ഡോ.മന്മോഹന് സിംഗ്, ഇ. ശ്രീധരന്, ചന്ദ്രയാന്‍ ദൗത്യത്തിലെ ശാസ്ത്രജ്ഞര്‍, എ.ആര് റഹ്മാന്, നിതീഷ് കുമാര്‍, അണ്ണാ ഹസാരെ, വിശ്വനാഥന് ആനന്ദ്. പ്രമുഖ ദേശീയ ചാനല്‍ സിഎന്‍എന്‍ ഐബിഎന്നിന്റെ ‘പ്രശസ്ത ഇന്ത്യന്‍’ പുരസ്കാരം മുന്‍ വര്‍ഷങ്ങളില്‍ സ്വന്തമാക്കിയവര്‍ ഇവരാണ്. വിവിധ തലത്തിലും തരത്തിലുമുള്ള നടപടിക്രമത്തിലൂടെ നിശ്ചയിക്കുന്ന പുരസ്ക്കാരത്തിന് ഇത്തവണ അവസാന റൗണ്ടില്‍ ബിജെപി പ്രസിഡന്റ് അമിത് ഷാ, തെലുങ്കാന മുഖ്യമന്തി ചന്ദ്രശേഖരറാവു, ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, ഓറീസാ മുഖ്യമന്ത്രി നവീന്‍ പട്നായിക്, ബോളിവുഡ് താരങ്ങളായ അമീര്ഖാന്, സല്മാന്ഖാന്, ഷാരൂഖ് ഖാന്, തുടങ്ങിയ 36 പേര്‍ക്കൊപ്പം പി വിജയന് എന്ന മലയാളിയുമുണ്ടായിരുന്നു. പട്ടികയിലെ പ്രശസ്തിയുടെ കണക്കെടുത്താല്‍ സംസ്ഥാനത്തെ ഇന്റലിജന്‍സ് ഡിഐജിയായ വിജയന് മുപ്പത്തിയാറാം സ്ഥാനക്കാരന് മാത്രം. എന്നാല്‍ അവാര്‍ഡ് പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ മികച്ച ഭാരതീയന് വിജയനായി. പ്രശസ്തിക്കപ്പുറം പ്രവര്‍ത്തിക്കു കിട്ടിയ അംഗീകാരം.
പബ്ലിക് സര്‍വ്വീസ്, പൊളിറ്റിക്സ്, സ്പോര്‍ട്സ്, ബിസിനസ്, എന്റര്ടെയ്ന്മെന്റ്, ഗ്ലോബല്‍ ഇന്ത്യന്‍ എന്നീ വിഭാഗങ്ങളിലായി ശ്രദ്ധേയരായ വ്യക്തികള്‍ക്കാണ് ഓരോ വര്‍ഷവും അവാര്‍ഡ്. ഓരോ വിഭാഗത്തിലും 6 പേരെ വീതം ഉന്നതര്‍ ഉള്‍പ്പെട്ട ജൂറി കമ്മിറ്റി തെരഞ്ഞെടുക്കും. ഇതില്‍ ഏറ്റവും ശ്രദ്ധേയരായ വ്യക്തിയെ ഫെയ്സ്ബുക്ക് വഴി വോട്ടിംഗിലൂടെയാണ് പേഴ്സണ്‍ ഓഫ് ദ ഇയറായി തെരെഞ്ഞെടുക്കും. ആകെ വോട്ടില്‍ പകുതിയിലധികം കരസ്ഥമാക്കിയാണ് പി. വിജയന് തിളക്കമാര്‍ന്ന വിജയം നേടിയത്. 51 ശതമാനം വോട്ടാണ് ലഭിച്ചത്.
വിജയന് നടപ്പിലാക്കിയ, രാജ്യ വ്യാപകമായി അംഗീകാരം ലഭിച്ച സ്റ്റുഡന്റ്സ് പോലീസ് കേഡറ്റ് പദ്ധതി പരിഗണിച്ചാണ് അവാര്‍ഡിനായി നാമനിര്‍ദ്ദേശം ചെയ്തത്. കേരളത്തില്‍ തുടക്കം കുറിച്ച് ഇന്ത്യയൊട്ടാകെ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന സ്റ്റുഡന്റ്സ് പോലീസ് പദ്ധതിയുടെ സൂത്രധാരനെന്ന നിലയിലുള്ള അംഗീകാരമായി മാറി അവാര്‍ഡ്.
വിജയത്തിളക്കത്തിലും രാജ്യത്തിന്റെ പുരോഗതിക്കായി കൃഷിയിടങ്ങളിലും തെരുവുകളിലും നിര്‍മാണ മേഖലകളിലും രാപ്പകല്‍ കഠിനാദ്ധ്വാനം ചെയ്യുന്ന യഥാര്‍ത്ഥ നായകന്മാര്ക്ക് കൃതജ്ഞത അര്‍പ്പിച്ച്, ദുരിതപൂര്‍ണമായ ബാല്യത്തില്‍ നിന്നും ഐ.പി.എസ് ഓഫീസര്‍ എന്ന നിലയിലേക്കുള്ള തന്റെ യാത്ര വിജയന് വിവരിക്കുമ്പോള്‍ സാധാരണക്കാരില്‍ സാധാരണക്കാരന്റെ കാഴ്ചപ്പാടുകളും സ്വപ്നങ്ങളുമാണ് അതില്‍ നിറയുന്നത്
വിജയം കൈവിട്ടു, ഒരിക്കല്‍ മാത്രം
കോഴിക്കോട് പുത്തൂര്‍മഠം പുതിയോട്ടില്‍ കുലിപ്പണിക്കാരനായ വേലായുധന് ഏഴുമക്കളുടെ ജീവിത ചെലവുകള്‍ താങ്ങാവുന്നതിനപ്പുറമായിരുന്നു. അതിനാല്‍ ആണ്മക്കള് ഓരോരുത്തരും ഏഴാം ക്ളാസ് കഴിയുമ്പോള്‍ ജോലിക്കു പോകും. നാലമനായ വിജയനും ഇളവുണ്ടായിരുന്നില്ല. അതുകൊണ്ട് വിജയനെ വിജയം ഒരേ ഒരു തവണ കൈവിട്ടു.. ആദ്യവട്ടം എസ്.എസ്.എല്‍.സി. പരീക്ഷ എഴുതിയപ്പോള്‍ ഫലം തോല്‍വി. സോപ്പ് കമ്പനിയില്‍ ഉള്‍പ്പെടെ ജോലി ചെയ്തു.
ആദ്യശ്രമത്തിന് ശേഷം അഞ്ച് വര്‍ഷം കഴിഞ്ഞ് വീണ്ടും എസ്.എസ്.എല്‍.സി എഴുതിയപ്പോള്‍ ജയം. പിന്നീട് ഒരു പോരാളിയുടെ മനസ്സോടെ അധ്വാനിച്ച് വിദ്യാഭ്യാസത്തിന്റെ മേഖലകള്‍ ഓരോന്നോരോന്നായി കീഴടക്കുകയായിരുന്നു. കോഴിക്കോട് സര്‍വകലാശാലയില്‍ നിന്ന് സാമ്പത്തികശാസ്ത്രത്തില്‍ എം.എ. ബിരുദവും എം.ഫില്ലും.
ഒടുവില്‍ മനസ്സിന്റെ നിശ്ചയം പോലെ 1999 ല്‍ ഐ.പി.എസും. നാട്ടില്‍ ഒരാള്‍ ജോലിക്കൊപ്പം നൈറ്റ് കാളാസിനു പോയി എസ്.എസ്.എല്‍.സി. പരീക്ഷ പാസ്സായത് എനിക്ക് പ്രചോദനമായി.ഒരു ശ്രമം നടത്താമെന്ന് അപ്പോള്‍ തോന്നി.പഠിക്കാത്തതിനാല്‍ അഭിമുഖീകരിക്കേണ്ടി വരുന്ന ജീവിതസാഹചര്യം എത്രമാത്രം പ്രയാസകരമാണെന്നും തിരിച്ചറിഞ്ഞു.ആവശ്യകതയെ പൂര്‍ണ്ണമായും തിരിച്ചറിഞ്ഞുളള പഠനം.
എനിക്ക് എം.എ എക്കണോമിക്സിന് യു.ജി.സി.ഫെല്ലോഷിപ്പ് കിട്ടി.അന്നത് അപൂര്‍വ്വമായിരുന്നു.മാസം 1800 രൂപയുണ്ട്.മാത്രമല്ല ആത്മവിശ്വാസം വര്‍ദ്ധിക്കുകയും ചെയ്തു.റിസര്‍ച്ചിന്റെ ഭാഗമായി ദല്‍ഹിയിലൊക്കെപ്പോയി.വലിയ ആള്‍ക്കാരെ പരിചയപ്പെട്ടു. ഉളളിലെ അപകര്‍ഷതാബോധമൊക്കെ മാറി.് ഇന്ത്യന്‍ എക്കണോമിക്സ് സര്‍വ്വീസും കിട്ടി.ഗ്രാമീണ പശ്ചാത്തലത്തില്‍ നിന്ന് വരുന്നവര്‍ക്കും കഴിവുണ്ടെങ്കില്‍ അവസരം ലഭിച്ചാല്‍ ഉയരാനാകുമെന്ന് മനസിലായി.അങ്ങനെ സിവില്‍സര്‍വീസിലേക്ക് പോയി
ലിങ്കണ്, ഗാന്ധി, വിവേകാനന്ദന്, കലാം, വി പി ജോയി
പത്താം ക്ലാസില്‍ വീണ്ടും പരീക്ഷ എഴുതാന്‍ പ്രേരണയായത് ജോലിയോടൊപ്പം പ്രൈവറ്റായി പഠിച്ച് പത്താം ക്ലാസ് ജയിച്ച നാട്ടുകാരനായിരുന്നു. എന്നാല്‍ പഠനത്തിനും പ്രചോദനവും ആത്മവിശ്വാസവും നല്‍കിയത് പലതാണ്. ആദ്യം എബ്രഹാം ലിങ്കണ്. ലിങ്കനെകുറിച്ചുള്ള ചെറുപുസ്തകം വായിച്ചുതീര്‍ന്നപ്പോള്‍ എന്തുകൊണ്ട് ലിങ്കനെപ്പോലെ ആയിക്കൂടാ എന്ന തോന്നലുണ്ടായി. തികച്ചും പ്രതികൂലസാഹചര്യത്തിലും പഠിച്ച് ജീവിതത്തിന്റെ ഓരോ പടവുകളും കയറി അമേരിക്കന്‍ പ്രസിഡന്റുവരെയായി. അടിമത്തം നിര്‍ത്തലാക്കുക എന്ന ലക്ഷ്യം മുന്നില്‍വച്ചായിരുന്നു ലിങ്കന്റെ പ്രവര്‍ത്തിയെല്ലാം.
പ്രസിഡന്റ് ആകാന്‍ വേണ്ടിയല്ല മറിച്ച് അടിമത്തം ഇല്ലാതാക്കാന്‍ വേണ്ടിയാണ് അദ്ദേഹം പ്രസിഡന്റായത്. ഗാന്ധിജിയായിരുന്നു മറ്റൊരു വലിയ പ്രേരണ. ഒരു ലക്ഷ്യത്തിനായി നിരന്തരപ്രവര്‍ത്തനം. 38 വര്‍ഷമാണ് എല്ലാവിധ പ്രതിബന്ധങ്ങളെയും തരണം ചെയ്ത് സ്വാതന്ത്ര്യം എന്ന ഒറ്റ ലക്ഷ്യത്തിനായി ഗാന്ധിജി പ്രവര്‍ത്തിച്ചത്. അവസാനം സ്വന്തം ജീവിതവും ഇച്ഛാശക്തിയും കരുത്തുംകൊണ്ട് അത് നേടിയെടുക്കുകയും ചെയ്തു. ജീവിതകാഴ്ചപ്പാട് നല്‍കിയത് സ്വാമി വിവേകാനന്ദനാണ്. ഭാരത സംസ്കാരത്തെകുറിച്ചു ആദ്ധ്യാത്മികതയെ കുറിച്ചു യുക്തിഭദ്രവും യഥാര്‍ത്ഥബോധത്തോടെയും വിശദീകരിച്ച മറ്റൊരാളില്ല.
ആധുനികകാലത്ത് പ്രചോദിപ്പിക്കുന്ന വ്യക്തിത്വം എപിജെ അബ്ദുള്‍കലാമാണ്. എല്ലാ അര്‍ത്ഥത്തിലും അനുകരിക്കേണ്ട വ്യക്തിത്വം. 76-ാം വയസ്സിലും എത്രയൊ കുട്ടികളുമായിട്ടാണ് അദ്ദേഹം ആശയവിനിമയം നടത്തുന്നത്. ഭാവിയുടെ പ്രതീക്ഷ കുട്ടികളിലാണെന്ന അദ്ദേഹത്തിന്റെ സ്വപ്നം തന്നെയാണ് തന്റെ പല പദ്ധതികള്‍ക്കും പിന്നില്‍.
ഐപിഎസ് എടുക്കാന്‍ പ്രേരണ വി.പി. ജോയി എന്ന ഐഎഎസുകാരനാണ്. സാധാരണ വീട്ടില്‍ ജനിച്ച ജോയിക്ക് ഐഎഎസ് കിട്ടിയത് പത്രങ്ങള്‍ക്ക് പ്രത്യേക വാര്‍ത്തയായിരുന്നു. അത് വായിച്ചപ്പോള്‍ പിന്നെ എനിക്ക് എന്തുകൊണ്ട് ആയിക്കൂടാ എന്ന ചിന്തയായി. അത് പിന്നെ ആഗ്രഹമായും യാഥാര്‍ത്ഥ്യമായും സംഭവിച്ചു.
മുഴുവന്‍ പോലീസുകാര്‍ക്കും വേണ്ടി
എതിര്‍പ്പുകളും വിമര്‍ശനങ്ങളും മാത്രം നേരിടാന്‍ വിധിക്കപ്പെട്ട കാക്കിയുടുപ്പിന് നിയമ പാലനത്തിനപ്പുറം ഭാവി തലമുറയ്ക്ക് വെളിച്ചം പകരാന്‍ കഴിയുമെന്ന യാഥാര്‍ത്ഥ്യം കാണിച്ചുതന്ന വിജയന് തന്റെ നേട്ടം രാജ്യത്തെ നിയമവും ജനങ്ങളുടെ സുരക്ഷയും കാത്തു സൂക്ഷിക്കുന്നതിന് അക്ഷീണം പ്രയത്നിക്കുന്ന പോലീസുകാര്‍ക്കായിട്ടാണ് സമര്‍പ്പിച്ചത്. പോലീസിന്റെ ഈ സേവനങ്ങള്‍ വേണ്ട വിധം അംഗീകരിക്കപ്പെടാറില്ലന്നും അതിനാല്‍ അവര്‍ക്ക് വേണ്ടിയാണ് അവാര്‍ഡ് സ്വീകരിക്കുന്നതെന്നും വിജയന് പറയുമ്പോള്‍ അത് പോലീസ് സേനയ്ക്ക് ആകെ നല്കുന്ന സല്യൂട്ട് കൂടിയാണ്.
പൊലിസുകാരുടേത് 10 മണി മുതല്‍ അഞ്ചുമണി വരെയുളള ജോലിയല്ല.ശനി,ഞായര്‍ പ്രശ്നമില്ല. ആഴ്ചയില്‍ ഇരുപത്തിനാലു മണിക്കൂറും പ്രവര്‍ത്തിക്കേണ്ട തൊഴിലാണിത്.സ്വതന്ത്ര ഭാരതത്തെ ഒറ്റക്കെട്ടയി നിലനിര്‍ത്തുന്നത് പോലീസാണ്. ജനാധിപത്യ സമ്പ്രദായത്തിന്റെ വിജയത്തിന് പോലീസിനാണ് പ്രധാന പങ്ക്. അതിര്‍ത്തി കാക്കുന്ന സൈനികനു നല്കുന്ന ആദരവിന്റെ ആയിരത്തിലൊന്ന് പോലും അകം സംരക്ഷിക്കുന്ന പോലീസിനു നല്‍കാറില്ല. സൈനികന് മരിച്ചാല്‍ നാടു മുഴുവന്‍ തേങ്ങും. അതു വേണം. എന്നാല്‍ പോലീസുകാരന് ഡ്യുട്ടിക്കിടെ കൊല്ലപ്പെടുന്നത് കാര്യമേ ആകുന്നില്ല.
പ്രതിവര്‍ഷം 1000 ത്തിലധികം പോലീസുകാര്‍ രാജ്യത്ത് കൊല്ലപ്പെടുന്നുണ്ട്. പക്ഷേ പോലീസിന് എന്നും കുറ്റപ്പെടുത്തലുകളും അധിക്ഷേപവും മാത്രം. രാഷ്ടീയ പാര്‍ട്ടികളുടെ സമരത്തില്‍ പൊലീസിനെ കളിയാക്കുന്നതിന് അതിരുണ്ടോ. സിനിമകളിലും പോലീസ് വില്ലന്മാരാണ്. സാഹചര്യം മാറണം. മാറും, അതിന് പോലീസും മാറി ചിന്തിക്കണം,ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്ന പൊലീസുകാര്‍ പറയുന്നത് ജനം തുറന്ന മനസോടെ സ്വീകരിക്കുകയും സഹകരിക്കുകയും ചെയ്യും.
കുട്ടിപ്പോലീസ്
രാജ്യത്തിന് മാതൃകയായ കുട്ടിപ്പോലീസ് പദ്ധതിയടക്കം വിദ്യാര്‍ഥികളുടെ പ്രവര്‍ത്തനമികവിന് വിവിധ പദ്ധതികള്‍ ആവിഷ്കരിച്ച താണ് വിജയനെ ‘പ്രശസ്ത ഇന്ത്യന്‍’ അക്കിയത്. 2006 ല്‍ കൊച്ചിയില്‍ സിറ്റി പൊലീസ് കമ്മീഷണറായിരിക്കുമ്പോഴാണ് സ്റ്റുഡന്റ് കേഡറ്റ് പദ്ധതി ആവിഷ്ക്കരിച്ചത്. വിദ്യാര്‍ത്ഥികളില്‍ നിയമബോധവും പൗരബോധവും സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കിയ പദ്ധതിയിലൂടെ 32,000ത്തോളം വിദ്യാര്‍ത്ഥികള്‍ സ്റ്റുഡന്റ് പൊലീസ് പരിശീലനം പൂര്‍ത്തിയാക്കി.
2,000ത്തോളം പേര് ഇപ്പോള്‍ പരിശീലനത്തിലാണ്. സംസ്ഥാനത്ത് വിജയന് ‘സംഭാവന’ ചെയ്ത ഈ പദ്ധതി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വന്തം നാടായ ഗുജറാത്ത് പോലും ഇപ്പോള്‍ മാതൃകയാക്കി നടപ്പാക്കി വരികയാണ്. രാജ്യത്തെ എല്ലാ സ്കൂളുകളിലേക്കും സ്റ്റുഡന്റ്സ് പൊലീസ് സംവിധാനം നടപ്പാക്കുന്നതിനെക്കുറിച്ച് കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്ന ഘട്ടത്തിലാണ് പുരസ്കാരം വിജയനെ തേടി എത്തിയിരിക്കുന്നത്.
സ്റ്റുഡന്റ് പൊലീസ് കേഡറ്റ് ( എസ്.പി.സി), ലഹരി ഉപയോഗത്തിലും മോഷണശ്രമത്തിലുംപെട്ട കുട്ടികുറ്റവാളികളെ ജീവിതത്തിലേക്ക് മടക്കികൊണ്ടുവരാന്‍ ലക്ഷ്യമിട്ട് രൂപംനല്കിയ ഔവര്‍ റെസ്പോണ്സിബിലിറ്റി ടു ചില്‍ഡ്രന്‍ (ഒ.ആര്.സി), ഒരു കൂട്ടം സുഹൃത്തുക്കളെ ഒപ്പം കൂട്ടി മിടുക്കരായ 5000ത്തോളം വിദ്യാര്‍ത്ഥികള്‍ക്ക് തുടര്‍വിദ്യാഭ്യാസത്തിന് വേണ്ട അവസരം ഒരുക്കുന്ന നന്മ ഫൗണ്ടേഷന്, കുട്ടികള്‍ക്ക് ഫുട്ബോള്‍ പരിശീലനം നല്കുന്ന പദ്ധതി. ഒരു സാമൂഹ്യ പ്രവര്‍ത്തകന്റെയും പോലീസ് ഉദ്യോഗസ്ഥന്റെയും റോളില്‍ സാമൂഹ്യപ്രതിബദ്ധത മുന്‍നിര്‍ത്തി വിജയന് രൂപം നല്കിയ നവീന പദ്ധതികള്‍ പലതാണ്.
ശബരിമലയില്‍ ഹൈക്കോടതിയുടെ പ്രശംസപോലും ഏറ്റുവാങ്ങിയ പുണ്യം പൂങ്കാവനം പദ്ധതി വിജയന് ശബരിമല സ്പെഷ്യല്‍ ഓഫീസറായിരുന്നപ്പോള്‍ നടപ്പിലാക്കി്. ക്ലീന്‍ ക്യാംപ്സ് ആന്‍ഡ് സേഫ് ക്യാംപസ് പദ്ധതിയും ഇദ്ദേഹത്തിന്റെതുതന്നെ.
പോലീസ് ഓഫീസര്‍ എന്ന നിലയില്‍ വളരെ വിഷമകരമായ നിരവധി പ്രശ്നങ്ങളെ അഭിമുഖീകരിച്ചിട്ടുണ്ട്. വെല്ലുവിളികള്‍ ഏറ്റെടുതിതാണ് സ്റ്റുഡന്റ്സ് പോലീസ് കേഡറ്റ്, ഔവര്‍ റെസ്പോണ്സിബിലിറ്റി ടു ചില്‍ഡ്രന്‍, നന്മ ലേണിങ് സെന്ററുകള്‍ തുടങ്ങിയ പദ്ധതികള്‍ക്ക് തുടക്കം കുറിച്ചത്.ആയിരക്കണക്കിന് കുട്ടികളെ മികച്ച സ്വപ്നങ്ങള്‍ കാണുന്നതിനും ശക്തമായ മനസോടെ അവയെ പിന്തുടരുന്നതിനും ഈ പദ്ധതികള്‍ സഹായിച്ചിട്ടുണ്ടെന്ന് ഉറച്ച് വിശ്വസിക്കുന്നു. അവരുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കപ്പെടുമ്പോള്‍ ഭാരതം മികച്ച ജീവിത നിലവാരമുള്ള പുരോഗതി പ്രാപിച്ച ഒരു സ്ഥലമായി മാറും.
“ഭാരതം അവസരങ്ങളുടെ ഒരു വലിയ രാജ്യമാണ്. പ്രശ്നങ്ങളെ മറികടന്ന് സാധാണക്കാരുടെ വിധി മാറ്റിമറിക്കത്തക്ക പരിഹാരം കണ്ടെത്തുക എന്നത് വെല്ലുവിളിയാണ്.എപ്പോഴാണോ ഒരാള്‍ ശക്തമായ മനസോടെ പ്രശ്നങ്ങളെ നേരിടാനുള്ള പ്രാപ്തി കൈവരിക്കുകയും മനസില്‍ ലക്ഷ്യങ്ങള്‍ ഉറപ്പിക്കുകയും ചെയ്യുന്നത് ആ സ്വപ്നം സാക്ഷാത്കരിക്കാനും ലക്ഷ്യം നേടിയെടുക്കാനും മുഴുവന്‍ ലോകവും അയാളോടൊപ്പം നില്ക്കും. എന്റെ എളിയ ജീവിതവും അനുഭവവും വിജയത്തിന്റെ ഈ പൊതു മന്ത്രമാണ് പറയുന്നത്.”വിജയന് പറഞ്ഞു.
മുടക്കില്ല ക്ഷേത്ര ദര്‍ശനം
വിശ്വാസം വിട്ടൊരു കാര്യവും വിജയന്റെ ജീവിതത്തിലില്ല. ആഴ്ചയില്‍ നാലുദിവസം ക്ഷേത്രദര്‍ശനം തീര്‍ച്ച.
ജോലി എവിടെയായാലും എത്ര തിരക്കിലാണെങ്കിലും അതിന് സമയം കണ്ടെത്തിയിരിക്കും. ചൊവ്വ/വെള്ളി ദേവീക്ഷേത്രം. തിങ്കള്‍/ശനി ശിവക്ഷേത്രം. വ്യാഴം കൃഷ്ണക്ഷേത്രം. മറ്റ് ദിവസങ്ങളിലില്‍ മറ്റ് ക്ഷേത്രങ്ങള്‍ ഇതാണ് പതിവ്. ഹിന്ദുത്വാഭിമാനമോ ക്ഷേത്രധാരണയോ ഇതേവരെ മറ്റുള്ളവരില്‍നിന്ന് ഒരു പ്രശ്നവും ഉണ്ടാക്കിയിട്ടില്ല. അത് തികച്ചും വ്യക്തിപരമായി കാണാന്‍ എല്ലാവര്ക്കും കഴിയും. കഴിയുന്നുമുണ്ട്.
ജോലിയില്‍ ഏതെങ്കിലും തരത്തിലുളള വിഭാഗീയത കാട്ടുമോ എന്നതാണ് കാര്യം. അത് ചെയ്യാതിരിക്കുന്നിടത്തോളം കാലം അദ്ധ്യാത്മികയുമായി ഇഴുകി ചേരുന്നതില്‍ ഒരു കുഴപ്പവുമില്ല.
അറേഞ്ച്ഡ് ലൗ മാര്യേജ്
സിവില്‍ സര്‍വീസില്‍ ഒരേ ബാച്ചുകാരായിരുന്ന തിരുവനന്തപുരം സ്വദേശിനി ഡോ. ബീന ജീവിതപങ്കാളിയായത് പ്രേമത്തിലൂടെയോ എന്നു ചോദിച്ചാല്‍ സമ്മതത്തിനും എതിര്‍പ്പിനുമിടയില്‍ നിന്നൊരു ഉത്തരമായിരിക്കും വിജയന് നല്‍കുക.’മസൂറിലെ പരിശീലനത്തിനിടയിലാണ് പരിചയപ്പെടുന്നത്. പരസ്പരം ഇഷ്ടപ്പെട്ടു പ്രേമമെന്നു പറയാനാകുമോ എന്നറിയില്ല. പിന്നീട് വീട്ടുകാരുമായി ആലോചിച്ച് കല്യാണം ‘അറേഞ്ച്ഡ് ലൗ മാര്യേജ്’ എന്നുവേണമെങ്കില്‍ പറയാം.” വിജയന് വിശദീകരിച്ചു. എറണാകുളം കളക്ടര്‍ ആയിരുന്ന ബീന ഇപ്പോള്‍ ആരോഗ്യവകുപ്പ് സെക്രട്ടറിയാണ്. ആയൂഷിന്റെ ചുമതലയോടൊപ്പം കെഎസ്ഐഡിസിയുടെ എംഡി കൂടിയാണ് ബീന. എട്ടാം ക്ലാസുകാരി വിഷ്ണുപ്രിയയും ആറു വയസ്സുകാരന് വിഘ്നേഷിനുമൊപ്പം പേരൂര്‍ക്കട മണികണ്ഠേശ്വരം ക്ഷേത്രത്തിനൊപ്പം താമസിക്കുന്ന വിജയന് കുടുംബമാണ് എല്ലാത്തിനും ആധാരമെന്ന വിശ്വാസക്കാരന്‍കൂടിയാണ്.
കൂട്ടായ യജ്ഞത്തിന്റെ വിജയം
അവാര്‍ഡ് വളരെ സന്തോഷം നല്കുന്നു. ഇന്ത്യയിലെ വളരെ ആദരിക്കപ്പെടുന്ന പുരസ്കാരമായിട്ടാണ് പലരും ഈ നേട്ടത്തെ കാണുന്നത്. ജ്യൂറി അവാര്‍ഡിനേക്കാള്‍ പ്രമുഖര്‍ക്കിടയില്‍ നിന്നും ജനങ്ങളുടെ തെരഞ്ഞെടുപ്പിലൂടെ പുരസ്കാരത്തിന് അര്‍ഹനായി എന്നത് വലിയ കാര്യമാണ്.കേരളത്തിനകത്തും പുറത്തുമുള്ള മലയാളികള്‍ ഒരു വിഭാഗീയതയും കൂടാതെ വോട്ട് നല്കി സിനിമമേഖലയില്‍ നിന്നുള്ളവര്‍. മമ്മൂട്ടി, കാവ്യാമാധവന്, മഞ്ജുവാര്യര്‍, ദിലീപ് തുടങ്ങിയവരെല്ലാം സഹായിച്ചു. മാധ്യമങ്ങളും വലിയ രീതിയില്‍ സഹായിച്ചു. യുവമോര്‍ച്ച, ഡിവൈഎഫ്ഐ യൂത്ത്കോണ്‍ഗ്രസ്, തുടങ്ങിയ സംഘടകള്‍ രാഷ്ര്ടീയം മറന്ന് പ്രചാരണം നടത്തി. ഒരു മലയാളി എന്ന പരിഗണനയാകാം ഈ ക്യാംപെയിനിന് പിന്നിലുണ്ടായിരുന്നത്. പിന്നെ തുടങ്ങി വെച്ച ഒരുപാട് പദ്ധതികള്‍ക്കുള്ള സ്നേഹവും അംഗീകാരവും.സാധാരണ വ്യക്തികള്‍ക്കും ഉയര്‍ച്ചയിലെത്താന്‍ അവസരമുണ്ടെന്നും ശ്രമിച്ചാല്‍ വിജയത്തിലെത്താന്‍ കഴിയുമെന്നുമുള്ള തോന്നലുണ്ടാക്കാന്‍ ഈ വിജയം സഹായിക്കുമെന്ന് വിജയന് കരുതുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: