പൂച്ചാക്കല്‍: തൈക്കാട്ടുശേരി ബ്ലോക്ക് പഞ്ചായത്തിന് 2015-16 സാമ്പത്തിക വര്‍ഷത്തേക്ക് 16,27,39,464 രൂപ വരവും 15,70,52,500 രൂപ ചെലവും 56,86,964 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന വാര്‍ഷിക ബജറ്റ്. ബജറ്റില്‍ 249 പുതിയ വീടുകള്‍ക്ക് നിര്‍മാണ സഹായമായി 80,00,000 രൂപ വകയിരുത്തി. കാര്‍ഷിക മേഖലയുടെ വികസനത്തിനായി കാര്‍ഷിക കര്‍മ്മസേന രൂപവത്കരിക്കുന്നതിനും കര്‍ഷകര്‍ക്ക് പച്ചക്കറിത്തൈ, വളം, ഗ്രോബാഗ് എന്നിവ വിതരണം ചെയ്യുന്നതിനുമായി 12 ലക്ഷം രൂപയും ക്ഷീരവികസനമേഖലയില്‍ പൊതുവിഭാഗത്തിലും പട്ടികവിഭാഗത്തിലുമായി 15 ലക്ഷം രൂപയും ചെലവഴിക്കും.
പട്ടികജാതി-വര്‍ഗമേഖലയില്‍ നിലവിലുള്ള പദ്ധതികള്‍ക്കു പുറമേ കോളനികളില്‍ ശുദ്ധജലവിതരണ പദ്ധതിക്കായി 10 ലക്ഷം രൂപയും വാസസ്ഥലത്തിന് 15 ലക്ഷം രൂപയും വിദ്യാഭ്യാസ സ്കോളര്‍ഷിപ്പിനായി ഏഴര ലക്ഷം രൂപയും ഭൂമി വാങ്ങല്‍ പദ്ധതിക്കായി 18 ലക്ഷം രൂപയും വകയിരുത്തി. സ്വയംസഹായ സംഘങ്ങള്‍ക്ക് 50,000 രൂപ സബ്സിഡിയായി നല്‍കും. ധനകാര്യസ്ഥാപനങ്ങളില്‍ നിന്ന് 15,00,000 രൂപ വായ്പ എടുത്ത് സ്വയംതൊഴില്‍ സംരംഭങ്ങള്‍ക്ക് സഹായമായി നല്‍കും.
പട്ടികജാതി മേഖലയില്‍ വനിതകളുടെ ആരോഗ്യ പരിപാലനത്തിനായി അഞ്ചു ലക്ഷം രൂപയും പാലിയേറ്റീവ് പരിചരണത്തിനായി എട്ടു ലക്ഷം രൂപയും വകയിരുത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.പി. വിനോദ്കുമാറിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കമ്മറ്റിയില്‍ വൈസ് പ്രസിഡന്റ് വി. സബീന ബജറ്റ് അവതരിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: