ആലപ്പുഴ: പെണ്‍കുട്ടികള്‍ ഇന്നലെയുടെ മധുരിക്കുന്ന ഓര്‍മ്മയാണ് ഇന്നിന്റെ ആഹ്ലാദ നിമിഷങ്ങളാണ്. അതോടൊപ്പം തന്നെ നാളെയുടെ പ്രത്യാശയും വാഗ്ദാനവുമാണ് എന്ന സന്ദേശം പ്രചരിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ സുകന്യ സമൃദ്ധി അക്കൗണ്ട് ജനങ്ങളില്‍ എത്തിക്കുന്നതിന്റെ ഭാഗമായി തപാല്‍ വകുപ്പ് ആലപ്പുഴ ഡിവിഷന് റോഡ് ഷോ നടത്തി. തപാല്‍ ഡിവിഷന് അസി. സൂപ്രണ്ട് വി. രാജീവ്, തപാല്‍ മാര്‍ക്കറ്റിങ് വിഭാഗം എക്സിക്യൂട്ടീവ്മാരായ ടി. പ്രകാശ്, കെ. ബാലരാമന് എന്നിവര്‍ നേതൃത്വം നല്കി. പെണ്‍കുട്ടികളുടെ ഭാവി ജീവിതം ശോഭനമാക്കാന്‍ മാതാപിതാക്കളുടെ മുന്നില്‍ ഇപ്പോള്‍ ലഭ്യമായ സമാനതകളില്ലാത്ത നിക്ഷേപ പദ്ധതിയാണ് സുകന്യ സമൃദ്ധി അക്കൗണ്ട്.
പത്ത് വയസില്‍ താഴെയുള്ള പെണ്‍കുട്ടികളുടെ പേരില്‍ അച്ഛനമ്മമാര്‍ക്കോ രക്ഷിതാക്കള്‍ക്കോ സുകന്യ അക്കൗണ്ടുകള്‍ തുടങ്ങാം. ഓരോ വര്‍ഷവും ചുരുങ്ങിയത് 1,000 രൂപയില്‍ തുടങ്ങി പരമാവധി 1.5 ലക്ഷം രൂപ വരെ സുകന്യ അക്കൗണ്ടില്‍ നിക്ഷേപിക്കാം. 100 രൂപയുടെ ഗണിതങ്ങളായി ഒരുവര്‍ഷം എത്ര തവണ വേണമെങ്കിലും അടയ്ക്കാം. എല്ലാ തപാല്‍ ഓഫീസുകളിലും ഈ അക്കൗണ്ട് തുടങ്ങാനുള്ള അവസരമുണ്ട്.
സുകന്യ അക്കൗണ്ട് തുടങ്ങുവാന്‍ പെണ്‍കുട്ടികളുടെ ജനന സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, കുട്ടിയുടെ മാതാപിതാക്കളുടെയോ രക്ഷിതാക്കളുടെയോ ഫോട്ടോയും തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും, ആദ്യനിക്ഷേപ തുകയായ 1,000 രൂപയുമായി അടുത്തുള്ള പോസ്റ്റ് ഓഫീസില്‍ എത്രയും വേഗം എത്തി സുകന്യ അക്കൗണ്ട് തുടങ്ങി ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് ആലപ്പുഴ തപാല്‍ ഡിവിഷണല്‍ സൂപ്രണ്ട് എ. അന്‍വര്‍ ജാന്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: