ന്യൂദല്‍ഹി: എഎപി ദേശീയ കണ്‍വീനറും ദല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജരിവാളിനു പ്രശാന്ത് ഭൂഷന്റെ തുറന്ന കത്ത്. തന്നെ ദേശീയ നിര്‍വാഹക സമിതിയില്‍ നിന്നും പുറത്താക്കിയതിനെതിരെയാണു ഭൂഷണ്‍ കേജരിവാളിനു കത്തയച്ചത്.
വോട്ടെടുപ്പില്ലാതെയാണു തന്നെ പുറത്താക്കിയതെന്നും യാതൊരു നടപടി ക്രമങ്ങളും ഇക്കാര്യത്തില്‍ പാലിച്ചിട്ടില്ലെന്നും കത്തില്‍ ആരോപിക്കുന്നു.
പാര്‍ട്ടിയെ ഹൈക്കമാന്‍ഡ് കേന്ദ്രീകൃത പാര്‍ട്ടിയാക്കി മാറ്റി ലക്ഷക്കണക്കിനു പ്രവര്‍ത്തകരെ ചതിക്കുകയാണ് അരവിന്ദ് കേജ്‌രിവാള്‍ ചെയ്യുന്നതെന്ന് ആംആദ്മി പാര്‍ട്ടി വിമത നേതാവ് പ്രശാന്ത് ഭൂഷണ്‍ കുറ്റപ്പെടുത്തി.
പാര്‍ട്ടിയെ ഇങ്ങനെയാക്കുന്നതില്‍ ദൈവവും ചരിത്രവും നിങ്ങളോടു ക്ഷമിക്കില്ലെന്ന് ഭൂഷണ്‍ കത്തില്‍ പറയുന്നു. ദല്‍ഹി തിരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടിയതിനെ തുടര്‍ന്നു താങ്കളുടെ മികച്ച കഴിവുകള്‍ രാജ്യത്തെ ജനങ്ങള്‍ക്കു വേണ്ടി പ്രയോഗിക്കുകയാണ് വേണ്ടത്. എന്നാല്‍, താങ്കളുടെ തെറ്റായ കഴിവുകളാണ് ഇപ്പോള്‍ പ്രയോഗിക്കുന്നത്, കത്തില്‍ പറയുന്നു.
പരമ്പരാഗത രാഷ്‌ട്രീയപ്പാര്‍ട്ടികളായ കോണ്‍ഗ്രസ്, ബിജെപി എന്നിവയ്‌ക്കു പോലും ചില ഭരണനിര്‍വഹണ കാര്യങ്ങളുണ്ട്. ശുദ്ധവും തത്വാധിഷ്ഠിതവുമായ രാഷ്‌ട്രീയം വേണമെന്നും അഴിമതി രഹിത ഭരണം വേണമെന്നുമുള്ള നമ്മുടെ സ്വപ്നം ഇപ്പോള്‍ വിചാരിച്ചതിലും വലുതായി. ഈ സ്വപ്നം പ്രാബല്യത്തില്‍ വരുത്താനാകുമോ എന്നു ഞാനിപ്പോള്‍ ഭയക്കുന്നു, ഭൂഷണ്‍ കൂട്ടിച്ചേര്‍ക്കുന്നു.
കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ നടന്ന ദേശീയ ഭാരവാഹികളുടെ യോഗത്തിലായിരുന്നു പ്രശാന്ത് ഭൂഷണെയും യോഗേന്ദ്ര യാദവിനെയും പാര്‍ട്ടി ദേശീയ നിര്‍വാഹക സമിതിയില്‍ നിന്നും പുറത്താക്കാന്‍ തീരുമാനിച്ചത്. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ആരോപിച്ചായിരുന്നു നടപടി.
















