അടിയന്തരാവസ്ഥക്കെതിരെയുള്ള പ്രക്ഷോഭത്തില്‍ പങ്കെടുത്ത് വിയ്യൂര്‍ ജയിലില്‍ക്കഴിയുന്ന സമയത്ത് പി.എം. വേലായുധന് വീട്ടില്‍ നിന്നും ഒരറിയിപ്പ് എത്തി. എസ്എസ്എല്‍സിക്കാരനായ തനിക്ക് സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിക്കാനുള്ള ഉത്തരവ് വന്നിട്ടുണ്ട്. ആര്‍എസ്എസില്‍ പ്രവര്‍ത്തിക്കില്ലെന്നും അടിയന്തരാവസ്ഥക്കെതിരെ സമരം ചെയ്തത് തെറ്റായിപ്പോയെന്നുമുള്ള ഒരു സത്യവാങ്മൂലം സര്‍ക്കാരിന് നല്‍കണം.
പട്ടികജാതിക്കാരനായതുകൊണ്ട് ജയിലില്‍ നിന്നും വിടും, ജോലിയും കിട്ടും. ഇതായിരുന്നു അറിയിപ്പ്. എന്നാല്‍ സംഘ ആദര്‍ശത്തിന്റെ തീഷ്ണതയില്‍ മാപ്പെഴുതികൊടുത്തിട്ടു ജോലി വേണ്ടെന്ന ഉറച്ച നിലപാടിലായിരുന്നു വേലായുധന്. അന്നു ജോലിയില്‍ കയറിയെങ്കില്‍ ഇന്ന് ഉയര്‍ന്ന റാങ്കില്‍ വിരമിക്കാമായിരുന്നു. എന്നാല്‍ തന്റെ വഴി വേറെയാണെന്ന് അന്നേ അദ്ദേഹം തിരിച്ചറിഞ്ഞിരുന്നു. അവിടെ പി.എം. വേലായുധന് എന്ന പൊതു പ്രവര്ത്തകന് പിറക്കുകയായിരുന്നു.
രസികന്‍ നേതാവ്
പൊതുപ്രവര്‍ത്തനത്തിന്റെ നാലര പതിറ്റാണ്ട് പിന്നിട്ട് അറുപതിലെത്തി നില്ക്കുമ്പോള് ഷഷ്ഠിപൂര്‍ത്തി ആഘോഷിക്കാന്‍ പോലും അദ്ദേഹം തയ്യാറായിട്ടില്ല. പ്രവര്‍ത്തകരുടെ ഇടയില്‍ പിഎം എന്നറിയപ്പെടുന്ന പ്രവര്‍ത്തകരുടെ പ്രിയപ്പെട്ട വേലായുധന് ചേട്ടന് പിഎം അല്ലാതെ എങ്ങനെ പിഎം ആയെന്നും രേഖകളില്‍ തന്റെ ജന്മവര്ഷം എങ്ങനെ തെറ്റിപ്പോയെന്നും വളരെ രസകരമായി തന്നെ വിവരിക്കും.
തെക്കേ വാഴക്കുളം പേണാടുപറമ്പില്‍ വീട്ടില്‍ വെള്ളക്കേലിയുടേയും കൊച്ചുകുറുമ്പയുടെയും എട്ട് മക്കളില്‍ ഏഴാമനായ വേലായുധനെ സ്കൂളില്‍ ചേര്‍ക്കുന്നത് നാല് സഹോദരങ്ങള്‍ക്കൊപ്പമാണ്. മണിയന് വല്യച്ഛനാണ് സ്കൂളില്‍ ചേര്‍ത്തത്. പഠിക്കാന്‍ കുട്ടികളുടെ കുറവുള്ളതിനാല്‍ തൊട്ടടുത്തുള്ള അദ്ധ്യാപകന് കൂടെക്കൂടെ വന്ന് എല്ലാവരെയും സ്കൂളില്‍ ചേര്‍ക്കാന്‍ നിര്‍ബന്ധിക്കുമായിരുന്നു. അങ്ങനെ പ്രായമാവുന്നതിന് രണ്ടുവര്‍ഷം മുമ്പ് തന്നെ സഹോദരങ്ങള്‍ക്കൊപ്പം സ്കൂളില്‍ ചേര്‍ത്തു. അങ്ങനെ രേഖകളിലെല്ലാം ജനിച്ച വര്‍ഷം 1952 ഒക്ടോബര്‍ 18 ആയി. എന്നാല്‍ കാര്യങ്ങള്‍ അവിടം കൊണ്ടും തീര്‍ന്നില്ല.
പേണാടുപറമ്പില്‍ വീട്ടില്‍ വെള്ളക്കേലിയുടെ മകനായ വേലായുധന്റെ ഇനീഷ്യല്‍ ‘പി വി’ എന്നാണ് വരേണ്ടത്. എന്നാല്‍ മണിയന് വല്യച്ഛന് കൊണ്ടുപോയി ചേര്‍ത്തതുകൊണ്ട് അദ്ധ്യാപകര്‍ രേഖകളില്‍ പി എം എന്നെഴുതി. അങ്ങനെ പി.എം. വേലായുധനായെന്ന് നര്‍മ്മം പുരട്ടി അദ്ദേഹം പറയുമ്പോള്‍ ആ നര്‍മ്മമാണ് അദ്ദേഹത്തെ വ്യത്യസ്തനായി നിര്‍ത്തുന്നതെന്ന് പ്രവര്‍ത്തകര്‍ തിരിച്ചറിയുന്നു.
സ്കൂള്‍ കാലത്തിലേ ഗായകന്, നടന്, കാഥികന് എന്നീ നിലകളില്‍ പേരെടുത്തിരുന്നു. ഫുട്ബോള്‍, വോളിബോള്‍ ടീമുകളുടെ ക്യാപ്റ്റനായും തിളങ്ങിയിട്ടുണ്ട്. പ്രശസ്ത നാടകരചയിതാവ് മണിയപ്പനൊപ്പം അഭിനയിച്ചിട്ടുണ്ട്. പോഞ്ഞാശ്ശേരിയില്‍ നിന്നുള്ള ആദ്യത്തെ കാഥികനാണ് വേലായുധന്. രണ്ടരമണിക്കൂര്‍ നീളുന്ന കഥാപ്രസംഗം അവതരിപ്പിച്ച് കഴിയുമ്പോള്‍ കുട്ടി വേലായുധന് അന്നെല്ലാം വമ്പിച്ച കൈയടി കിട്ടിയിരുന്നു. ഹൈസ്കൂള്‍ കാലത്ത് ആര്‍എസ്എസ് പ്രവര്‍ത്തകനായതോടെയാണ് ജീവിതത്തില്‍ നിര്‍ണായകമായ വഴിത്തിരിവുണ്ടാകുന്നത്. ശാഖകളില്‍ ആലപിക്കുന്ന ദേശഭക്തിഗാനങ്ങളാണ് ആദ്യമൊക്കെ വേലായുധനെ ആകര്‍ഷിച്ചത്.
ആര്‍എസ്എസ്സിന്റെ വഴിയില്‍
1972ല്‍ സ്വന്തം നാട്ടില്‍ പുലയര്‍ മഹാസഭ സ്ഥാപിച്ച് പ്രവര്‍ത്തിച്ചെങ്കിലും സംഘനിര്‍ദ്ദേശപ്രകാരം സാമുദായികപ്രവര്‍ത്തനം ഉപേക്ഷിച്ചു. 1973ല്‍ കോഴിക്കോട് സാമൂതിരി ഹൈസ്കൂളില്‍ നടന്ന ആര്‍എസ്എസ് പ്രഥമവര്‍ഷ സംഘശിക്ഷാവര്‍ഗില്‍ (ഒടിസി) പങ്കെടുത്തു.
വീട്ടില്‍ നിന്ന് ഇതിനെല്ലാം ലഭിച്ച പിന്തുണ ആവേശം പകര്‍ന്നു. ഭാസ്കര്‍ റാവുജി, പി. പരമേശ്വരന്, എസ്. സേതുമാധവന്, അഡ്വ ടി.വി. അനന്തന്, പി.പി. മുകുന്ദന്, പെരുമ്പാവൂര്‍ ഉണ്ണിപ്പിള്ള ചേട്ടന്, വൈക്കം ഗോപകുമാര്‍, പി. ജയകുമാര്‍ എന്നിവര്‍ ക്യാമ്പില്‍ മാര്‍ഗദര്‍ശനത്തിനുണ്ടായിരുന്നു. ഭാസ്കര്‍ റാവുജിയും സേതുവേട്ടനുമെല്ലാം വലിയ പ്രചോദനമായിരുന്നുവെന്ന് പിഎം ഓര്‍ക്കുന്നു.
ക്യാമ്പ് കഴിഞ്ഞ് തിരിച്ചുവരുമ്പോള്‍ ഭരണസ്വാധീനത്തിന്റെ മറവില്‍ മാര്‍ക്സിസ്റ്റുകാര്‍ ആര്‍എസ്എസ് വിരോധത്തിന്റെ പേരില്‍ വീട് തല്ലിത്തകര്‍ക്കുകയും ഭൂമി കൈയേറി ഊര് വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്തു. ആ വേളയില്‍ ഏറ്റവും കൂടുതല്‍ ആത്മവിശ്വാസവും ധൈര്യവും പകര്‍ന്നത് സംഘമായിരുന്നു. വീടിന്റെ എല്ലാചുമതലകളും സംഘം ഏറ്റെടുത്തു. വര്‍ഷങ്ങള്‍ക്കുശേഷം കേസിലൂടെയാണ് നഷ്ടപ്പെട്ട സ്ഥലം തിരിച്ചുകിട്ടിയത്.
1974 ല്‍ കോഴിക്കോട്ട് വച്ച് നടന്ന ദ്വിതീയ വര്‍ഷ സംഘ ശിക്ഷാവര്ഗില്വച്ചാണ് ജയപ്രകാശ് നാരായണനെ ആദ്യമായി കാണുന്നത്. അദ്ദേഹത്തിന്റെ ക്യാമ്പ് സന്ദര്‍ശനം വലിയ ഒരു അനുഭവമായിരുന്നുവെന്ന് വേലായുധന് ഓര്‍ക്കുന്നു. അന്ന് കര്‍ണാടകയില്‍ നിന്നും വന്ന ഒരു കാര്യകര്‍ത്താവ് ‘ഹം കേശവ് കേ അനുയായി ഹേ’ എന്ന ഹിന്ദി ഗണഗീതം ആലപിച്ചിരുന്നു. അടുത്ത സെഷനില്‍ ഈ ഗണഗീതം ആര്‍ക്കെങ്കിലും പാടാനാവുമൊയെന്ന വെല്ലുവിളി ഉയര്‍ന്നു. അപ്പോള്‍ മനോഹരമായി ഈ ഗണഗീതം പാടി വേലായുധന് ക്യാമ്പില്‍ ഹീറോ ആയി.
നാട്ടില്‍ തിരിച്ചെത്തി സംഘപ്രവര്‍ത്തനം നടത്തുന്ന വേളയില്‍ ഒരിക്കല്‍ സ്വകാര്യ കാറിലെത്തിയ പോലീസുകാര്‍ വേലായുധനെ പിടിച്ചുകൊണ്ട് പോവുകയും ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു. മൂവാറ്റുപുഴ ആര്‍ഡിഒ കോടതി, പെരുമ്പാവൂര്‍ മജിസ്ട്രേറ്റ് കോടതി എന്നിവിടങ്ങളിലായി പന്ത്രണ്ടോളം കേസുകള്‍ ചുമത്തുകയും ചെയ്തു.
പോലീസ് മര്‍ദ്ദനത്തെത്തുടര്‍ന്ന് 11 ദിവസം എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മര്‍ദ്ദിച്ച എസ്ഐക്കെതിരെ സംഘത്തന്റെ നിര്‍ദ്ദേശപ്രകാരം ആലുവ ഫസ്റ്റ് ക്ലാസ് കോടതിയില്‍ കേസ് കൊടുക്കുകയും ചെയ്തു.
അടിയന്തരാവസ്ഥക്കാലം
ഇതിനിടിയിലായിരുന്നു അടിയന്തരാവസ്ഥാ പ്രഖ്യാപനം. എതിര്‍ത്തു സമരം ചെയ്യേണ്ടവരുടെ ലിസ്റ്റില്‍ വേലായുധനുമുണ്ടായിരുന്നു. സര്‍ക്കാര്‍ ജോലി രാജിവെച്ച് പൂര്‍ണ്ണസമയ പ്രവര്‍ത്തകനായി മാറിയ പി. ജയകുമാറായിരുന്നു അന്നത്തെ ആര്‍എസ്എസ് താലൂക്ക് പ്രചാരക്. ആദ്യം മറ്റുള്ളവര്‍ സമരം ചെയ്യുന്നത് നേരില്‍ കാണാനദ്ദേഹം നിര്‍ദ്ദേശിച്ചു. സമരക്കാരോടുള്ള പോലീസിന്റെ പെരുമാറ്റവും സമരം ചെയ്യുന്ന രീതിയുമെല്ലാം കണ്ട് പഠിക്കുന്നതിനായിരുന്നു ഇത്.
സമരരംഗത്തേക്ക്: മൂവാറ്റുപുഴ കച്ചേരിത്താഴത്ത് ലഘുലേഖ വിതരണം ചെയ്തു. അടിയന്തരാവസ്ഥ അറബിക്കടലില്‍, ഭാരത് മാതാ കീ ജയ്, മഹാത്മാഗാന്ധി കീ ജയ് എന്നീ മുദ്രാവാക്യങ്ങളുമായി പ്രകടനം നടത്തി. നൂറുകണക്കിന് ജനങ്ങള്‍ കണ്ട് നില്‍ക്കേ ഇടിവണ്ടിയും സര്‍വ്വസന്നാഹങ്ങളോടെയും ചീറിവന്ന പോലീസ്, പ്രവര്‍ത്തകരെ വളഞ്ഞിട്ട് മര്‍ദ്ദിച്ചു. കൊടിയ മര്‍ദ്ദനങ്ങള്‍. പിന്നെ സ്റ്റേഷനില്‍ 16 അംഗ സമരക്കാരെയും ഒറ്റമുറിയിലിട്ടു… പണ്ട് വേലായുധനെ അകാരണമായി മര്‍ദ്ദിച്ചതിന്റെ പേരില്‍ കേസ്കൊടുത്ത എസ്ഐ ആയിരുന്നു മഹസര്‍ തയ്യാറാക്കാനെത്തിയത്. വേലായുധനെ കണ്ടതോടെ എസ്ഐക്ക് കലിയിളകി. ജാതിപ്പേര് പറഞ്ഞുള്ള തെറിപ്രളയം.
ആറ് കൊല്ലത്തേക്ക് നിന്നെ വെളിച്ചം കാണിക്കില്ലെന്നും ഭീഷണിപ്പെടുത്തിയിരുന്നു. മൂവാറ്റുപുഴ കോടതിയില്‍ എല്ലാവരേയും ഹാജരാക്കി. അതില്‍ 12 പേരെ ജയിലിലേക്ക് അയച്ചു. നാല് പേരെ വെറുതെ വിട്ടു. സബ് ജയിലിലും മര്‍ദ്ദനം ‘നടയടി’യിലൊതുങ്ങി. ജയിലില്‍ ശാഖനടത്തിയും കിണര്‍ ശുദ്ധീകരിച്ചും ദിവസങ്ങള്‍ തള്ളി നീക്കി.
മൂവാറ്റുപുഴ ജയിലില്‍ നിന്നും വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് കൊണ്ടുപോയി. അവിടെ സംഘത്തിന്റെ മുതിര്‍ന്ന കാര്യകര്‍ത്താക്കളായ ടി.വി. അനന്തന്, ഒ.രാജഗോപാല്‍, പി.പി. മുകുന്ദന് എന്നിവരും മറ്റ് പ്രസ്ഥാനങ്ങളിലെ ടി.വി.തോമസ്, പി.പി.രാമകൃഷ്ണന്, മിസ ശിവശങ്കരന് എന്നിവരുമുണ്ടായിരുന്നു.
സജീവ രാഷ്ട്രീയത്തിലേക്ക്
ജയിലില്‍ നിന്നും പുറത്തുവന്ന ശേഷമാണ് രാഷ്ട്രീയത്തിലിറങ്ങുന്നത്. ഒ. രാജഗോപാല്‍, കെ.ജി. മാരാര്‍, കെ. രാമന്‍പിള്ള എന്നിവരാണ് ഇതിനുപദേശിച്ചത്. അങ്ങനെ ജനസംഘത്തിന്റെ വെങ്ങോല പഞ്ചായത്ത് കണ്‍വീനറായി. അടിയന്തരാവസ്ഥക്ക് ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ ജനസംഘം സിപിഎമ്മുമായി കൈകോര്‍ത്താണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. അന്ന് മര്‍ക്സിസ്റ്റ് സൈദ്ധാന്തികനായ പി. ഗോവിന്ദപിള്ള, സിപിഐ നേതാവ് പി.കെ. വാസുദേവന്‍ നായര്‍, സിപിഎം നേതാക്കളായ പി.കെ. ഗോപാലപിള്ള, മേതലകൃഷ്ണന് നായര്‍, പി.ആര്. ശിവന് എന്നിവരുമായി അടുത്ത് പ്രവര്‍ത്തിക്കുവാന്‍ അവസരം ലഭിച്ചു.
ജനസംഘത്തിന്റെയും ബിജെപിയുടെയും താഴേത്തലം മുതല്‍ സംസ്ഥാനതലം വരെയുള്ള ചുമതലകള്‍ മാറി മാറി വഹിച്ചു. 1983 കാലഘട്ടത്തില്‍ കണ്ണൂര്‍- കണ്ണവം ആദിവാസി കോളനി സന്ദര്‍ശിച്ച് അവര്‍ക്കൊപ്പം താമസിച്ച് അവരുടെ കഷ്ടപ്പാടുകളും ദുരിതങ്ങളും മനസ്സിലാക്കി.
ഈ കാലത്ത് നിരവധി സമരപോരാട്ടങ്ങളില്‍ പങ്കെടുത്തു.
1987ല്‍ പട്ടികജാതി വിഭാഗത്തിന്റെ അഖിലേന്ത്യാക്കമ്മറ്റി രൂപീകരണം മദ്ധ്യപ്രദേശിലെ ജബല്പൂരില് നടന്നപ്പോള്‍ കേരളത്തില്‍ നിന്നും പങ്കൈടുത്ത നാലംഗസംഘത്തിന്റെ കണ്‍വീനറായിരുന്നു. അന്നത്തെ മദ്ധ്യപ്രദേശ് മുഖ്യമന്ത്രി സുന്ദര്‍ലാല്‍ പട്വ, മുതിര്‍ന്ന നേതാവ് കൈലാസ് ജോഷി എന്നിവരുമായി പട്ടികജാതിക്കാരുടെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്തു.
കേരളത്തില്‍ പട്ടികജാതി മോര്‍ച്ച രൂപീകരിച്ചപ്പോള്‍ ആദ്യസെക്രട്ടറിയായി. പിന്നീട് ദീര്‍ഘകാലം പ്രസിഡന്റായി. പട്ടികജാതി മോര്‍ച്ച സംഘാടക പ്രതിനിധി എന്ന നിലയില്‍ ഭാരതം മുഴുവന്‍ സന്ദര്‍ശിച്ചു. അയോധ്യ, അംബേദ്കറുടെ ജന്മസ്ഥലം, പഞ്ചാബിലെ സുവര്‍ണ്ണ ക്ഷേത്രം, രാജസ്ഥാന്, ജയ്പൂര്‍, വാഗ അതിര്‍ത്തി…
ശക്തമായ സാന്നിദ്ധ്യം
1998 ല്‍ അടല്‍ ബിഹാരി വാജ്പേയി ദല്‍ഹിയില്‍ വിളിച്ചുചേര്‍ത്ത പട്ടികജാതി എംപിമാരുടെയും നേതാക്കളുടെയും യോഗത്തില്‍ പങ്കെടുത്തു. ഈ യോഗത്തിനുശേഷം കേരളത്തിലെ 14 ജില്ലകളിലേക്കും സ്പെഷ്യല്‍ കംപോണന്റ്പദ്ധതി (എസ്സിപി) പ്രകാരം ഓരോ കോടി രൂപ പ്രഖ്യാപിച്ചു. പട്ടികജാതി കോളനികളിലേക്ക് റോഡ്, വൈദ്യുതി എന്നിവയായിരുന്നു ലക്ഷ്യം. ഡോ. കണ്ടോരനായിരുന്നു എറണാകുളം ജില്ലാ കണ്‍വീനര്‍.
രാഷ്ട്രീയ ഇടപെടലുകള്‍ മൂലം ജില്ലയില്‍ തയ്യാറാക്കിയ 16 പദ്ധതികളും പട്ടികജാതിക്കാര്‍ക്ക് ഗുണം കിട്ടാത്തവയായിരുന്നു. ഇതിനെതിരെ വേലായുധന് പ്രതികരിക്കുകയും ഫണ്ട് പട്ടികജാതിക്കാര്‍ക്ക് ഗുണകരമായി ചെലവഴിക്കുവാന്‍ പദ്ധതി പുനര്‍ നിര്ണ്ണയിക്കുകയുമുണ്ടായി. നെടുമല പട്ടികജാതി കോളനിയും ആലുവ മൂന്നാര്‍ റോഡുമായി ബന്ധിപ്പിക്കുന്ന പുതിയ റോഡും ഈ പദ്ധതി പ്രകാരം നിര്‍മ്മിച്ചതാണ്.
വനവാസികളുടെ മുത്തങ്ങാസമരം ദേശീയ ശ്രദ്ധയില്‍പ്പെടുത്തുകയും കേന്ദ്ര വനവാസിക്ഷേമ മന്ത്രി ജൂവല്‍ ഓറത്തെ കൊണ്ടുവരാനുമായി. അന്നത്തെ മുഖ്യമന്ത്രി എ.കെ. ആന്റണിയുമായി നടന്ന ഒത്തുതീര്‍പ്പ് ചര്‍ച്ചയില്‍ പട്ടികജാതി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് എന്ന നിലയില്‍ പങ്കെടുത്തു.
വയനാട്ടിലെ കുങ്കിയുടെ നഷ്ടപ്പെട്ട ഭൂമി തിരിച്ചുപിടിക്കാന്‍ നടത്തിയ ആദിവാസി സമരം, മതികെട്ടാന്‍ ഭൂമി കൈയേറ്റത്തിനെതിരെയുള്ള സമരം, 1991ല്‍ പെരുമ്പാവൂര്‍ രായമംഗല പഞ്ചായത്തിലെ പിച്ചനാമോള് കോളനിയിലെ കുഴല്‍ക്കിണറിനായുള്ള സമരത്തിന്റെ വിജയം, വാഗമണ്‍ കൈയേറ്റത്തിനെതിരെയുള്ള സമരം, വയനാട് പുല്‍പ്പള്ളി ഇരുളം കോളനിയില്‍ നൂറ് ഏക്കര്‍ കാപ്പിത്തോട്ടത്തിനെതിരെ ആദിവാസികളെ സംഘടിപ്പിച്ചുള്ള സമരം, കുന്നുകരയിലെ പട്ടികജാതി ശ്മശാനത്തിനായുള്ള സമരം, കൊച്ചി റിഫൈനറി, നെടുമ്പാശ്ശേരി വിമാനത്താവളം എന്നിവിടങ്ങളിലെ സംവരണ സമരം, പാണ്ട്റ കോളനിയിലെ കുടിവെള്ള സമരം, ശ്രീമൂലനഗരത്ത് ഡോ. അംബേദ്കര്‍ റോഡിനായുള്ള സമരം എന്നിവയെല്ലാം വേലായുധന്റെ സംഘടനാ പാടവത്തിന് നിദര്‍ശനങ്ങളാണ്.
2001-02 കാലഘട്ടത്തില്‍ കുട്ടമ്പുഴയില്‍ 27 ആദിവാസി കുടുംബങ്ങളെ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്തിരുന്നു. അവരെ സ്വധര്‍മ്മത്തിലേക്ക് മടക്കിക്കൊണ്ടു വന്നതും വേലായുധന് മറക്കാനാവില്ല.
2001ല്‍ എ.ബി. വാജ്പേയി പ്രധാനമന്ത്രിയായിരുന്നപ്പോള്‍ ഇടുക്കി ജില്ലയിലെ മറയൂര്‍ ജാതിയില്ലാ കോളനി, കീഴല്ലൂര്‍, കോവിലൂര്‍, വട്ടവട എന്നീ കേളനികള്‍ സന്ദര്‍ശിക്കുകയും അവരുടെ രാജാവ്, മന്ത്രി എന്നിവരുള്‍പ്പെടെയുള്ള വനവാസികളെ വിളിച്ചുകൂട്ടുകയും ജാതിയില്ലാ പ്രശ്നം പഠിക്കുകയും സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുകയും ചെയ്തു.
2005ല്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായപ്പോള്‍ നാശനഷ്ടം സംഭവിച്ചവര്‍ക്ക് തണുപ്പില്‍നിന്നും രക്ഷനേടാന്‍ നൂറോളം കമ്പിളി വസ്ത്രങ്ങളുമായി ഓടിയെത്തിയത് വേലായുധനും പാര്‍ട്ടി പ്രവര്‍ത്തകരുമായിരുന്നു. 1988ലും 1999ലും ഒറ്റപ്പാലത്തും, 1986ല്‍ ഞാറയ്ക്കലിലും 2004ല്‍ അടൂര്‍ ലോക്സഭാ മണ്ഡലത്തിലും 2006ല്‍ ആലുവ നിയോജക മണ്ഡലത്തിലും 2009ല്‍ മാവേലിക്കര നിയോജക മണ്ഡലത്തിലും 2011ല്‍ തൊടുപുഴ നിയോജക മണ്ഡലത്തിലും 2014ല്‍ കൊല്ലം ലോക്സഭാ മണ്ഡലത്തിലും ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്നു.
കെപിഎംഎസിനെ ബിജെപിയുമായി അടുപ്പിക്കുന്നതില്‍ മുഖ്യപങ്ക് വഹിച്ചതും വേലായുധനായിരുന്നു.
2014ല്‍ നരേന്ദ്രമോദി പങ്കെടുത്ത കൊച്ചി കായല്‍ സമ്മേളനത്തിന്റെയും ന്യൂദല്‍ഹിയില്‍ പ്രധാനമന്ത്രി പങ്കെടുത്ത അംബേദ്കര്‍ ജയന്തി ആഘോഷത്തിന്റെയും പിന്നില്‍ വേലായുധന്റെ അക്ഷീണ പരിശ്രമമുണ്ടായിരുന്നു. വേലായുധന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് അംഗീകാരമായി സ്വാമി ആഗമാനന്ദ പുരസ്കാരം തുടങ്ങി നിരവധി അംഗീകാരങ്ങള്‍ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
പി എം ആണോ എന്നു ചോദിച്ചാല്‍ എ എമ്മുമാണെന്ന് പറയുന്ന നര്‍മ്മ ബോധമുള്ളയാളാണ് പി. എം. വേലായുധന്. ഏതു സമയവും പ്രവര്‍ത്തകര്‍ക്കൊപ്പം നില്ക്കാനുണ്ടാകുന്ന വേലായുധേട്ടന് പ്രസംഗ വേദിയിലും വെട്ടിത്തിളങ്ങും. മര്‍മ്മമറിഞ്ഞുള്ള നര്‍മ്മപ്രയോഗം ചിരിപ്പിച്ച് ചിന്തിപ്പിക്കുന്നതാണ്. ജനകീയരായ നേതാക്കളില്‍ രസികത്തമുള്ളവരുടെ വംശം കുറ്റിയറ്റുകൊണ്ടിരിക്കുകയാണ്.
ഭാഷയും ശരീര ഭാഷയും മോശമായവര്ക്കിടയിലാണ് പി എം നെ പോലുള്ളവരുടെ പ്രസക്തി കൂടുന്നത്. തന്റെ പ്രസംഗത്തില്‍ ആനുകാലിക പ്രസക്തിയുള്ള വിഷയങ്ങള്‍ അതിമനോഹരമായ ഭാഷയില്‍ അദ്ദേഹം അവതരിപ്പിക്കുന്നത് കേള്‍വിക്കാരില്‍ ഉള്പുളകമുണ്ടാക്കാറുണ്ട്. ക്രിക്കറ്റും സിനിമയും നിത്യേന നടക്കുന്ന മറ്റെല്ലാസംഭവങ്ങളും തന്മയത്വത്തോടെ അവതരിപ്പിക്കുവാന്‍ അദ്ദേഹം മിടുക്കനാണ്. അതിനാല്‍ തന്നെ പ്രസംഗം ഒരിക്കലും കേള്‍വിക്കാരെ ബോറടിപ്പിക്കാറില്ല.
ഒരുപക്ഷേ, അന്തരിച്ച ജനകീയനായ കെ. ജി. മാരാര്‍ക്കു ശേഷം ഇത്രമാത്രം കേള്‍ക്കാന്‍ ആളുകള്‍ ഇഷ്ടപ്പെടുന്ന പ്രസംഗം ഇദ്ദേഹത്തിന്റേതായിരിക്കും…
ഒന്നുമില്ലായ്മയില്‍ നിന്നും സ്വന്തം സംഘടനാമികവുകൊണ്ടും ആത്മാര്‍ത്ഥതകൊണ്ടും ബിജെപിയുടെ സംസ്ഥാന നേതൃ നിരയില്‍ വിളങ്ങുന്ന, പ്രവര്‍ത്തകരുടെ പ്രിയപ്പെട്ട വേലായുധന്റെ ഷഷ്ഠിപൂര്‍ത്തി ആഘോഷം നീലീശ്വരം മുണ്ടങ്ങാമറ്റത്തുകാര് ഗ്രാമോത്സവമാക്കി.
ഇപ്പോള്‍ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റാണ്.
പട്ടികജാതി പട്ടികവര്‍ഗ്ഗ സംവരണ സംരക്ഷണ പ്രക്ഷോഭ സമിതി ജനറല്‍ കണ്‍വീനര്‍ എന്ന നിലയിലും പ്രവര്‍ത്തിക്കുന്നു. ഭാര്യ: സുഭദ്ര, മക്കള്‍: ധന്യ, ദിവ്യ. മരുമകന്: ജയപ്രകാശ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: