മുഹമ്മ: വയര്‍ലെസ് ഇലക്ട്രിസിറ്റി സെന്‍സിങ് ഡിവൈസ് സിസ്റ്റത്തിന്റെ പ്രവര്‍ത്തനം ദേശീയ ഇന്നോവേഷന്‍ ഫൗണ്ടേഷന്റെ മത്സരത്തില്‍ പ്രദര്‍ശിപ്പിച്ച മുഹമ്മ ചിറയില്‍ സി.എസ്. ഋഷികേശ് സംതൃപ്തിയുടെ നിറവില്‍. ഗ്രാസ് റൂട്സ് ടെക്നോളജിക്കല്‍ അവാര്‍ഡിന് കേരളത്തിന് ലഭിച്ച ഏക അവാര്‍ഡ് ഋഷികേശിനാണ്. 50,000 രൂപയും ശില്പവും അടങ്ങുന്ന അവാര്‍ഡ് രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ സാന്നിദ്ധ്യത്തില്‍ വിതരണം ചെയ്തു.
സംസ്ഥാനത്ത് നിന്നും വി.ആര്. സച്ചിതാനന്ദന്, കെ.വി. പൗലാസ്, ജോസ് മാത്യു, മെനുവിന് തോമസ് എന്നീ നാലുപേര്‍ക്ക് സമാശ്വാസ സമ്മാനങ്ങളും ലഭിച്ചു. 11 കെവി ലൈനിലെ വൈദ്യുതി പ്രസരണം അകലെ നിന്ന് മനസിലാക്കാന്‍ സഹായിക്കുന്ന ഉപകരണം വൈദ്യുതാഘാതം മൂലമുള്ള അപകടം ഒഴിവാക്കാന്‍ സഹായിക്കും. 2011ലാണ് ഈ ഉപകരണം നിര്‍മ്മിച്ചത്. ഉപകരണത്തിന് വൈദ്യുത വകുപ്പിന്റെ അംഗീകാരം ലഭിച്ചു. ഭൂകമ്പം മുന്‍കൂട്ടി അറിയാനുള്ള ഉപകരണം, എടിഎം കവര്‍ച്ച തടയാനുള്ള ഉപകരണം, ബോട്ടില്‍ വെള്ളം കയറി അപകടം ഉണ്ടാകുന്നത് തടയാനുള്ള ഉപകരണം എന്നിവ ഋഷികേശ് വികസിപ്പിച്ചിട്ടുണ്ട്.
മത്സ്യത്തൊഴിലാളി കുടുംബാംഗമായ ഋഷികേശിനെ തേടി അംഗീകാരങ്ങള്‍ നിരവധി എത്തിയെങ്കിലും സാമ്പത്തിക പരാധീനത മൂലം ഈ യുവാവിന് മുന്നോട്ടു നീങ്ങാനാവുന്നില്ല. പരീക്ഷണങ്ങള്‍ക്കും നിരീക്ഷണങ്ങള്‍ക്കുമായി ബാങ്കില്‍ നിന്നും കടമെടുത്ത തുക ഈ യുവശാസ്ത്രജ്ഞന് ഭീഷണിയായി നില്ക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: