പുനലൂര്‍: റാണാപ്രതാപിന്റെ ദുരൂഹമരണത്തിന് നാലാണ്ട് പിന്നിടുമ്പോഴും അന്വേഷണം എങ്ങുമെത്തിയില്ല. എംപിയും മുന്‍കേന്ദ്രമന്ത്രിയുമായ ഉന്നത കോണ്‍ഗ്രസ് നേതാവുമടക്കമുള്ളവരുടെ സ്വാധീനമാണ് പ്രതികളെ രക്ഷപ്പെടുത്തുന്നതെന്ന ആരോപണം നിലനില്‍ക്കെ മകന്റെ മരണകാരണം തേടി നിയമപോരാട്ടം തുടരുകയാണ് അച്ഛന് പുനലൂര്‍ മേലേപ്പറമ്പില്‍ വീട്ടില്‍ പ്രസാദ്.
പുനലൂര്‍ ഗവ.ഹയര്‍സെക്കണ്ടറി സ്കൂളിലെ എസ്എസ്എല്‍സി വിദ്യാര്‍ത്ഥി ആയിരുന്ന റാണാപ്രതാപ് 2011 മാര്‍ച്ച് 26നാണ് കൊല്ലപ്പെടുന്നത്. അവസാനദിവസ പരീക്ഷയെഴുതിയശേഷം സഹപാഠികളായ ലിവിന്‍ജോസ്, ഷെറിന് ജോണ്‍, അച്ചു ജോണ്സന്, സുരേഷ് എന്നിവര്‍ക്കൊപ്പം സ്കൂളില്‍ നിന്നിറങ്ങി പട്ടണത്തിലെ ഒരു ബേക്കറിയില്‍ കയറി ജ്യൂസിന് ഓര്‍ഡര്‍ നല്‍കിയിരിക്കവെ പിടഞ്ഞുവീണ് ഒന്നുരണ്ട് മിനിറ്റിനുള്ളില്‍ മരണപ്പെടുകയായിരുന്നു. പിടഞ്ഞുവീണ സമയം തന്നെ കൂടെയുണ്ടായിരുന്ന സഹപാഠികളില്‍ ലിവിന്‍ജോസ്, ഷെറിന്‍ജോണ്‍ എന്നിവര്‍ ഓടിപ്പോയി.
മറ്റുരണ്ടുപേരും പോകാന്‍ തുടങ്ങിയപ്പോള്‍ ബേക്കറിയില്‍ ഉണ്ടായിരുന്ന മറ്റുള്ളവരുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് ഈ വിവരം ഫോണില്‍ അവര്‍ റാണായുടെ വീട്ടുകാരെ അറിയിക്കുന്നത്. വീട്ടില്‍ നിന്നും 15 മിനിറ്റിനുള്ളില്‍ റാണായുടെ സഹോദരനും അച്ഛനും അവിടെയെത്തിയപ്പോള്‍ നിശ്ചലനായി കിടക്കുന്ന രീതിയിലാണ് കണ്ടത്. ഉടന്‍തന്നെ ഹോസ്പ്പിറ്റലില്‍ കൊണ്ടുപോയെങ്കിലും ഇത്രനേരം മുമ്പുതന്നെ റാണാ മരണപ്പെട്ടതായുള്ള വിവരമാണ് ഡോക്ടര്‍ അറിയിച്ചത്. അതിനിടെ മറ്റു രണ്ടുപേരും അപ്രത്യക്ഷരായിരുന്നു.
സൈനേഡ് പോലുള്ള മാരകവിഷമാണെങ്കില്‍ മാത്രമെ ഇത്രപെട്ടെന്നുള്ള മരണം സംഭവിക്കുകയുള്ളുവെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഒരാഴ്ചക്കുശേഷം മെഡിക്കല്‍ കോളേജില്‍ നിന്നുള്ള പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതു മുതല്‍ പോലീസില്‍ നിന്നും ആസിഡ് കഴിച്ചുള്ള മരണം എന്ന പ്രചരണം ആരംഭിച്ചിരുന്നതായി പ്രസാദ് പറയുന്നു.
പരീക്ഷയില്‍ തോല്‍ക്കുമെന്ന് കരുതിയുള്ള ആത്മഹത്യയെന്ന് പ്രചരിപ്പിക്കാനും പോലീസ് ശ്രമിച്ചു. റാണായുടെ വീട്ടുകാര്‍ നല്കിയ പരാതിയില്‍ പറഞ്ഞിട്ടുള്ളത് അയല്‍വാസിയും നിരവധി വര്‍ഷങ്ങളായി റാണായുടെ വീട്ടുകാരുമായി നിരവധി സിവില്‍ ക്രിമിനല്‍ കേസുകള്‍ ഉണ്ടായിരുന്ന അമേരിക്കന്‍ മലയാളി കവനന്റ് മിനിസ്ട്രീസ് ഓഫ് ഇന്ത്യ എന്ന സ്ഥാപനം നടത്തിയിരുന്ന കോശി സാമുവല്‍ എന്നയാളാണ് ഇതിനുപിന്നിലെന്നാണ്.
അയാളുമായുള്ള ഒരു കേസിലെ വിധി കൊട്ടാരക്കര സബ്കോടതിയില്‍ നിന്നും റാണായുടെ വീട്ടുകാര്‍ക്ക് അനുകൂലമായി 12 വര്‍ഷത്തിന് ശേഷം വന്നിരുന്നു. റാണായുടെ മരണം നടക്കുന്നതിന് രണ്ടുമൂന്നുമാസം മുമ്പായിരുന്നു ഇത്. ഈ അമേരിക്കന്‍ മലയാളിയുടെ കെട്ടിടത്തിലെ സ്ഥിരം സന്ദര്‍ശകരായിരുന്നു റാണാ, മരിച്ചുവീഴുമ്പോള്‍ ഓടിപ്പോയ ലിവിന് ജോസും ഷെറിന് ജോണും അവരുടെ മാതാപിതാക്കളും.നിരവധി തവണ തിരുവനന്തപുരത്തെ കെമിക്കല്‍ ലാബില്‍ കയറിയിറങ്ങി പുനലൂര്‍ സിഐ സ്റ്റുവര്‍ട്ട് കീലറും ഡിവൈഎസ്പി വര്‍ഗീസും ആസിഡെന്ന റിപ്പോര്‍ട്ട് സംഘടിപ്പിച്ചതും ജ്യൂസ് കുടിച്ചെന്ന് പറയുന്നതും കൂടെയുണ്ടായിട്ടും പിടഞ്ഞുവീണപ്പോള്‍ ഓടിപ്പോയവരും പോലീസും മാത്രമാണെന്ന് പ്രസാദ് ചൂണ്ടിക്കാട്ടുന്നു.
സംശയം അമേരിക്കന്‍ മലയാളിയിലേക്ക് നീങ്ങിയത് രണ്ടുമാസത്തോളമായപ്പോഴാണ്. ഈ വിവരം രഹസ്യമായി റാണായുടെ ബന്ധുക്കള്‍ പോലീസില്‍ അറിയിച്ച് രണ്ടുമൂന്നുദിവസത്തിനുള്ളില്‍ മുങ്ങിയ അമേരിക്കന്‍ മലയാളി പിന്നീട് ഇപ്പോള്‍ നാലുവര്‍ഷം ആകുമ്പോഴും തിരികെ വന്നിട്ടില്ല.
യാതൊരു വിധത്തിലുള്ള അന്വേഷണവും നടക്കാത്തതിനെ തുടര്‍ന്ന് റാണായുടെ അച്ഛന് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കുകയും കോടതി എസ്പി ഉണ്ണിരാജയുടെ നേതൃത്വത്തിലുള്ള ക്രൈംബ്രാഞ്ച് സംഘത്തെ ഏല്‍പ്പിക്കുകയും ചെയ്തു. എന്നിട്ട് ഇപ്പോള്‍
മൂന്നുവര്‍ഷത്തോളമായിട്ടും യാതൊരു അന്വേഷണവും നടക്കാത്തതിനെ തുടര്‍ന്ന് വീണ്ടും സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹര്‍ജി നല്‍കുകയും തുടര്‍ന്ന് ഹൈക്കോടതി സിബിഐ നിലപാട് തേടിയിരിക്കുകയാണ്. ജസ്റ്റിസ് പി.ഉബൈദാണ് കേസ് പരിഗണിച്ചത്. ക്രൈംബ്രാഞ്ച് അന്വേഷണത്തിനിടെ ഒരു വര്‍ഷം മുമ്പ് ഓടിപ്പോയ സഹപാഠികളായ ലിവിന് ജോസിനെയും ഷെറിന് ജോണിനെയും നാര്‍ക്കോ ബ്രെയിന്‍ മാപ്പിങ് ഇവയ്ക്ക് വിധേയനാക്കാന്‍ കോടതി ഉത്തരവിട്ടിരുന്നു.
എന്നാല്‍ ഈ സംവിധാനം നിലവിലുള്ള അഹമ്മദാബാദില്‍ കൊണ്ടുപോകുന്നതിനാവശ്യമായ പണം സംസ്ഥാനസര്‍ക്കാര്‍ ഗുജറാത്ത് സര്‍ക്കാരില്‍ അടച്ച് അനുമതി നല്കാന് തയ്യാറാകാത്തതിനെ തുടര്‍ന്ന് അതും നടന്നിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: