‘തന്നോടുതന്നെ ആത്മാര്‍ത്ഥത പുലര്‍ത്തുന്ന കവിക്ക് ലോകത്തോടും അതേ സമീപനം വെച്ചുപുലര്‍ത്താതെ വയ്യ. അവിടെ എഴുത്ത് ഒരുതരം ആത്മബലിയാകുന്നു. ഓരോ കവിക്കും ഓരോ സൃഷ്ടിയും ഓരോ നരബലിയാകുന്നു. പ്രകൃതിയെ ഭൂമിയെ മനുഷ്യനെ രക്ഷിക്കുന്നതിനുവേണ്ടി.” പ്രൊഫ. മേലത്ത് ചന്ദ്രശേഖരന് സ്വന്തം എഴുത്തിന്റെ ഞരമ്പുകള്‍ മുറിച്ചു കാണിക്കുന്നു. ആത്മാര്‍ത്ഥതയുടേയും ധാര്‍മികമായ ആന്തരികതയുടെയും അക്ഷരസ്രോതസ്സാണ് മേലത്ത്. അദ്ധ്യാപന കലയിലും പ്രഭാഷണ വേദിയിലും നിരൂപണ വിദ്യയിലും അദ്ദേഹം കവിയുടെ സാംസ്കാരികവൃദ്ധിയെ പ്രബുദ്ധമാക്കുന്നു. നിത്യമധുരമായ മാനവസ്നേഹവും ആത്മീയമായ ഉള്വെളിച്ചവുമാണ് ആ ജീവിതത്തെ പൂര്‍ണ ജീവിതത്തിലേക്ക് ഉള്‍ച്ചേര്‍ക്കുന്നത്.
ഭാരതീയ പൈതൃകത്തിന്റെ ആത്മീയവും ശാസ്ത്രീയവുമായ ജ്ഞാനധാരയെ കാവ്യസംസ്കാരത്തിന്റെ അന്തര്‍മണ്ഡലത്തില്‍ സമന്വയിപ്പിക്കാനും മാനുഷികമൂല്യത്തിന്റെ നൈരന്തര്യസത്തയായി അതിനെ വളര്‍ത്തിയെടുക്കാനും മേലത്തിന്റെ കാവ്യകല പ്രതിജ്ഞാബദ്ധമാണ്. വേദങ്ങള്‍, ബ്രാഹ്മണങ്ങള്‍, ആരണ്യകങ്ങള്‍, ഉപനിഷത്തുകള്‍, പുരാണങ്ങള്‍, ദര്‍ശനങ്ങള്‍, ഇതിഹാസങ്ങള്‍ എന്നീ പ്രാക്തന പൈതൃക സഞ്ജയത്തിന്റെ ധര്‍മ്മവീര്യം അദ്ദേഹത്തിന്റെ എട്ടു കവിതാ സമാഹാരങ്ങളുടേയും അന്തര്വഹ്നിയാണ്.
”ധന്യനിമിഷങ്ങള്‍ കെട്ടിമുറുക്കിയ
സ്വര്ണശലാകകള് പൊട്ടിച്ചുപോട്ടെ ഞാന്‍
ഞാനെത്ര കേട്ടതാണത്തരം രാഗങ്ങള്‍
ഗാനമേ കൊക്കുകള്‍ പൂട്ടിപ്പറന്നുപോ
ഒട്ടും തരിക്കില്ല മാനസം, മറ്റൊരു
ശക്തി ദുര്‍ഗ്ഗത്തില്‍ കൊടികുത്തി നിപ്പു ഞാന്‍.”
‘സൂര്യജന്യ’ത്തിലെ സൗരോര്ജാവഹനം മുതല്‍ ഇഷ്ടകവിതയായ ‘കത്തുന്ന ഭാരതം’ വരെയുള്ള അക്ഷരപ്രമാണങ്ങളില് തുടിക്കുന്ന മതാതീത മനുഷ്യസങ്കല്‍പ്പവും വിശ്വമാനവദര്‍ശനവും ലക്ഷ്യമാക്കുന്നത് പൈതൃക ഭാരതത്തെ പുനഃസൃഷ്ടിക്കാനും ഭേദചിന്തകളകറ്റി വ്യക്തിയെയും സമൂഹത്തെയും ഉദ്ധരിച്ചുണര്ത്താനുമാണ്. ‘സ്വാതന്ത്ര്യത്തിന്റെ നരവേദനയാണ് മേലത്ത് കവിത’യെന്ന് മഹാകവി അക്കിത്തം ഇത് സൂക്ഷ്മമായി രേഖപ്പെടുത്തുന്നു.
പ്രൊഫ. എസ്. ഗുപ്തന്നായര്, എം.കെ. സാനു, പ്രൊഫ.സി.എല്‍. ആന്റണി, പ്രൊഫ.എം. അച്യുതന്, ഡോ.എം. ലീലാവതി, കരിമ്പുഴ രാമകൃഷ്ണന് തുടങ്ങിയ ഗുരുജനങ്ങളുടെ പ്രതിഭാപ്രസരം ഏറ്റുവാങ്ങിയാണ് മേലത്തിലെ വ്യക്തിയും എഴുത്തുകാരനും ഉണരുന്നത്.
മഹാകവി പി. കുഞ്ഞിരാമന് നായര്‍, വൈലോപ്പിള്ളി ശ്രീധരമേനോന്, മഹാകവി ജി. ശങ്കരക്കുറുപ്പ്, എന്‍.എന്‍. കക്കാട്, മഹാകവി അക്കിത്തം, ഇടശ്ശേരി ഗോവിന്ദന് നായര്‍ എന്നിവരുടെ സ്നേഹവിശ്വാസങ്ങള്‍ നേടി മൗലികമായ ആ കാവ്യസ്വത്വം സത്യശിവസൗന്ദര്യമാര്ജ്ജിച്ചു. പിയും വൈലോപ്പിള്ളിയും കക്കാടും ഇടശ്ശേരിയും മേലത്തിന്റെ നിരൂപണസപര്യയില് പുനര്‍ജ്ജനി തേടുന്നു.
ഷേയ്ക്സ്പിയറും ദസ്തയേവ്സ്ക്കിയും ടോള്‍സ്റ്റോയിയും തുറന്നിട്ട പാശ്ചാത്യജാലകത്തിലൂടെ വിസ്മയാനുഭൂതികള്‍ തേടാനും മേലത്തിന്റെ പഠന മനനവഴികള് തപം ചെയ്തു. നിരൂപണം സര്‍ഗാത്മക സാഹിത്യമാണെന്ന് വിശ്വസിക്കുകയും തെളിയിക്കുകയുമാണ് അദ്ദേഹത്തിന്റെ പന്ത്രണ്ട് പഠനനിരൂപണ ഗ്രന്ഥങ്ങള്‍. കുട്ടികൃഷ്ണമാരാരും മുണ്ടശ്ശേരിയും എം.പി.പോളും ലീലാവതിയും തെളിച്ച പരിചിത വഴികളിലല്ല അദ്ദേഹത്തിന്റെ സഞ്ചാരം.
ഒരു കൃതിയെ സ്വപ്രതിഭകൊണ്ട് നേരിടുകയും അതിന്റെ നേരാവിഷ്ക്കരിക്കുകയുമാണ് ആ നിരൂപണം. കവിതയുടെ ആത്മാവിന്റെ ആദിസ്ഥലികളിലേക്കുള്ള ഊര്‍ജദായകമായ ശോഭായാത്രയാണത്. വിമര്‍ശകന്റെ ചോരപ്പേനയില് കാല്പനികതയുടെ പച്ചമഷിയൊഴിച്ചാണ് മേലത്ത് നിരൂപണം നിര്‍വഹിക്കുന്നത്. ”സാഹിത്യകാരന് അയാള്‍ ജീവിക്കുന്ന കാലഘട്ടത്തിന്റെ വെല്ലുവിളി നേരിടുന്നവനാണ്. ഇന്ന് ഭാരതീയ സാഹിത്യകാരന് നേരിടുന്ന വെല്ലുവിളി നഷ്ടം വന്നുകൊണ്ടിരിക്കുന്ന ഭാരതീയ സംസ്കാരത്തെ വീണ്ടെടുത്ത് കാലചരിത്രത്തിന്റെ നിത്യതയില്‍ പകര്‍ത്തിവെയ്ക്കുക എന്നതാണ്.
ടി.എസ്. എലിയട്ടിന്റെ ‘തരിശുനില’ത്തിനും ഇ.എം. ഫോസ്റ്ററുടെ ‘പാസ്സേജ് ടു ഇന്ത്യ’യ്ക്കും ഹെര്‍മന്‍ ഹെസ്സെയുടെ ‘സിദ്ധാര്‍ത്ഥ’യ്ക്കും മറ്റും പ്രകാശം നല്‍കിയത് ഭാരതത്തിന്റെ സംസ്കാരമാണ്. ക്രിസ്തുവിന്റെ പ്രതിരൂപമായി ദിമിത്രി കരമസോവിനെ സൃഷ്ടിച്ച ദസ്തയേവ്സ്കിയെപ്പോലെ നമ്മുടെ ബുദ്ധന്റെയും ഗാന്ധിജിയുടെയും ആദിശങ്കരന്റെയും അപൂര്‍വവ്യക്തിത്വം നവീന രൂപത്തിലാവിഷ്കരിക്കുന്ന ഒരു സാഹിത്യകാരനെ ഭാരതം കാത്തിരിക്കുന്നു എന്ന് വിഭാവനം ചെയ്യുന്ന മേലത്ത് മനുഷ്യമാതൃകകളെ തേടുന്ന ആത്മാന്വേഷണ ബുദ്ധിയാണ്. ഒ.വി. വിജയനും കാക്കനാടനും എം ടിയും ഉറൂബും പൊറ്റെക്കാടും ഒരുക്കുന്ന ജീവിതസമസ്യകളെയും സംഘര്‍ഷങ്ങളെയും അദ്ദേഹം വിസ്മരിക്കുന്നില്ല.
വേരുണ്ടെങ്കിലേ മരമുള്ളൂ; വാല്മീകിയും വ്യാസനും കാളിദാസനും സ്വാംശീകരിച്ചാല്‍ മാത്രമേ കവിത ഉറന്നൊഴുകൂ. ശൂന്യതയില്‍നിന്ന് കവിത സൃഷ്ടിക്കാന്‍ വെമ്പുന്ന പുത്തന്‍കൂറ്റുകാരെ നോക്കി ഒരിക്കല്‍ മേലത്ത് പുഞ്ചിരി പെയ്തു. അദ്ധ്യാപനം സര്ഗാത്മകകലയാണെന്നെണ്ണുന്ന അദ്ദേഹം കലാശാല വിദ്യാര്‍ത്ഥികളുടെ ‘മേലത്ത് മാഷാ’യി എന്നും ഉയര്‍ന്നുനിന്നു.
പ്രഭാഷണകലയുടെ സംവേദനാത്മകമായ പ്രകാശവും അറിവിന്റെ അഗ്നിസ്ഫുരണവും സ്നേഹവാത്സല്യങ്ങളുടെ അനുശീലനവും ഈ ഗുരുവിനെ ശിഷ്യസമ്പന്നനാക്കി. ക്ലാസിലെ കാവ്യ വ്യാഖ്യാനങ്ങളും നിരീക്ഷണ മനനങ്ങളും ജ്ഞാനവൈഭവങ്ങളുടെ വിസ്മയശ്രേണിയൊരുക്കി പയ്യന്നൂര്‍ കോളേജിന്റെ പര്യായനാമമായിത്തീരാന് മേലത്തിന് ഭാഗ്യമുണ്ടായി.
തപസ്യ കലാസാംസ്കാരിക വേദിയുടെ സാരഥിയായി അദ്ദേഹം നിറവേറ്റിയ സാംസ്കാരിക യത്നം ചരിത്രമാണ്. മേലത്ത് സ്വജീവിത സമര്‍പ്പണം നടത്തിയത് മാതാ അമൃതാനന്ദമയിയിലാണ്. അദ്ദേഹത്തിന്റെ രണ്ടു പുത്രന്മാരും അമ്മയുടെ ശിഷ്യത്വം സ്വീകരിച്ചിട്ടുണ്ട്. ശ്രീരാമകൃഷ്ണപരമഹംസര്‍, സ്വാമി വിവേകാനന്ദന്, മഹര്‍ഷി അരവിന്ദന് എന്നീ ഭാരതീയ നവോത്ഥാന നായകന്മാരില് നിന്നാണ് ആത്മീയജീവിതത്തിന്റെ ഭാവരാഗതാളങ്ങള്‍ അദ്ദേഹം സ്വാംശീകരിക്കുന്നത്.
സ്വാതന്ത്ര്യസങ്കല്‍പ്പങ്ങള്‍, ദേശീയതയുടെ സ്വരമാനങ്ങള്‍, മൂല്യദര്ശനപ്പൊരുളുകള്-എല്ലാമെല്ലാം പ്രസാദാത്മാകമായ ആ ജീവിതദര്‍ശനത്തിന് കരുത്തും കാന്തിയും പകരുന്നു. മനുഷ്യന് തന്നെ ദര്‍ശനമായി മേലത്തില്‍ ഭാവാത്മകമായി ഇടം നേടുന്നു. ”പാരമ്പര്യത്തിലൂടെ പ്രകൃതിയിലൂടെ ഞാന്‍ നടന്നുപോവുകയാണ് ഒരു നീല കണവും തേടി.
‘ആത്മപുരാണ’ത്തിനു ശേഷം ഞാനെഴുതിയ കവിതകളില്‍ ഈ നീലനിറം എന്നെ പീഡിപ്പിക്കുന്ന ഒരു ബിംബമാണ്. അനന്തതയുടെ ആകാശവര്ണമാണ് നീല- ആദിമധ്യാന്തരഹിതമായ പരംപൊരുള്‍ സങ്കല്പത്തിന്റെ നിറം. ഈ ബിംബവര്ണം കൃഷ്ണവര്‍ണം തന്നെ. ഉള്ളില്‍ ഉറങ്ങിക്കിടക്കുന്ന പരംപൊരുളിനെയാണ് മേലത്ത് ‘നീലബിംബ’ത്തിലൂടെ അന്വേഷിക്കുന്നത്.
ദുഃഖാത്മകമായ പരിതാവസ്ഥകളും സങ്കീര്‍ണമായ ജീവിതസന്ധികളും തരണം ചെയ്ത് ജീവിതപ്രേരണയുടെ അലങ്കാരപ്പെരുമകളില് സ്വയം നഷ്ടപ്പെടാനും ഈ കവിക്ക് കഴിയും. അതീന്ദ്രിയ സങ്കല്പ്പങ്ങളുടെയും അതീതമൂല്യങ്ങളുടെയും ആകാശപ്പരപ്പിലാണ് മേലത്ത് ആത്മനിവേദനം നടത്തുക.
ജീവിതസങ്കീര്ത്തനത്തിന്റെ അന്തര്വഹ്നിയെ കല്പനകളായും രൂപകങ്ങളായും അത് പ്രതിബിംബിപ്പിക്കുന്നു. മനുഷ്യനെ അറിയാനും ആരായാനും കണ്ടെത്താനുമുള്ള വിചാരഭൂമിയില് നിന്നാണ് അവ ഉരുത്തിരിയുന്നത്. ‘അപൂര്‍ണം’, ‘മദ്ധ്യാഹ്ന സ്വപ്നങ്ങള്‍’ ‘അമൃതകല, ‘അമൃതോസ്മി’, ‘ശ്രീചക്രഗീത’ എന്നിവ ഉണര്‍ത്തുന്ന ആത്മീയസ്വരങ്ങളും ജ്ഞാനപ്രബോധനങ്ങളും വെളിപാടുകളും സാധാരണ മനുഷ്യന്റെ വിഹ്വലതകളും ധാര്മികമൂല്യപ്രകാശവും കവിയുടെ മൗലിക കാവ്യദര്‍ശനം വിളംബരം ചെയ്യുന്നവയാണ്.
പുരാവൃത്തവും ഫാന്റസിയും വാങ്മയ ചിത്രവും പ്രതീകവും ബിംബവും നാടോടിനൃത്തവും കേരളീയമായ പച്ചനാക്കിലയില്‍ സാക്ഷാത്കാരം നേടുകയാണ് മേലത്ത് കവിതയില്‍. ഭക്തിയും ശക്തിയും അദ്വൈതമാകുന്ന കാവ്യസ്വരൂപത്തില്‍ ഭാഷയും ശൈലിയും പുതിയ മാനങ്ങള്‍ തേടുന്നു. പദം, അര്‍ത്ഥം, ധ്വനി, അലങ്കാരം എന്നീ തലങ്ങളില്‍ ബന്ധദാര്ഢ്യമാര്ജിക്കാന് ആ വരികള്‍ക്ക് കഴിയുന്നു. പരികല്പനകളും ദര്ശനമാനമുള്ള സൂചകങ്ങളും പ്രമേയത്തെയും ഇതിവൃത്തത്തെയും സദാ സേചനം ചെയ്യുന്നു.
താളത്തെയും വൃത്തത്തെയും സംഗീതത്തെയും സംബന്ധിച്ച ഉപദര്ശനങ്ങള് മേലത്ത് കവിതയുടെ ലാവണ്യവര്ണമാണ്. സാത്വികതയുടെ സമ്പൂര്ണഗരിമ വരികളോരോന്നിനും നവമാനം സൃഷ്ടിക്കുന്നു. ‘ആത്മപുരാണ’ത്തിലെയും ‘ഡയറിക്കുറിപ്പുകളി’ലേയും കവനങ്ങള്‍ ഇതിന് സാക്ഷ്യം പകരുന്നു. പ്രപഞ്ചതാളത്തിന്റെ വിസ്ഫോടന ശക്തിയെ ആത്മതാളത്തില്‍ സ്വരപ്പെടുത്തുകയാണ് മേലത്ത്. പൈതൃക സമൃദ്ധിയില്‍ ജീവിതമേളങ്ങളുടെ ആസ്തികതാളത്തെ സമന്വയിപ്പിക്കുന്ന കലാവിദ്യയാണത്.
ജന്മാന്തര പ്രാര്‍ത്ഥനകളുടെ സംഗീതത്തില്‍ അഭിരമിക്കാനും പ്രകൃതിയുടെ മന്ദാരങ്ങളില്‍ സ്വയം അലിഞ്ഞില്ലാതാവാനും കവിക്ക് കഴിയുന്നു. അഹം ത്യജിച്ച ആത്മാവിന്റെ മോക്ഷപ്രാര്ത്ഥനയായി മേലത്തിന്റെ കവിതകള്‍ കാലാനുഭൂതിയുടെ സാന്ദ്രലയം നേടുന്നുണ്ട്. ‘കലിയുഗത്തിന്റെ ഭാവഗായകന്’ എന്ന് എം.കെ. സാനു മേലത്തിനേകിയ പട്ടം ഇവിടെ സാര്‍ത്ഥകമാകുന്നു. സനാതനധര്മപ്പൊരുളിന്റെ വ്യാഖ്യാനവും വ്യാഖ്യാനഭേദങ്ങളുമാണ് ആ ഭാവഗീതികളുടെ അന്തരംഗം. വിശ്വമാനവന്റെ വിലോഭനീയ ദര്‍ശനം മുതല്‍ വിടകമാനവന്റെ വികൃതവീക്ഷണംവരെ ആ കാവ്യകേളിയില്‍ നടനമാടുന്നു.
ഏകത്വ പ്രകൃതിയായ മാനവദര്‍ശനമാണ് മേലത്തിന്റെ മനുഷ്യസങ്കല്പത്തിന് അടിസ്ഥാനം. ദിവ്യമായ സ്നേഹത്തിന്റെ പാഠങ്ങള്‍ അദ്ദേഹത്തിന്റെ മാനവികതയെ മറ്റെല്ലാ പ്രത്യയശാസ്ത്രങ്ങള്‍ക്കും ധര്‍മശാസ്ത്രങ്ങള്‍ക്കും മീതെ പ്രതിഷ്ഠിക്കുന്നു. നരനന്മയെ രൂപപ്പെടുത്തുമ്പോഴാണ് മേലത്തിന്റെ മനുഷ്യന് വിശ്വമാനവനും സാര്വകാലികനുമായിത്തീരുന്നത്.
ആത്മവേദനയുടെ അരുളും പൊരുളും ആത്മാന്വേഷണമാകുമ്പോഴാണ് മേലത്ത് കവിയാകുന്നത്. ‘ഒടുങ്ങാത്ത അന്വേഷണത്തിന്റെ കവി’യെന്ന് ഡോ. ലീലാവതി മേലത്തിനെ അടയാളപ്പെടുത്തുന്നുണ്ട്. അലങ്കാരങ്ങളുടെ പച്ചിലച്ചാര്ത്തുകള്! ദര്‍ശനത്തിന്റെ മഴവില്‍ക്കാവടികള്‍! ജീവിതപ്പൊലിമയുടെ നക്ഷത്രങ്ങള്‍! പ്രതീകങ്ങളുടെ ലാസ്യരസങ്ങള്! പ്രതീക്ഷയുടെ പുലരിവെട്ടങ്ങള്‍! കല്പനകളുടെ ആലവട്ടങ്ങള്‍! രൂപകങ്ങളുടെ അമ്പാരികള്‍! മേലത്തിന്റെ രചന ജീവിതോത്സവത്തിന്റെ മേളപ്പെരുക്കങ്ങള്‍ തന്നെ.
വൃത്തത്തിന്റെ തരംഗിത നൃത്തങ്ങളും വൃത്തരാഹിത്യത്തിന്റെ സ്വാതന്ത്ര്യപ്പുളകങ്ങളുമായി അവ മാനവഹൃദയത്തില്‍ സ്ഥാനം പിടിക്കുന്നു. ജീവിതരഹസ്യങ്ങളുടെ അരുളപ്പാടുകളും പ്രവചനത്തിന്റെ അനന്തസ്ഥലികളും നിയോഗങ്ങളുടെ ഉള്പ്പോരിമകളും നുരഞ്ഞുതുള്ളി ജീവിതലഹരിയുടെ ഹരിതസംഗീതമുണര്ത്തുകയാണ് ഈ കാവ്യകല.
ധര്‍മബോധത്തിന്റെ വാങ്മയ തീര്ത്ഥത്തിലാറാടുന്ന കവിക്ക് മാത്രമേ ‘ഒട്ടും തരിക്കാതെ മാനസം, മറ്റൊരു/ശക്തി ദുര്‍ഗ്ഗത്തില്‍ കൊടികുത്തി നില്ക്കുക’ എന്ന കാഹളം മുഴക്കാനാവൂ.
അഗ്നിരൂപമായ വചസ്സില് വിലയം കൊള്ളുകയാണ് മേലത്തിന്റെ ധന്യജീവിതം. സപ്തതിയുടെ നിലാവില് സഹധര്‍മിണി നാരായണിയും മക്കളുമൊത്ത് ആ യാത്ര സാഫല്യം നേടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: