Categories: Football

നെതര്‍ലന്‍ഡ്‌സ് സ്‌പെയിനിനെ തകര്‍ത്തു

Published by

സ്‌പെയിനിനെതിരായ മത്സരത്തില്‍ നെതര്‍ലന്‍ഡ്‌സിനെ ഡി വ്രിജ് (3) ഹെഡ്ഡറിലൂടെ ഗോള്‍ നേടുന്നു

ആംസ്റ്റര്‍ഡാം: ലോകഫുട്‌ബോളിലെ സൗഹൃദ മത്സരങ്ങളില്‍ നെതര്‍ലന്‍ഡ്‌സിന് തകര്‍പ്പന്‍ വിജയം. ആംസ്റ്റര്‍ഡാമില്‍ നടന്ന കളിയില്‍ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ഡച്ച് പട സ്പാനിഷ് കഴുകന്മാരെ വീഴ്‌ത്തിയത്. കളിയുടെ 13-ാം മിനിറ്റില്‍ ഡി വ്രിജും 16-ാം മിനിറ്റില്‍ ഡാവി ക്ലാസ്സനുമാണ് നെതര്‍ലന്‍ഡ്‌സിനായി ഗോള്‍ നേടിയത്.

പ്രമുഖരില്ലാതെയായിരുന്നു ഇരു ടീമിന്റെയും പോരാട്ടം. രണ്ടാം പകുതിയില്‍ ഇനിയേസ്റ്റയെയും സെര്‍ജിയോ റാമോസിനെയും സ്പാനിഷ് ടീം രംഗത്തിറക്കിയെങ്കിലും ഗോള്‍ മടക്കാന്‍ കഴിഞ്ഞില്ല. പന്ത് കൂടുതല്‍ കൈവശം വെച്ചതും ഷോട്ടുകളുതിര്‍ത്തതും സ്പാനിഷ് താരങ്ങളായിരുന്നു. കളിയുടെ 55 ശതമാനവും പന്ത് കൈവശംവച്ച സ്പാനിഷ് കഴുകന്മാര്‍ 13 ഷോട്ടുകള്‍ പായിക്കുകയും ചെയ്തു. എന്നാല്‍ കരുത്തുറ്റ ഡച്ച് പ്രതിരോധവും തകര്‍പ്പന്‍ ഫോമിലുള്ള ഗോളി വെര്‍മീറും അവയെല്ലാം വിഫലമാക്കുകയായിരുന്നു. അതേസമയം ഡച്ച് പോരാളികള്‍ കളിയിലുടനീളമായി 7 ഷോട്ടുകള്‍ മാത്രമാണ് ഉതിര്‍ത്തത്.

ഇറ്റലിയിലെ ടൂറിനില്‍ നടന്ന മറ്റൊരു മത്സരത്തില്‍ ഇംഗ്ലണ്ട് ഇറ്റലിയെ 1-1ന് സമനിലയില്‍ തളച്ചു. ഏറെ ആവേശകരമായ മത്സരത്തില്‍ ആദ്യം ഗോള്‍ നേടിയത് ആതിഥേയരായിരുന്നു. കളിയുടെ 29-ാം മിനിറ്റില്‍ ഇറ്റലിയുടെ സതാംപ്ടണ്‍ താരമായ ഗ്രാസിയാനോ പെല്ലെയാണ് ആതിഥേയരെ മുന്നിലെത്തിച്ചത്. ജോര്‍ജിയോ ചില്ലെനീ എടുത്ത കോര്‍ണറാണ് പെല്ലെ നല്ലൊരു ഹെഡ്ഡറിലൂടെ ഇംഗ്ലണ്ട് വല കുലുക്കിയത്. ഇതോടെ ഇംഗ്ലണ്ട് ആക്രമണം കനപ്പിച്ചെങ്കിലും ഇറ്റാലിയന്‍ പ്രതിരോധം കോട്ടകെട്ടി കാത്തതോടെ ആദ്യപകുതിയില്‍ സമനില ഗോള്‍ പിറന്നില്ല. രണ്ടാം പകുതിയിലും ഇംഗ്ലണ്ടിന്റെ മുന്നേറ്റമായിരുന്നു കൂടുതല്‍. തുടര്‍ച്ചയായ ആക്രമണങ്ങള്‍ക്കൊടുവില്‍ 79-ാം മിനിറ്റില്‍ അവര്‍ അര്‍ഹിച്ച സമനില ഗോള്‍ നേടുകയും ചെയ്തു. ബോക്‌സിന് പുറത്തുനിന്ന് ആന്‍ഡ്രോസ് ടൗണ്‍സെന്‍ഡ് പറത്തിയ വലം കാലന്‍ ഷോട്ടാണ് ഇറ്റാലിയന്‍ ഗോളിയെ കീഴടക്കി വലയില്‍ കയറിയത്. തൊട്ടുപിന്നാലെ വെയ്ന്‍ റൂണിയുടെ ഒരു ഇറ്റാലിയന്‍ ഗോളി രക്ഷപ്പെടുത്തുകയും ചെയ്തു. ഇഞ്ചുറി സമയത്ത് ഇംഗ്ലണ്ടിന്റെ ഹാരി കെയ്ന്‍ ബോക്‌സിന് പുറത്തുനിന്ന് പായിച്ച വലംകാലന്‍ ഷോട്ട് ഇറ്റാലിയന്‍ ഗോളി രക്ഷപ്പെടുത്തിയതോടെ കളി സമനിലയില്‍ കലാശിക്കുകയും ചെയ്തു. 2013 ആഗസ്റ്റിനുശേഷം സ്വന്തം മണ്ണില്‍ അപരാജിത കുതിപ്പാണ് അസൂറികള്‍ നടത്തുന്നത്. കളിച്ച പത്ത് മത്സരങ്ങളില്‍ അഞ്ചെണ്ണത്തില്‍ വിജയിച്ചപ്പോള്‍ അഞ്ചെണ്ണം സമനിലയില്‍ കലാശിക്കുകയും ചെയ്തു.

മറ്റൊരു മത്സരത്തില്‍ സ്വന്തം മണ്ണിലാണ് പോര്‍ച്ചുഗലിന് അപ്രതീക്ഷിത തിരിച്ചടി നേരിട്ടത്. സൂപ്പര്‍താരം ക്രിസ്റ്റിയാനോയുടെ അഭാവത്തിലിറങ്ങിയ പറങ്കികളെ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് കേപ് വെര്‍ഡെ ദ്വീപുകളാണ് അട്ടിമറിച്ചത്. അഞ്ച് മിനിറ്റിനിടെയാണ് അവര്‍ രണ്ട് ഗോളുകളും നേടിയത്. 38-ാം മിനിറ്റില്‍ ഫോര്‍ടസും 43-ാം മിനിറ്റില്‍ ഡിയാസ് ബാരോസുമാണ് കേപ് വെര്‍ഡെ യുടെ ഗോള്‍ നേടിയത്. 60-ാം മിനിറ്റില്‍ പോര്‍ച്ചുഗലിന്റെ ജോവോ പിന്റോ ചുവപ്പ്കാര്‍ഡ് കണ്ട് പുറത്തുപോയശേഷം പത്തുപേരുമായാണ് അവര്‍ കളിച്ചത്.

മറ്റ് പ്രധാന മത്സരങ്ങളില്‍ സ്വീഡന്‍ 3-1ന് ഇറാനെയും തുര്‍ക്കി 2-1ന് ലക്‌സംബര്‍ഗിനെയും സ്ലോവാക്യ 1-0ന് ചെക്ക് റിപ്പബ്ലിക്കിനെയും കീഴടക്കി. അതേസമയം റഷ്യ, സ്വിറ്റ്‌സര്‍ലന്‍ഡ്, ഉക്രെയിന്‍ തുടങ്ങിയ വമ്പന്മാര്‍ സമനിലയില്‍ രക്ഷപ്പെട്ടു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by