കഥകള്‍ അനുഭവതീഷ്ണതയുടെ ചൂടില്‍ നിന്നും വാര്‍ന്നു വീഴുമ്പോള്‍ അത് മനുഷ്യ കഥാഖ്യാനങ്ങളായി മാറുന്നു. അപ്പോള്‍ ശില്പഭംഗിയും ആത്മാര്‍ത്ഥതയും ആകര്‍ഷകതയും കൂടുന്നു. ജീവിതത്തില്‍ തീഷ്ണസ്പര്ശങ്ങള് മനസ്സിലേറ്റി കഥകളെഴുതിയ മലയാളത്തിന്റെ കഥാകാരനാണ് പുതൂര്‍ ഉണ്ണികൃഷ്ണന്. അനുഭവങ്ങളുടെ നെരിപ്പോടില്‍ നിന്നും വാര്‍ന്നുവീണ അറുനൂറില്‍പ്പരം കഥകള്‍ കൊണ്ട് മലയാള ചെറുകഥാ സാഹിത്യത്തെയും ഭാഷയേയും ജ്വലിപ്പിക്കുകയായിരുന്നു ഈ എഴുത്തുകാരന്. ഇന്ദ്രിയ ഗോചരമായ അനുഭവങ്ങളുടെ ദൃശ്യപ്പൊലിമ കൊണ്ട് പുതൂരിന്റെ കഥകള്‍ അനുവാചകന് കാഴ്ചകളാകുന്നു. ഈ കാഴ്ചകള്‍ കേരളത്തിന്റെ വൈവിധ്യമാര്‍ന്ന ജനസംസ്കൃതിയുടെ എല്ലാ വശങ്ങളും ഉള്‍ക്കൊള്ളുന്നു. അതുകൊണ്ടു തന്നെ പുതൂര്‍ കഥകള്‍ കേരളത്തിന്റെ ഒരു കാലഘട്ടത്തിന്റെ സാംസ്കാരിക രൂപരേഖ കൂടിയായിത്തീരുന്നു.
കേരളത്തിന് ആകമാനവും വടക്കന്‍ കേരളത്തിന് പ്രത്യേകിച്ചും അവിസ്മരണീയ നാമധേയമാണ് പുതൂര്‍ ഉണ്ണികൃഷ്ണന്. ഈ മണ്ണില്‍ ജീവിച്ച് തന്റെ ചുറ്റുവട്ടങ്ങളിലും യാത്രകളിലും നേരിട്ടനുഭവിച്ച മനുഷ്യജീവിതത്തിന്റെ സര്‍വതലസ്പര്‍ശിയായ വൈകാരിക വൈചാരിക മണ്ഡലങ്ങളെ കഥാശില്‍പമാക്കിയ അനശ്വരകഥാകാരനാണ് പുതൂര്‍. ജീവിതത്തിന്റെ നിമ്നോന്നതകളെ അടുത്തറിഞ്ഞ് അവയുടെ അര്‍ത്ഥാന്തരങ്ങളില്‍ സ്വയം ജീവിച്ച് കഥയുടെ സര്ഗ്ഗതലങ്ങള് മലയാളിക്ക് ഒരുക്കി കൊടുക്കുകയായിരുന്നു അദ്ദേഹം. ജീവിതത്തിന്റെ ദുഃഖാഗ്നി തീര്ത്ഥങ്ങളായിരുന്നു ഈ എഴുത്തുകാരന് എന്നും പ്രിയം. മൗനത്തിന്റെ മുഖാവരണമിട്ട് വ്യാകുലതകളെ പേറി നടന്ന ഈ കഥാകാരന് അസ്വസ്ഥതകളില്‍ നിന്നും കഥകള്‍ മെനഞ്ഞെടുക്കുകയായിരുന്നു. മരുമക്കത്തായ നായര്‍ തറവാടുകളിലെ പൂര്‍വ മഹിമകളുടെ പടിപടിയായ തകര്‍ച്ചകളില്‍ സ്വയം നഷ്ടമായിക്കൊണ്ടിരുന്ന മനുഷ്യരുടെ ഹൃദയതലങ്ങളെ അദ്ദേഹം തന്റെ പല കഥകളിലും കോറിയിട്ടു. കുടുംബ വാഴ്ചകളിലെ നീരസങ്ങളോടും നിയമവ്യവസ്ഥിതികളോടും എന്നും കലഹിച്ചിരുന്ന കഥാകാരനാണദ്ദേഹം.
ഗ്രാമ്യലാവണ്യമാണ് പുതൂര്‍ കഥകളുടെ കഞ്ചുകം. അദ്ദേഹത്തിന്റെ കഥാസഞ്ചയത്തിലെ ഒട്ടനവധി കഥകള്‍ ഗ്രാമത്തിന്റെ സ്ഥലകാലങ്ങളില്‍ നില്ക്കുന്നവയാണ്. ഗ്രാമപ്രകൃതിയുടെ നിര്‍മ്മലതയിലും നിഷ്കളങ്കതയിലും ജീവിതത്തിന്റെ വൈവിധ്യാനുഭവങ്ങളിലൂടെ കടന്നുപോകുന്ന കഥാപാത്രങ്ങള്‍ ആ കഥകളുടെ നൈരന്തര്യധാരയാണ്. നഷ്ട സൗഭാഗ്യങ്ങളിലും വിഷാദത്തിന്റെ ഏകാന്തതകളിലും അഭയം തേടുന്ന ഈ കഥാപാത്രങ്ങള്‍ വായനക്കാരെ വല്ലാതെ അലട്ടിക്കൊണ്ടിരിക്കും. അതും കൃത്രിമമോ യാന്ത്രികമോ അല്ലാത്ത ശുദ്ധധാര്മ്മികതയുടെ ഹൃദയതാളങ്ങളിലൂടെ മാത്രം. ഇതിനുകാരണം അനുഭവത്തിന്റെ ഊഷ്മളത ഒന്നുമാത്രമായിരുന്നു. സര്‍ഗ്ഗാത്മകമായ ഊര്‍ജ്ജം പൂര്‍ണ്ണമായും മലയാള കഥാസാഹിത്യത്തിന് നല്കി കഥയുടെ ഒരു ഭാവകാവ്യ പ്രപഞ്ചം സൃഷ്ടിക്കുകയായിരുന്നു പുതൂര്‍. സ്വപ്നങ്ങളും യാഥാര്‍ത്ഥ്യങ്ങളും ഇണ ചേരുന്ന ജീവിതത്തിന്റെ നൊമ്പരങ്ങളെ കഥയുടെ സൗന്ദര്യശില്പ്പത്തില് ലയിപ്പിച്ചതാണ് പുതൂരിന്റെ വിജയം.
കഥയെഴുത്തിനുവേണ്ടി അതിന്റെ ഈറ്റില്ലങ്ങള്‍ തേടി ക്ലേശിക്കേണ്ടി വന്നിട്ടില്ലാത്ത മലയാളത്തിലെ ഒരു കഥാകാരനായിരുന്നു പുതൂര്‍ ഉണ്ണികൃഷ്ണന്. തന്റെ ദൃശ്യേന്ദ്രിയത്തിന് ഗോചരമായതെന്തും കഥയാക്കിയ കഥാകാരനാണദ്ദേഹം. അവിടെ മാനവ ജീവിതത്തിന്റെ സമസ്ത സ്പന്ദനങ്ങളും സാമൂഹ്യജീവിതത്തിന്റെ തുടിതാളങ്ങള്‍, നവങ്ങളായ സ്വാനുഭവങ്ങള്‍, ഗൃഹാന്തരീക്ഷത്തിന്റെ അര്‍ത്ഥതലങ്ങള്‍, സാമൂഹ്യവൈകൃതങ്ങള്, ദയാരാഹിത്യങ്ങള്, ധാര്‍മ്മികച്യുതി സമ്പന്ന വിഭാഗങ്ങളുടെ പൊങ്ങച്ചങ്ങള്‍ എന്നിവയെല്ലാം പുതൂര്കഥകളെ സമ്പന്നമാക്കുന്നു.
സാഹിത്യരചന ആത്മ സംഘര്‍ഷങ്ങളുടെ നെരിപ്പോടില്‍ നിന്നാണ് ഉയിര്‍കൊള്ളുന്നത് എന്ന് അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്. അതുകൊണ്ടാവാം തീഷ്ണമായ വൈകാരിക തലങ്ങളുള്ള ആത്മസംഘര്‍ഷ ഭരിതമായ കഥകള്‍ അദ്ദേഹത്തിന് എഴുതാന്‍ കഴിഞ്ഞത്. ജീവിത യാഥാര്‍ത്ഥ്യങ്ങളെ കഥകളാക്കുമ്പോള് പോലും അവ കലാപരമായ ശില്പഭംഗി കൊണ്ട് ഒതുക്കമുള്ള കഥാസാഹിത്യമായി രൂപമാര്‍ജ്ജിക്കുന്നു. ഗൃഹാതുരത്വവും ആത്മനൊമ്പരങ്ങളും പുതൂര്കഥകളെ മസൃണമാക്കുന്നു.
1952ല്‍ പ്രസിദ്ധീകരിച്ച കരയുന്ന കാല്‍പ്പാടുകള്‍ ആണ് പുതൂരിന്റെ ആദ്യ കഥാസമാഹാരം. പിന്നീടിങ്ങോട്ട് വൈവിധ്യവും വൈരുദ്ധ്യവും നിറഞ്ഞ മനുഷ്യജീവിതങ്ങളുടെ നേര്‍ക്കാഴ്ചകള്‍ ഒട്ടനവധി കഥകളിലൂടെ പുതൂര്‍ കേരളത്തിന് നല്കി. മുപ്പത്തിയെട്ട് കഥാസമാഹാരങ്ങളും കല്പ്പകമഴ എന്ന കവിതാസമാഹാരവും തിരുനാമാചാര്യന് ആഞ്ഞം തിരുമേനി എന്ന ജീവചരിത്ര ഗ്രന്ഥവും ഗജരാജന്‍ ഗുരുവായൂര്‍ കേശവന് എന്ന അനുസ്മരണവും പതിനെട്ടോളം നോവലുകളും ഉള്‍പ്പെടെ അമ്പത്തൊന്പതില്പരം കൃതികളുടെ കര്‍ത്താവാണ് പുതൂര്‍ ഉണ്ണികൃഷ്ണന്. ഒരു ജന്മം കൊണ്ട് ഇത്രയധികം കഥകള്‍ രചിച്ചിട്ടുള്ള കഥാകൃത്തുകള്‍ വിശ്വസാഹിത്യത്തില്‍ പോലും ഇല്ലെന്ന് തോന്നുന്നു.
ഇടത്തരക്കാരന്റെ ജീവിത പ്രശ്നങ്ങളായിരുന്നു എന്നും പുതൂരിന് പ്രിയങ്കരം. നീറുന്ന ജീവിതയാഥാര്‍ത്ഥ്യങ്ങളായിരുന്നു അദ്ദേഹത്തിന് കഥയുടെ മേച്ചില്‍പ്പുറങ്ങള്‍ അതുകൊണ്ടാകാം അദ്ദേഹത്തിന്റെ കഥകളെല്ലാം തന്നെ നൊമ്പരങ്ങളുടെ പരിസമാപ്തികളായത്. മനുഷ്യനെ നൊമ്പരപ്പെടുത്തുന്ന ഏതിനോടും കലഹിച്ചിരുന്ന ഈ കഥാകാരന് എന്നും സാധാരണക്കാരന്റെ വൈകാരിക പ്രജ്ഞകളെ മാനിച്ചു. ധാര്‍മ്മികത എന്നും അദ്ദേഹത്തിന്റെ ജീവിതകവചവും ദര്‍ശനവുമായിരുന്നു. നൊമ്പരത്തിന്റെ വാല്മീകത്തില് നിന്നും ധാര്‍മ്മികതയുടെ കഥാശില്പങ്ങള് മെനഞ്ഞെടുത്ത കഥാകാരനാണ് പുതൂര്‍ ഉണ്ണികൃഷ്ണന്.
സ്വന്തം പരിസരങ്ങളും പരിചിതരുമെല്ലാം അദ്ദേഹത്തെ സംബന്ധിച്ച് കഥയ്ക്കുള്ള പ്രചോദനങ്ങളായിരുന്നു. അത്തരം ചുറ്റുപാടുകളിലെ ജീവിതനിരീക്ഷണങ്ങളും അനുഭവങ്ങളും എന്നെന്നും അദ്ദേഹത്തിന് ആവേശം പകര്‍ന്നു. പക്ഷെ അവയെ കഥാലാവണ്യ കൂട്ടില്‍ ചാലിച്ച് ഹൃദയാവര്‍ജ്ജക ശില്പങ്ങള് ആക്കുമ്പോള്‍ ഒരു തരം മാന്ത്രിക വശ്യതയുള്ള കഥകളാകുന്നു. മലയാള സാഹിത്യത്തില്‍ വ്യക്തി അനുഭവങ്ങളെ ചങ്ങമ്പുഴ കൃഷ്ണപിള്ള കവിതയാക്കിയെങ്കില് പുതൂര്‍ ഉണ്ണികൃഷ്ണന് കഥകളാക്കി. ആത്മസംഘര്‍ഷങ്ങളും സ്വന്തം ജീവിതം പഠിപ്പിച്ച അനുഭവങ്ങളും ഇത്രമാത്രം കഥയില്‍ പ്രയുക്തമാക്കിയ മറ്റൊരു കഥാകാരന് മലയാളത്തില്‍ ഇല്ലെന്നു പറയാം. എന്നാല്‍ ആ കഥകളെല്ലാം തന്നെ ശില്പസുന്ദരവും ഭാവബന്ധുരവുമായി തീര്‍ന്നു. കഥാരചനയിലെ ഈ മാസ്മരികവശ്യതയും ഗൂഡതന്ത്രവുമാകാം വായനക്കാരെ ശ്രദ്ധാതലത്തില് തളച്ചിടാന്‍ പുതൂര്ക്കഥകള്ക്ക് സാധ്യമാകുന്ന ഒരു കാരണം.
മലയാളഭാഷയുടെ നിതാന്തശാന്തവും മന്ദ്രമധുരമായ ഒഴുക്കും മനുഷ്യരുടെ ആത്മഭാവസ്ഫുരണങ്ങള് പകര്‍ത്തുമ്പോള്‍ കാണുന്ന വിഷാദച്ഛവിയുമെല്ലാം ആ കഥകളെ വ്യതിരിക്തമാക്കുന്നു. ഒപ്പം അതില്‍ പ്രകടമാകുന്ന കേരള പ്രകൃതിയും സംസ്കാരവും പാരമ്പര്യവുമെല്ലാം ദേശീയബോധ പ്രപഞ്ചനങ്ങളാക്കുന്നുണ്ട്.
ഗുരുവായൂരിന്റെ കഥാകാരന് എന്ന് പരക്കെ അറിയപ്പെടുന്ന പുതൂര്‍ തന്റെ ജീവിതത്തിലും എഴുത്തിലും സത്യവും നീതിയും പുലര്‍ത്തിയ കഥാകാരനായിരുന്നു. തന്റെ ധാര്‍മ്മികതയ്ക്ക് നിരക്കാത്ത ഒന്നിനേയും അദ്ദേഹം കഥയിലും ജീവിതത്തിലും സ്വീകരിച്ചില്ല. മനുഷ്യന് പടുത്തുയര്‍ത്തിയ എല്ലാ ഇസങ്ങള്‍ക്കും പക്ഷപാതങ്ങള്‍ക്കും സങ്കുചിത ചിന്താഗതികള്‍ക്കും അപ്പുറം മാനവികത എന്ന അതിരുകളില്ലാത്ത ഒരാകാശവും തീരമില്ലാത്ത സമുദ്രവുമായിരുന്നു പുതൂരിന്റെ ലോകം. എങ്കിലും അദ്ദേഹം തികച്ചും ഭാരതീയനായിരുന്നു അതുപോലെ തന്നെ തനി കേരളീയനും.
ജീവിതത്തിന്റെ ഉന്നത പീഠങ്ങളും അധമപീഠങ്ങളും കണ്ട കഥാകാരനാണ് അദ്ദേഹം. എത്തിപ്പിടിക്കാതെയും പടര്‍ന്നു കയറാതെയും കയ്യടക്കാതെയും തനിക്കു സ്വന്തമായവയെ അതായത് തനിക്കുകാണാന്‍ കഴിഞ്ഞവയെ തന്റെ ഏകാന്ത സ്വത്വം രൂപപ്പെടുത്തിയ കഥാശില്പത്തില് മെനഞ്ഞെടുത്ത കഥയുടെ കാരണവരാണ് അദ്ദേഹം. കേരളത്തില്‍ നിലനിന്ന ഫ്യൂഡലിസ്റ്റു കാലത്തിന്റെ രാജഗൃഹങ്ങളില്‍ വച്ച് കാലവും വിധിയുമേല്പ്പിച്ച പ്രഹരങ്ങളില്‍ തകര്‍ന്നുപോയ സ്വജീവിത്തിന്റെ രംഗവേദിയില്‍ നിന്നും ജീവിതാവസാനം വരെ കാണാനും അനുഭവിക്കാനും കഴിഞ്ഞ മനുഷ്യമനസുകളും ജീവിതവും കോറിയിട്ടുകൊണ്ട് അദ്ദേഹം മലയാളത്തിന്റെ കഥാസിംഹാസനത്തില് അവരോധിതനായി. കേവലം കഥയുടെ സാങ്കേതികതയില്‍ മാത്രം വിശ്വസിച്ച കഥാകാരനായിരുന്നില്ല പുതൂര്‍ എന്നു തെളിയിക്കുന്നതാണ് അദ്ദേഹത്തിന്റെ കഥകള്‍. തന്റെ കഥകള്‍ക്ക് താന്‍ സ്വയം തീര്‍ത്ത ബാഹ്യാഭ്യന്തര ശില്പങ്ങള് നല്കി കഥാഗൃഹം തീര്‍ക്കുക മാത്രമാണ് ഉണ്ണികൃഷ്ണന് ചെയ്തത്. തന്റെ കഥാഗൃഹപാഠങ്ങള് എഴുതുമ്പോള്‍ അവിടെ പ്രത്യക്ഷപ്പെടുന്നവര്‍ സമൂഹത്തിന്റെ ഏതേതു തലങ്ങളിലുള്ളവരായിരിക്കണം എന്നൊന്നും ഒരു മുന്‍വിധിയും ഈ എഴുത്തുകാരനില്ല. അവിടെ സമസ്ത ജീവിത നിലവാരങ്ങളിലും ജീവിക്കുന്ന മനുഷ്യരുടെ വിചാര വികാരങ്ങളുടെ ധാരാ സംഗമങ്ങളുണ്ടാകും. എങ്കിലും ഇടത്തരക്കാരന്റെ ദുരന്തങ്ങളില്‍ പുതൂരിന് പ്രത്യേക താല്പര്യം ഉണ്ടെന്നു പറയാം. ഇതിനുകാരണം അദ്ദേഹം ജീവിച്ചു വളര്‍ന്ന ഒരു അനുഭവ മണ്ഡലത്തിന്റെ സ്വാധീനം തന്നെയാണെന്നു പറയാം. താളം തെറ്റിയ തറവാടുകളും തകര്‍ന്നടിയുന്ന തറവാടുകളും അവിടെ ജീവിച്ചിരുന്നവര്‍ സ്വാത്മപരിരക്ഷക്കു മാര്‍ഗ്ഗം കാണാതെ വീര്‍പ്പുമുട്ടുന്നതും സ്വാര്‍ത്ഥത മാത്രം കൈമുതലുള്ളവര്‍ അവിടെ നിന്നും തനിച്ചിറങ്ങുന്നതുമെല്ലാം ഈ കാഥികന്റെ പണിപ്പുരയിലെ ശാശ്വത ശില്പങ്ങളാണ്. ഉത്തര കേരളത്തിലെ ഗ്രാമത്തറവാടു ചിത്രങ്ങളായി പുതൂര്‍ കഥകള്‍ മാറുമ്പോള്‍ നേരത്തെ സൂചിപ്പിച്ചതുപോലെ കേരളത്തിന്റെ ഒരു കാലഘട്ടത്തിലെ സാംസ്കാരിക ചരിത്ര രേഖകളുടെ ഒരു പ്രതല പ്രദര്‍ശനം കൂടിയായി അദ്ദേഹത്തിന്റെ കഥകള്‍ മാറുന്നു. കേരളത്തിലെ ഗ്രാമസംസ്കാരത്തെ എടുത്തുകാട്ടുമ്പോള്‍ തന്നെ നഷ്ടപ്പെടുന്ന ഗ്രാമമുഖങ്ങളുടെ അനിശ്ചിതാവസ്ഥകളും നമ്മുടെ കഥാകാരനെ വേട്ടയാടിയിരുന്നു. ഗ്രാമൃത നഷ്ടമാകുമ്പോള്‍ നമുക്ക് നഷ്ടമാകുന്നത് ആചാരാനുഷ്ഠാന നിഷ്ഠങ്ങളായ ഒട്ടനവധി പൂര്‍വിക സംസ്കാരം കൂടിയാണെന്ന സത്യത്തെ എടുത്തുകാട്ടുന്ന കഥയാണ് വരണ്ട വേനലില്‍ എന്ന കഥ. ഗോപുര വെളിച്ചം, വിശക്കുന്ന ദൈവപുത്രന്മാര് തുടങ്ങി ഒട്ടനവധി കഥകള്‍ ഈ ഗണത്തില്‍പ്പെടുത്താം.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: