ന്യൂദല്‍ഹി : ഗര്‍ഭിണികള്‍ നിര്‍ബന്ധമായും പ്രമേഹ പരിശോധനയ്‌ക്കു വിധേയമാകണമെന്ന് കേന്ദ്ര വടക്കുകിഴക്കന്‍ മേഖല വികസന വകുപ്പ് സഹമന്ത്രി ഡോ. ജിതേന്ദ്ര സിങ്. ഗര്‍ഭിണിയാകാന്‍ തയ്യാറെടുക്കുമ്പോള്‍ തന്നെ പ്രമേഹ പരിശോധന നടത്തേണ്ടതാണ്. ഊട്ടിയില്‍നടന്ന ഡയബറ്റീസ് ഇന്‍ പ്രഗ്നന്‍സി വാര്‍ഷിക സമ്മേളനത്തില്‍ സംസാരിക്കവേയാണ് ഡോ. സിങ് ഇക്കാര്യം വ്യക്തമാക്കിയത്.
ഗര്‍ഭിണികളില്‍ പതിവായി കാണപ്പെടുന്ന രോഗമാണ് പ്രമേഹം. അതിനാല്‍ ഈ കാലയളവില്‍ പ്രമേഹ രോഗ നിര്‍ണ്ണയത്തിനായി പ്രത്യേക പരിശോധനകള്‍ നടത്തുന്നത് അമ്മയ്‌ക്കും കുട്ടിയ്‌ക്കും ഒരുപോലെ ഗുണം ചെയ്യും. ഭാവി തലമുറയ്‌ക്കും ഇത് ഫലം ചെയ്യുന്നതാണ്.
ഗര്‍ഭിണികള്‍ക്ക് യഥാസമയം പ്രമേഹ ചികിത്സ ലഭ്യമായില്ലെങ്കില്‍ കുട്ടിയിലേക്കും ഇത് വ്യാപിക്കാന്‍ സാധ്യതയുണ്ട്. ശൈശവാവസ്ഥയില്‍ പ്രമേഹ രോഗത്തിനടിമയാകുന്നത് ഒട്ടേറെ അപകടങ്ങള്‍ക്കിടയാക്കും. നിലവില്‍ രാജ്യത്തെ പ്രമേഹ രോഗികളുടെയെണ്ണം ദിനംപ്രതി വര്‍ദ്ധിച്ചു വരികയാണ്. ഇതിന്റെ വ്യാപനത്തെ പ്രതിരോധിക്കുന്നതിനായാണ് ഗര്‍ഭാവസ്ഥയില്‍ ഈ രോഗത്തെ പ്രതിരോധിക്കുന്നതിനുവേണ്ട നടപടികള്‍ സ്വീകരിക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്നത്. ഭക്ഷണം കഴിക്കുന്നതിനു മുമ്പും അതിനുശേഷവുമാണ് രോഗ നിര്‍ണ്ണയത്തിനുള്ള പരിശോധന നടത്തുന്നത്.
സിംഗിള്‍ ഗ്ലൂക്കോസ് ചലഞ്ച് ടെസ്റ്റ് (ജിസിടി), ഓറല്‍ ടോളറന്‍സ് ടെസ്റ്റ് എന്നിങ്ങനെ രണ്ടു ടെസ്റ്റുകളാണ് പ്രമേഹ രോഗ നിര്‍ണ്ണയത്തിനുള്ളത്. ഡോ. വി. ശേഷയ്യയാണ് ഭാരതത്തില്‍ ജിസിടിയ്‌ക്കു തുടക്കമിട്ടത്. നൂറുശതമാനം കൃത്യമായാണ് ജിസിടി രോഗ നിര്‍ണ്ണയം നടത്തുന്നതെന്നും പ്രമേഹരോഗ ചികിത്സാ വിദഗ്ധന്‍ കൂടിയായ ഡോ. സിങ് പറഞ്ഞു.
















