കരുനാഗപ്പള്ളി: പ്രസവശസ്ത്രക്രിയയെ തുടര്‍ന്ന് യുവതി മരിച്ചു. ആദിനാട് വടക്ക് മാനൂര്‍ തെക്കടത്ത് കിഴക്കതില്‍ അനീഷ്കുമാറിന്റെ ഭാര്യ രഞ്ജിനി (26) ആണ് മരിച്ചത്. പ്രസവശസ്ത്രക്രിയയെ തുടര്‍ന്ന് അസുഖം കൂടിയതോടെ യുവതിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് അയച്ചു. മെഡിക്കല്‍ കോളേജില്‍ എത്തി അരമണിക്കൂര്‍ കഴിഞ്ഞ് മരിച്ചതായി ബന്ധുക്കള്‍ പറയുന്നു.
കരുനാഗപ്പള്ളി താലൂക്കാശുപത്രി ഡോക്ടറുടെ അനാസ്ഥമൂലമാണ് യുവതി മരിച്ചതെന്നും സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാരായവരുടെ പേരില്‍ നടപടി സ്വീകരിക്കണമെന്നും യുവതിയുടെ ഭര്‍ത്താവ് അനീഷ്കുമാര്‍ കരുനാഗപ്പള്ളി എസ്ഐയ്ക്ക് മൊഴി നല്കി. പ്രസവത്തെ തുടര്‍ന്ന് ഭാര്യക്ക് കഠിനമായ ശ്വാസംമുട്ടല്‍ ഉണ്ടായതായും തിങ്കളാഴ്ച രാത്രി 10.30ന് കഠിനമായ ശ്വാസംമുട്ടലുള്ള സമയത്താണ് ഭാര്യയെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് അയച്ചതെന്നും ഓക്സിജന്‍ സൗകര്യം ആംബുലന്‍സില്‍ സജ്ജീകരിച്ചിട്ടില്ലായിരുന്നുവെന്നും മെഡിക്കല്‍ കോളേജില്‍ എത്തി അരമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ഭാര്യ മരിച്ചതായും ഭര്‍ത്താവ് അനീഷ്കുമാര്‍ പോലീസിന് മൊഴി നല്കി.
തുടക്കം മുതല്‍ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ ഷൈനിയാണ് യുവതിയെ ചികിത്സിച്ചുവന്നത്. ഏപ്രില്‍ 24ന് പ്രസവം നടക്കുമെന്ന് പറഞ്ഞെങ്കിലും മാര്‍ച്ച് 21ന് ശനിയാഴ്ച അസുഖത്തെ തുടര്‍ന്ന് താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ച് തുടര്‍ന്ന് 22ന് ഞായറാഴ്ച 10.30ന് സിസേറിയന് നടത്തി രണ്ടുപെണ്‍കുട്ടികളെ പുറത്ത് എടുക്കുകയായിരുന്നു. തിങ്കളാഴ്ച രാവിലെ മുതല്‍ കഠിനമായ ശ്വാസംമുട്ടല്‍ ഉണ്ടായതായും രാത്രി 10.30ന് മെഡിക്കല്‍ കോളേജിലേക്ക് അയക്കുകയായിരുന്നു.
കരുനാഗപ്പള്ളിയില്‍ നിന്ന് പോലീസെത്തി ഇന്‍ക്വസ്റ്റ് തയ്യാറാക്കിയെങ്കിലും കരുനാഗപ്പള്ളി താലൂക്കാശുപത്രിയില്‍ നിന്നും യഥാസമയം റിപ്പോര്‍ട്ട് ലഭിക്കാത്തതുമൂലം ചൊവ്വാഴ്ച പോസ്റ്റുമോര്‍ട്ടം നടന്നില്ല. പോലീസും ബന്ധുക്കളും ചൊവ്വാഴ്ച വൈകിട്ട് കരുനാഗപ്പള്ളിയിലേക്ക് മടങ്ങുകയായിരുന്നു. യുവതിയുടെ മൂത്തകുട്ടി അനുലക്ഷ്മി (മൂന്നരവയസ്) ആണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: