നിള പതഞ്ഞുപൊന്തുന്ന സൗന്ദര്യത്തികവായി നീ വീണ്ടുമൊഴുകിയെത്തുമോ?
എന്ത് പറയണമെന്നറിയാതെ അമ്പരന്നിരിക്കുമ്പോള്‍ അംബരക്കുഞ്ഞുങ്ങളോട് കിന്നാരം പറഞ്ഞ് ഓട്ടക്കീശയിലെ കല്‍ക്കണ്ടത്തുണ്ടുകള്‍ വാരിവിതറി മേഘരൂപനായി അവധൂത കവി കലാലയാങ്കണത്തിലൂടെ പൊട്ടിച്ചിരിച്ച് കടന്നു പോയോ?
ഇപ്പോള്‍ എന്നിലേക്ക് പെയ്തിറങ്ങുന്നത് കലാശം കൊട്ടിത്തിമിര്‍ക്കുന്ന പഞ്ചവാദ്യത്തിന്റെ മേളപ്പെരുക്കങ്ങളോ?അല്‍പ്പമകലെ തിങ്കള്‍ക്കലാധരന്‍ ഉമാപതി കനിഞ്ഞ് നല്കിയ ഡമരുവുമായി വെങ്കിച്ചന് സ്വാമി നില്ക്കുന്നുണ്ടായിരുന്നോ? ആകാശസീമയ്ക്കുമപ്പുറത്തേക്ക് ഉയര്‍ന്ന് പോകുന്ന നാദഗോപുരത്തിന്റെ ശില്‍പ്പ സൗഭഗം ആസ്വദിച്ച് ചെമ്പൈ രാമപ്ഫനോടൊപ്പം അരയാല്‍ത്തറയില്‍. ഇപ്പോല്‍ മേഘങ്ങള്‍ക്ക് അന്തിച്ചേക്കേറുവാന് പറന്നുപോം കൊറ്റിക്കൂട്ടത്തിന്റെ രൂപം..
അനംഗശരമേറ്റ് മതിമറന്ന് ശൃംഗാര പദമാടിക്കുഴഞ്ഞെത്തിയ കാവുങ്ങലിന്റെ കീചകനിപ്പോള് വലലന്റെ ലോഹബാഹുക്കളില് ഞെരിഞ്ഞുടയുകയാണ്…
ലാസ്യലാവണ്യ വടിവൊക്കും തരള കരപദ ചലനങ്ങളുമായി കൈശികീവൃത്തിയുടെ അനവദ്യ ഭാവരസങ്ങളോടെ ആതിരയായി പൂത്ത് നില്‍ക്കുന്നത് ചോമയില്‍ മാധവിയമ്മ തന്നേയോ…
ഹൃത്തുടി നാദം പോല്‍ ഉയര്‍ന്നു കേട്ടിരുന്ന മിഴാവിന്റെ സ്വരമൊരല്പ നേരത്തേക്ക് നിലച്ചുവോ, തെരുവില്‍, ആരവങ്ങള്‍ക്കിടയില്‍ കലക്കത്തെ ആ കൊച്ചുബാലന് തുള്ളല്‍ക്കഥ പാടിത്തുടങ്ങിയോ?
വിവര്‍ണ്ണമായ മുഖത്തോടെ ഉദ്ദണ്ഡശാസ്ത്രികള്‍ കുനിഞ്ഞശിരസ്സുമായി പടിയിറങ്ങി പുഴകടന്ന് പൊയ്ക്കഴിഞ്ഞു, അര്‍ത്ഥനിമീലിത നയനങ്ങളുമായി കാക്കശേരി സരസ്വതീധ്യാനം നിര്‍വ്വിഘ്നം തുടരുന്നു…
പരുക്കന്‍ കുട്ടിത്തോര്‍ത്തുമുടുത്ത് കുഞ്ഞിക്കാവുതമ്പുരാന് കൂടല്ലൂര്‍ മനയിലെ വടക്കിനിയില്‍ പതഞ്ജലീപൂജ കഴിഞ്ഞ് ദര്ശനപാഠനത്തിനു മുമ്പായി അതിഥികള്‍ക്ക് ചോറു വിളമ്പുന്നു…
ഭക്തിയാണേറ്റം ശ്രേഷ്ഠമെന്ന് അടിയറവ് പറഞ്ഞു മീന്‍ തൊട്ടുകൂട്ടിത്തുടങ്ങിയ വിഭക്തി, ശ്രീനാരയണീയ ജ്യോതിര്ന്നാളത്തില് ജ്വലിക്കുന്നു…
ഒന്നൊന്നായി മേഘങ്ങള്‍ക്ക് രൂപം മറുന്നു… ചെമ്പട്ടു ചുറ്റി ചെമ്പരത്തിപ്പൂമാലയണിഞ്ഞ് പെരും പോരിന് വായ്ത്താരിയലറി എത്തുന്ന ചാവേറുകളായി, കിളിമകളുടെ കളമൊഴിയായി, കയ്ക്കാകാഞ്ഞിരത്തിന്റെ ഇലകളായി, മുനകൂര്‍ത്ത സ്വര്ണ്ണനാരായത്തുമ്പായി, കവി പോയിട്ടും പോകാതെ ചിരന്തനമായി നിലനില്‍ക്കുന്ന കവിതപോലെ പ്രണവം മുഴക്കുന്ന മണിദ്വീപാം കലാമണ്ഡലമായി…
നിളാനദി; മേഘങ്ങളിപ്പോള്‍ ആലിപ്പഴമായി ചിതറിയുതിരുന്നു, അതിനു നിത്യസഞ്ചാരിയാം കവിയുടെ കിനാവിന്റെ ചെത്തവും ചൂരും.. ”ആരുടെ വല്സലോത്സംഗത്തിലെന്റെ കൊച്ചു ഭാവന കുട്ടിക്കരണം മറിഞ്ഞു കളിക്കുന്നു, ഏതൊരു വെണ്മണല്ത്തിട്ടിലെന്റെ സ്വപ്നങ്ങള്‍ പൂത്താംകോല് കളിച്ച് രസിക്കുന്നു, ഏതിന്റെ പഞ്ചസാരഭരണിക്ക് ചുറ്റും എന്റെ കവിത എപ്പോഴും അരിച്ചുനടന്നുകൊണ്ടിരിക്കുന്നു, ആരുടെ പതഞ്ഞൊഴുകുന്ന സൗന്ദര്യത്തില്‍ ഒന്നു മുങ്ങിക്കുളിച്ച് ഹൃദയതാപം മാറ്റാന്‍ ജീവിതം ആശിക്കുന്നു, ആ നിളാ നദി, ആരുടെ പ്രേമാര്‍ദ്ര ഹൃദയത്തിലെന്റെ ജീവിതം എന്നെന്നേക്കുമായി വീണുറങ്ങാന്‍ ആശിക്കുന്നു.. അവള്, നിള ഏകാന്തതയില്‍ അദൃശ്യ വീണയും മടിയിലേന്തി പാടുന്ന അശ്രുകലുഷമായ പ്രേമാര്‍ദ്ര ഗാനം” ഇങ്ങിവിടെ ഞാന്‍ കേള്‍ക്കുകയാണ്..
ആ വത്സലജനനിക്കായുള്ള കൂട്ടായ്മയില്‍ തോന്നിയതൊക്കെ പറഞ്ഞു തുടങ്ങി…
ഹൈദരാബാദില്‍ പരിപാടി നന്നായിരുന്നു…
വിവേകാനന്ദ സ്വാമി ചിക്കാഗൊ യാത്രയ്ക്ക് മുമ്പുവന്നു പ്രസംഗിച്ച ഇടം…
നിളയുടെ സൗന്ദര്യവും ദൈന്യതയും ഒരുപോലെ ചിത്രീകരിക്കുന്ന ശശിമേനോന്റെ പ്രദര്‍ശിനി…
ശ്രീദേവ് കപ്പൂരിന്റെ ഹൃദയാവര്‍ജ്ജകമായ ‘പുഴയുടെ സ്വപ്നം’ ‘ഇടവഴികള്‍’ എന്നീ ഡോക്യുമെന്ററികള്‍, ആറ്റമിക് റിസര്‍ച്ച് സെന്ററിലെ മാധവന് നമ്പൂതിരിയുടെ കവിത…
വിപിന്‍ കൂടിയേടത്തിന്റെ നിളായനത്തെക്കുറിച്ചുള്ള വിശദീകരണം…
എല്ലാറ്റിനുമുപരി എന്റെ സഹോദരന് എക്കാലത്തേയും ഇഷ്ടഗായകന് ഗോകുലന്റെ മനോഹരമായ ഗാനങ്ങള്‍…
കുറെ ഏറെ പുതിയ സൗഹൃദങ്ങള്‍…
ഉള്ളം കുളിര്‍ത്തു…
കേരളത്തിനു പുറത്ത് നിളയുടെ സംരക്ഷണാര്‍ത്ഥം നടത്തിയ ആദ്യ പരിപാടി…
ഹൈദരാബാദില്‍ നിളായനം സംഘടിപ്പിച്ചു…
നിളാ വിചാരവേദിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന നദീമഹോത്സവ പ്രചരണത്തിന്റെ ഭാഗമായി ഹൈദരാബാദില്‍ മലയാളി സമാജവും നിളാവിചാര വേദിയും സംയുക്തമായി നിളായനം സെമിനാര്‍ സംഘടിപ്പിച്ചു. സെക്കന്തരാബാദ് മെഹബൂബ കോളേജ് ഓഡിറ്റോറിയത്തില്‍ നടന്ന സെമിനാറില്‍ ശ്രീദേവ് കപ്പൂര്‍ സംവിധാനം നിര്‍വഹിച്ച ‘പുഴയുടെ സ്വപ്നം’, ‘ഇടവഴികള്‍’ എന്നീ ഡോക്യുമെന്ററികളും, ശശി മേനോന് എടുത്ത ‘നിളയുടെ ഭാവങ്ങള്‍’ ഫോട്ടോ എക്സിബിഷനും നടന്നു.
‘നിള കേരളത്തിന്റെ സാംസ്കാരിക ഭൂമിക’ എന്ന വിഷയത്തില്‍ കേസരി ചീഫ് എഡിറ്റര്‍ ജെ. നന്ദകുമാര്‍ വിഷയം അവതരിപ്പിച്ചു. ഐഎസ്ആര്‍ഒ സയന്റിസ്റ്റ് രഘുനാഥ് മേനോന്, പ്രദീപ് നമ്പ്യാര്‍ ആറ്റമിക് റിസര്‍ച്ച് സൈന്റിസ്റ്റ് മാധവന് നമ്പൂതിരി എന്നിവര്‍ വിവിധ വിഷയങ്ങളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. നിളാ വിചാര വേദി ജനറല്‍ സെക്രട്ടറി വിപിന്‍ കൂടിയേടത്ത്, ഹൈദരാബാദ് ചാപ്റ്റര്‍ ഭാരവാഹികളായ രഞ്ജിത് നായര്‍, പ്രദീപ് മട്ടന്നൂര്‍, രഞ്ജിത് കൊക്കൂട്ട്, വിജിത്ത് എന്നിവര്‍ സംസാരിച്ചു. ഏപ്രില്‍ അവസാനവാരം ബെംഗളൂരു, ചെന്നൈ എന്നിവിടങ്ങളിലും നിളായനം സംഘടിപ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: