ആലപ്പുഴ: ആറാട്ടുപുഴയിലെ സുനാമി പുനരധിവാസവുമായി ബന്ധപ്പെട്ട പദ്ധതികളുടെ നിലവിലെ സ്ഥിതിയെക്കുറിച്ചും പ്രശ്നങ്ങളെക്കുറിച്ചുമുള്ള വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ജില്ലാ കളക്ടര്‍ക്കു നിര്‍ദേശം നല്കി. സുനാമി പുനരധിവാസവുമായി ബന്ധപ്പെട്ട പത്രവാര്‍ത്ത മുഖ്യമന്ത്രിയുടെ പരാതിപരിഹാര സംവിധാനമായ സുതാര്യകേരളം ജില്ലാ സെല്‍ ശ്രദ്ധയിപ്പെടുത്തിയതിനെത്തുടര്ന്ന് സുതാര്യകേരളം പരിപാടിയുടെ വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് നിര്‍ദേശം നല്‍കിയത്.
വലിയഴീക്കല്‍ ഉള്‍പ്പെടെ നാലു പ്രദേശങ്ങളില്‍ കടല്‍ഭിത്തി നിര്‍മ്മിക്കുന്നതിന് 22.05 കോടി രൂപയുടെ പദ്ധതി ഭരണാനുമതിക്കായി ചീഫ് എന്ജിനീയര്ക്കു സമര്‍പ്പിച്ചിട്ടുണ്ടെന്ന് ജില്ലാ കളക്ടര്‍ എന്‍. പത്മകുമാര്‍ മുഖ്യമന്ത്രിയെ അറിയിച്ചു. സുനാമി പുനരധിവാസത്തിനായി നിര്‍മ്മിച്ച വീടുകളില്‍ താമസിക്കുന്നവര്‍ നേരിടുന്ന പ്രശ്നങ്ങളും കടല്‍ക്ഷോഭം മൂലം തീരദേശ റോഡ് തകരുന്നതടക്കമുള്ള പ്രശ്നങ്ങളും കളക്ടര്‍ മുഖ്യമന്ത്രിയെ ധരിപ്പിച്ചു. വിശദമായ റിപ്പോര്‍ട്ട് തയാറാക്കി ചീഫ് സെക്രട്ടറിക്കു സമര്‍പ്പിക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു.
വിഷയം ഗൗരവമായി എടുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. തറയില്‍ കടവിന് തെക്ക് വലിയഴീക്കലില്‍ കടല്‍ഭിത്തി നിര്‍മ്മാണം ഈ സാമ്പത്തിക വര്‍ഷം പൂര്‍ത്തീകരിക്കുമെന്നും വലിയഴീക്കല്‍ ഗവണ്മെന്റ് എച്ച്എസിന്റെ നിര്‍മാണം നിര്‍മിതി കേന്ദ്രം വഴി പൂര്ത്തികരിച്ചുവരുന്നതായും കളക്ടര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: