയ ശാസ്ത്രാന്വേഷിയാണ് ശിവരാമന്. വ്യോമയന്ത്രത്തിലാണു കമ്പം. നാളെ തന്റെ വക ഒരു റോക്കറ്റും അന്തരീക്ഷത്തിലേക്കു കുതിച്ചുയരാമെന്ന് ഈ കൗമാരക്കാരന് സ്വപ്നം കാണുന്നു. ഐതിഹ്യമാലയും മറ്റും സൂക്ഷ്മമായി വായിക്കുന്ന ലളിത എഴുത്തിലേക്ക് ചുവടുവയ്ക്കാനുള്ള ശ്രമത്തിലാണ്.
എല്ലാ വര്‍ഷവും ബ്രസീലില്‍ പോകും. ചിലപ്പോള്‍ കുടുംബസമേതം. ഒരിക്കല്‍ ബ്രസീലിലായിരുന്നപ്പോഴാണ് വീട്ടുപറമ്പിനു താഴത്തെ മൂവാറ്റുപുഴയാറ് കരകവിഞ്ഞൊഴുകി വീടിന്റെ ഒന്നാം നിലയും കവിഞ്ഞുനിന്നത്. കരീന മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. ഊരമനക്കാര് ജാതിമതഭേദമില്ലാതെ ദൈവങ്ങളെപ്പോലെ ഓടിയെത്തി. അവര്‍ കരീനയെ വള്ളത്തില്‍ അഭയകേന്ദ്രത്തിലെത്തിച്ചു. വെള്ളം ഇറങ്ങുംവരെ അവര്‍ വീടിനെ ശുശ്രൂഷിച്ചു. വീടിനുള്ളിലെയും പറമ്പിലേയും അവസാന തുള്ളി ചെളി പോകും വരെ. ഇങ്ങനെയും മനുഷ്യര്‍ ഭൂമിയിലുണ്ടോയെന്ന് കരീന അന്ന് ആനന്ദക്കണ്ണീര് വീഴ്ത്തി. ഊരമനയുടെ സ്നേഹം മുഴുവനുമുണ്ട് ഈ കുടുംബത്തിന്.
ഇങ്ങനെയൊക്കെ ആകുമെന്നറിഞ്ഞില്ല. ഇങ്ങനെയൊക്കെ ആയിക്കൂടെന്നില്ലെന്നറിഞ്ഞിരുന്നു. സംഭവിച്ചതെല്ലാം ആനന്ദം തന്നത്. ആനന്ദ വേദന, ആനന്ദരാഗം എന്നിങ്ങനെ ആനന്ദത്തിനൊത്തിരി ഉള്പ്പിരിവുകളുള്ളപ്പോള് എല്ലാറ്റിനും കൂടിയൊരു ആനന്ദജ്യോതി എന്തുകൊണ്ടായിക്കൂടാ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: