ഇന്നത്തെ കാലം കലികാലം എന്ന് പറയുന്നവരുടെ എണ്ണം കൂടി വരികയാണ്. അതില്‍ അവരെ കുറ്റപ്പെടുത്താനാവില്ല. അത്രമാത്രം മലീമസമായ ചുറ്റുപാടാണുള്ളത്. ഒന്നല്ലെങ്കില്‍ മറ്റത് എന്നുള്ള തരംതിരിവിന് പോലും അവസരമില്ല.
എല്ലാം ഒരേ ദിശയിലേക്കു പോവുന്നു. ജനങ്ങളുടെ ക്ഷേമൈശ്വര്യങ്ങളിലേക്ക് മിഴിപാകി നില്ക്കേണ്ടവര് സ്വാര്‍ത്ഥതാല്‍പ്പര്യങ്ങളുടെ, അനുചരന്മാരുടെ അസ്വാസ്ഥ്യകരമായ വഴികളിലൂടെ നീങ്ങുന്നു.
പഴമക്കാരുടെ മനസ്സില്‍ സൗവര്ണസന്ധ്യകള്, പ്രഭാതങ്ങള്‍ വിടര്‍ന്നു നില്ക്കുന്ന കാലം വെറും പ്രതീക്ഷയായി മാറുകയാണ്. ഏതു ധൂസര സങ്കല്പ്പങ്ങളില് പുലര്‍ന്നാലും മനസ്സിലുണ്ടാവട്ടെയാ ഗ്രാമത്തിന് വിശുദ്ധിയെന്നു പറഞ്ഞ കവിയെക്കുറിച്ചുള്ള സ്മരണപോലും ഇല്ലാതായി വരുന്നു. എന്തുകൊണ്ടിങ്ങനെ സംഭവിക്കുന്നു എന്നു ചിന്തിച്ചിട്ടുണ്ടോ? ഇല്ലെങ്കില്‍ അതിനൊരവസരം തരികയാണ് ജീവിതം സമാജത്തിനുവേണ്ടി ഉഴിഞ്ഞുവെച്ചിരിക്കുന്ന ആര്. ഹരിയെന്ന ആര്‍എസ്എസ് പ്രചാരകന്.
എന്തിന്റെയും സൂക്ഷ്മതലത്തിലേക്ക് ഇറങ്ങിച്ചെന്ന് യുക്തിയുടെ ശാസ്ത്രീയവഴിയിലൂടെ എന്തും സരളമായി വ്യാഖ്യാനിക്കാനുള്ള അന്യാദൃശമായ കഴിവുള്ള വ്യക്തിയാണ് ആര്. ഹരി. തന്റെ പ്രവര്‍ത്തനങ്ങളെ കൊട്ടിഘോഷിച്ചു നടക്കാന്‍ ഒരിക്കലും അദ്ദേഹം തയ്യാറാവാറില്ല എന്നതാണ് എടുത്തു പറയേണ്ട വസ്തുത. പ്രഭാഷകനും പണ്ഡിതനും ചിന്തകനും സര്‍വോപരി ആരിലുമുള്ള കഴിവിനെ കലവറയില്ലാതെ പ്രോത്സാഹിപ്പിക്കാന്‍ ഒരു മടിയും കാണിക്കാത്ത ആ ഗ്രന്ഥകാരന്റെ ഒരു പുസ്തകം അടുത്തിടെ കോഴിക്കോട്ടുവെച്ചു പ്രകാശനം ചെയ്തു.
വാസ്തവത്തില്‍ വളരെയേറെ പ്രത്യേകതകളുള്ള ഗ്രന്ഥമാണത്. സംസ്കൃതത്തിലുള്ള ആ ഗ്രന്ഥത്തിന്റെ ലളിതമായ വിവര്‍ത്തനമാണ് ആര്. ഹരി വളരെ മനോഹരമായി നിര്‍വഹിച്ചിരിക്കുന്നത്. കേണല്‍ (ഡോ) ജി.എ. ജേക്കബ് എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ജോര്‍ജ് അഡോല്‍ഫസ് ജേക്കബ് എന്ന ഇംഗ്ലീഷുകാരനാണ് മൂലഗ്രന്ഥകാരന്‍. 1846ല്‍ ജനിച്ച അദ്ദേഹം ഇംഗ്ലണ്ടിലെ പഠിപ്പു കഴിഞ്ഞ് ഭാരതത്തിലെത്തി. 22 ബോംബെ ഇന്‍ഫന്‍ട്രിയില്‍ ചേര്‍ന്നു. ആര്‍മി സ്കൂളിലെ സൂപ്രണ്ടായി ഉദ്യോഗത്തില്‍ ഉയര്‍ന്ന അദ്ദേഹം കേണലായി പിരിഞ്ഞു. കാല്‍നൂറ്റാണ്ട് ഇവിടെ കഴിഞ്ഞു തിരിച്ചുപോവുമ്പോള്‍ ഹിന്ദി, ഉറുദു, മറാഠി, സംസ്കൃതം ഭാഷയില്‍ വ്യുത്പ്പത്തി നേടി.
അതില്‍ സംസ്കൃതത്തോടായിരുന്നു ഏറ്റവും പ്രിയം. വേദാന്തവും ദര്‍ശനവും കേണല്‍ ജേക്കബ് അദ്ധ്യയന വിഷയമാക്കിയെങ്കിലും ചായ്വ് ആധ്യാത്മികത്തിലായിരുന്നു. തര്‍ക്കം, ന്യായം, വ്യാകരണം എന്നിവയായിരുന്നു പഥ്യങ്ങള്‍. 1890 ല്‍ തിരിച്ചുപോയ അദ്ദേഹം ഇതു സംബന്ധിച്ച ഗവേഷണവും മറ്റും തുടര്‍ന്നു. തല്ഫലമായുണ്ടായതാണ് ലൗകിക ന്യായാഞ്ജലി. അഹൈന്ദവനായ ഒരു വിദേശി ഇവിടുത്തെ സംസ്കാരത്തിലും ക്ലാസിക്കല്‍ സാഹിത്യത്തിലും മുങ്ങിക്കുളിച്ച് നിവര്‍ന്നപ്പോള്‍ ഉണ്ടായ മാറ്റം വിസ്മയകരമെന്നേ പറഞ്ഞുകൂടൂ. ലൗകിക ന്യായാഞ്ജലി എന്ന ഗ്രന്ഥം കണ്ടെത്തുകയും അത് മലയാളത്തിലാക്കുകയും ചെയ്തതോടെ വലിയൊരു വെളിച്ചമാണ് പുതുതലമുറയ്ക്ക് കിട്ടിയിരിക്കുന്നത്.
ലൗകിക ന്യായാഞ്ജലി എന്ന ഗ്രന്ഥത്തോട് സ്വാഭാവികമായി സാധാരണക്കാര്‍ക്ക് അത്ര ആഭിമുഖ്യമുണ്ടായെന്നുവരില്ല. സംസ്കൃതസാഹിത്യവും മലയാളസാഹിത്യവും പഠിക്കുന്നവര്‍ക്ക് ഒരു പക്ഷേ, അത് ഒഴിച്ചുകൂടാത്തതാവുകയും ചെയ്യും. വാചാടോപങ്ങള്ക്കുവേണ്ടി സകല വാതിലും ജനലും തുറന്നിട്ടിരിക്കുന്ന മാധ്യമങ്ങള്‍ക്ക് എന്തോ ആ ഗ്രന്ഥം തീരെ പഥ്യമായില്ല എന്നു പറയേണ്ടിവരുന്നതില്‍ ഖേദമുണ്ട്. ഒരു പക്ഷേ, സാധാരണക്കാരെ അത്ര ബാധിക്കാത്തതാണെന്ന സ്വതേയുള്ള മാധ്യമ അഹങ്കാരം കൊണ്ടുമാവാം.
ഏതായാലും അതിലെ പല ന്യായങ്ങളും വ്യാഖ്യാനിച്ചാല്‍ ഇന്നത്തെ സ്ഥിതിഗതികള്‍ക്ക് മറുപടി കിട്ടാതിരിക്കില്ല; ചുരുങ്ങിയപക്ഷം ഇങ്ങനെയൊക്കെ ആവാമോ എന്നെങ്കിലും ചിന്തിക്കും. ഒരു ന്യായം നോക്കുക. മഹാര്‍ണവയുഗഛിദ്രകൂര്‍മഗ്രീവാര്‍പണ ന്യായമാണത്. കടലിനടിയില്‍ കണ്ണുകാണാത്ത ഒരു ആമ, നൂറുവര്‍ഷത്തിലൊരിക്കല്‍ മാത്രം പൊങ്ങിവരുന്നു. കടലിന്റെ മേല്‍പ്പരപ്പില്‍ എപ്പോഴോ ആരോ എറിഞ്ഞിട്ട ഒരു നുകം പൊങ്ങിക്കിടക്കുന്നു. അതിന്റെ ദ്വാരത്തില്‍ കൃത്യമായി ആമ കഴുത്തു കയറ്റുന്നു. അത്രയ്ക്കു ദുര്‍ലഭമായി ലഭിക്കുന്നതാണ് മനുഷ്യജന്മം എന്ന് വിശദീകരിക്കാനാണ് ഈ ന്യായം പറയുന്നത്.
വാസ്തവത്തില്‍ മനുഷ്യജന്മം അങ്ങനെയാണത്രെ. അപൂര്‍വമായി കിട്ടിയതാണ് ഈ മനുഷ്യജന്മമെന്ന് ഓര്മയുണ്ടായാല് ആരെങ്കിലും അതിക്രമങ്ങള്‍ക്കോ, കലാപങ്ങള്‍ക്കോ, കൊലപാതകത്തിനോ ഇറങ്ങിപ്പുറപ്പെടുമോ? ശ്രീ ബുദ്ധന് തന്റെ അനുയായികളോട് പറഞ്ഞ കഥയിലെ സാരാംശമാണ് മഹാര്‍ണവയുഗഛിദ്രകൂര്‍മഗ്രീവാര്‍പണ ന്യായം. ഇങ്ങനെ ചിന്തിപ്പിക്കുകയും അതില്‍ നിന്ന് പുതുവെളിച്ചം കണ്ടെത്തുകയും ചെയ്യാവുന്ന 232 ന്യായങ്ങളാണ് ഹരിയേട്ടന് എന്ന് എല്ലാവരും സ്നേഹപൂര്‍വം വിളിക്കുന്ന മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകന് ഈ ഗ്രന്ഥത്തില്‍ ചേര്‍ത്തിട്ടുള്ളത്. അതിനുവേണ്ടി കഠിനപരിശ്രമം തന്നെ നടത്തി അദ്ദേഹം.
1907ല്‍ പ്രസിദ്ധീകരിച്ച രണ്ടാം ഭാഗത്തിന്റെ കോപ്പി തേടി ഏറെ അലഞ്ഞു. ഒടുവില്‍ തിരുവനന്തപുരം സംസ്കൃത കോളജില്‍ നിന്നാണ് സംഘടിപ്പിച്ചത്. തൊട്ടാല്‍ പൊടിഞ്ഞുപോകാവുന്ന അവസ്ഥയിലുള്ള പുസ്തകത്തിന്റെ ഫോട്ടോസ്റ്റാറ്റ് കോപ്പിയെടുത്താണ് ശേഷിച്ച പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. കരുതിവെപ്പിന്റെ കടലാഴമുള്ള മനസ്സുളളവര്‍ക്കേ ഇങ്ങനെയൊക്കെ ചെയ്യാനാവൂ. ആ സുകൃതസാന്നിധ്യമുള്ള മനുഷ്യസ്നേഹിയുടെ കാല്പ്പാദങ്ങളില് കാലികവട്ടത്തിന്റെ അക്ഷരവന്ദനം.
സമൂഹത്തോട് ഉത്തരവാദിത്തമുള്ള സാമൂഹികപ്രവര്ത്തകന് കാര്യങ്ങള്‍ എങ്ങനെ കാണുന്നുവെന്നും അതെങ്ങനെ പ്രയോജനപ്പെടുത്തുന്നുവെന്നും നാം കണ്ടു. ഒരു സാഹിത്യകാരന് അതെങ്ങനെ വ്യാഖ്യാനിക്കുന്നുവെന്ന് മുമ്പ് നാം ചര്‍ച്ച ചെയ്തു. ഏതായാലും പെരുമ്പടവത്തെ ആ വിദ്വാന് ഗുരുവായി സ്വീകരിക്കാന്‍ ഇതാ മുംബെയില്‍ നിന്ന് ഒരു ആറാം ക്ലാസുകാരി. ഭഗവദ്ഗീത യുദ്ധത്തിനുള്ള ആഹ്വാനമാണെന്നും അതില്‍ മനുഷ്യനന്മയെക്കുറിച്ച് ഒന്നു പറയുന്നില്ലെന്നുമാണല്ലോ പെരുമ്പടവന്റെ പ്രലപനം. എന്നാല്‍ മുംബൈ മീരാ റോഡ് കോസ്മോ പൊലിറ്റന്‍ ഹൈസ്കൂളിലെ മറിയം ആസിഫ് സിദ്ദിഖി(12) പറയുന്നത് കേള്‍ക്കൂ:
ഭഗവദ്ഗീത എന്താണു മനുഷ്യനെ പഠിപ്പിക്കുന്നത് എന്നറിയാന്‍ താല്പ്പര്യമായിരുന്നു. ഇതേ താല്‍പ്പര്യത്തോടെ നേരത്തെ ബൈബിളും വായിച്ചിരുന്നു. മനുഷ്യത്വമാണ് ഏറ്റവും വലിയ മതമെന്നാണ് ഗീതയില്‍ നിന്നു മനസ്സിലാക്കാനായ പ്രധാനകാര്യം (മലയാള മനോരമ, ഏപ്രില്‍ 4). സങ്കീര്‍ത്തനത്തിന്റെ വഴികളെക്കുറിച്ച് നിശ്ചയമുണ്ടായാലും മറിയത്തിന്റെ പതിനായിരം കാതം അകലെ നില്‍ക്കാനേ നമ്മുടെ പെരുമ്പടവന് കഴിയൂ. മുന്‍വിധിയുടെയും പ്രീണനത്തിന്റെയും മുന കൂര്‍ത്ത ആയുധങ്ങള്‍ ഉപേക്ഷിക്കാതെ ആര്‍ക്കും ഗീതയിലെ സാരാംശം കണ്ടെത്തുക വയ്യ.
ഭഗവദ്ഗീത അടിസ്ഥാനമാക്കി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ മത്സരത്തില്‍ മുസ്ലീംബാലിക ഒന്നാംസ്ഥാനം കരസ്ഥമാക്കിയതിനു പിന്നിലെ സത്യവും മറ്റൊന്നല്ല. 195 സ്കൂളുകളില്‍ നിന്ന് 4617 വിദ്യാര്‍ത്ഥികളായിരുന്നു മത്സരത്തില്‍ പങ്കെടുത്തത്. ഗീതയില്‍ ഏറ്റവും സ്വാധീനിച്ചത് കൃഷ്ണനും അര്‍ജുനനും തമ്മിലുള്ള സംഭാഷണ ഭാഗമാണെന്നു പറയുന്ന മറിയം സിദ്ദിഖി ഇത്രയും കൂട്ടിച്ചേര്‍ക്കുന്നു: ശത്രുക്കളോടാണു പൊരുതുന്നതെങ്കിലും അവരെ മുറിവേല്‍പ്പിക്കാതെ നോക്കണമെന്നാണ് കൃഷ്ണന് ഉപദേശിക്കുന്നത്. എല്ലാ മതങ്ങളുടെയും പൊരുള്‍ ഈ നന്മയാണ്. മിത്രത്തെ പോലും മുറിവേല്‍പ്പിച്ച് ചോരച്ചാലുകള്‍ ഒഴുക്കി അതില്‍ ആനന്ദം കണ്ടെത്തുന്നവരുടെ മുമ്പില്‍ നില്ക്കാന് യോഗ്യത നേടിയ പെരുമ്പടവന് ഈ കുട്ടിയുടെ പാദം തൊടാന്‍പോലും അര്‍ഹതയുണ്ടോ?
അമേരിക്കയില്‍ ജോലി ചെയ്യുന്ന ചങ്ങനാശ്ശേരിക്കാരായ ഡോ. ജോര്‍ജും ഭാര്യ പൊന്നമ്മയും ഭഗവദ്ഗീത വായിച്ചിട്ടുണ്ടോ എന്നറിയില്ല. പക്ഷേ, മനുഷ്യത്വത്തിന്റെ മഹാപ്രവാഹത്തില്‍ അവരും തുള്ളികളാണ്. അവര്‍ ഇത്തവണ ഈസ്റ്റര്‍ ആഘോഷിച്ചത് വേറിട്ട വഴിയിലൂടെയാണ്. അതിനെക്കുറിച്ച് മലയാള മനോരമ (ഏപ്രില്‍ 5)യില്‍ വാര്‍ത്ത. ഉയിര്‍പ്പുതിരുനാള്‍ ദിനത്തില്‍ 12 കോടി രൂപയോളം വിലയുള്ള വീട് ഭിന്നശേഷിയുള്ളവരുടെ പരിപാലനത്തിനു സൗജന്യമായി നല്കി ഒരു കുടുംബത്തിന്റെ ഈസ്റ്റര്‍ ആഘോഷം.നന്മയുടെ ഈ ഉയര്ത്തെഴുന്നേല്പ് ഓരോ മനസ്സിലും ഉണ്ടായെങ്കില്‍ എന്ന് ആഗ്രഹിച്ച് പോവുന്നില്ലേ? ലൗകിക ന്യായാഞ്ജലിയിലെ
മഹാര്ണവയുഗഛിദ്രകൂര്മഗ്രീവാര്പണന്യായത്തിലേതു പോലുള്ള അപൂര്‍വത ഇവിടെ കാണുന്നില്ലേ? ഒരു പോയന്റ് മണ്ണിനുവേണ്ടി അയല്ക്കാരന്റെ കൊരവള്ളിക്കു പിടിക്കുന്ന സമൂഹത്തില്‍ ഡോ. ജോര്‍ജിന്റെയും കുടുംബത്തിന്റെയും സ്ഥാനം എവിടെയായിരിക്കും? അമേരിക്കയില്‍ ഡോക്ടറായ ജോര്‍ജ് ചങ്ങനാശ്ശേരിയില്‍ ചീരഞ്ചിറ പടനിലത്ത് ഒന്നര ഏക്കറില്‍ പണിയിച്ച 8500 ചതുരശ്രയടി വീടാണ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കിയത്.
ഭിന്നശേഷിക്കാരുടെ കൈത്താങ്ങായി നില്ക്കുന്ന പ്രത്യാശ ജീവകാരുണ്യ പ്രസ്ഥാനത്തിനാണ് വീട് നല്‍കിയത്. കുടുംബത്തിലുള്ള എല്ലാവര്ക്കും പൂര്‍ണസമ്മതം. സ്നേഹത്തിന്റെ ഇത്തരം ഉയിര്‍പ്പുകള്‍ നാടെങ്ങും ഉണ്ടാവട്ടെ. ഈ വിഷുക്കാലത്ത് ഇത്തരം വാര്‍ത്തകള്‍ കേള്‍ക്കുന്നതു തന്നെ പുണ്യമല്ലേ?
തൊട്ടുകൂട്ടാന്‍
സത്യസ്വരൂപനെത്തേടുന്നവര്ക്കുള്ളില്
കത്തിനില്‍ക്കുന്ന വിളക്കായ്
ഞാന്‍ കൂടെയുണ്ടെന്നൊരാത്മ-
വിചാരത്തില്‍
നാമൊന്നായ് മാറുന്നതല്ലോ!
-അമ്പലപ്പുഴ ഗോപകുമാര്‍
കവിത: ഒരു ഗുരുവായൂര്‍ക്കഥ
ഹിന്ദുവിശ്വ മാസിക (മാര്‍ച്ച്-ഏപ്രില്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: