വനദേവതമാര്‍ മനുഷ്യനെ സ്നേഹിക്കുന്ന ചരിതങ്ങള്‍ മുത്തശ്ശിക്കഥകളിലെ അത്ഭുതങ്ങള്‍ മാത്രമാണോ. പ്രാര്‍ത്ഥിച്ചാല്‍ എന്തും നല്കുന്ന വനദേവത, സൗന്ദര്യവും ദിവ്യശക്തിയും ദാനമനസ്സുമുള്ള വനദേവത, ആ വനദേവി സ്വാര്ത്ഥതയില്ലാത്തവര്ക്ക് പൊന്നിന്കോടാലി നല്കിയ കഥകളുണ്ട്, സ്വാര്‍ത്ഥത പെരുകിയവര്ക്ക് ഇരുമ്പു കോടാലിയും ദുരിതവും നല്കിയ കഥകളും.
അതെ, പ്രകൃതി മനുഷ്യര്‍ക്ക് ദേവിയാണ്, സര്‍വൈശ്വര്യ വാഹിനിയാണ്. പക്ഷേ, സ്വാര്‍ത്ഥരായ മനുഷ്യര്‍ ദേവിയെ കൊല്ലാക്കൊല ചെയ്യുന്ന കാലമാണിന്ന്. ഇവിടെയാണ് വ്യവസായനഗരത്തിലും വേറിട്ടൊരു മനസ്സുമായി ഒരു പ്രദേശവും മനുഷ്യരും ജീവിക്കുന്നത്; പ്രതീക്ഷയുടെ പച്ചത്തുരുത്തായി…
നമ്മുടെ പൗരാണിക സംസ്കാരത്തിന്റെ മുഖമുദ്രയായിരുന്നു പ്രകൃതിയും മനുഷ്യനും തമ്മിലുള്ള അഭേദ്യമായ ബന്ധം. മനമുഴുത ഋഷിയുടെയും നിലമുഴുത കര്‍ഷകന്റെയും പ്രാതസ്മരണയില്‍ നിറഞ്ഞു നിന്നിരുന്നതും പ്രകൃതീശ്വരി തന്നെ. മനുഷ്യനും മൃഗങ്ങളും സസ്യജാലങ്ങളും എല്ലാം ഒരേ ശക്തിയാല്‍ കോര്‍ത്തിണക്കപ്പെട്ടതാണെന്നുള്ള വിശ്വാസമായിരുന്നു ജീവിത പ്രമാണം.
ശത്രുവായും ഇരയായും വിരുദ്ധ ചേരികളില്‍ നിലയുറപ്പിക്കുന്ന സര്‍പ്പവും എലിയും മയിലുമൊക്കെ ശിവകുടുംബത്തിലെ അംഗങ്ങളായിരുന്നുവല്ലോ. സര്‍വ്വംസഹയായ പ്രകൃതിയെ മുച്ചൂടും നശിപ്പിക്കാതെ അവനവന്റെ ആവശ്യത്തിനുമാത്രം ദോഹനം ചെയ്ത് ഉപയോഗിച്ചിരുന്ന സംസ്കാരത്തില്‍ നിന്നും നാം എത്ര വ്യതിചലിച്ചിരിക്കുന്നു.
ഭൂമിയുടെ ശ്വാസകോശങ്ങളാണ് വനങ്ങള്‍. ജീവന്റെ നിലനില്പിന് ഭീഷണിയായ ആഗോളതാപനം നിയന്ത്രിക്കുന്നതില്‍ നമ്മുടെ വനങ്ങള്‍ക്കുള്ള പങ്ക് നിസ്തുലമാണ്. പ്രകൃതി സംരക്ഷണത്തിന്റെ ഉത്തമോദാഹരണങ്ങളാണ് വനങ്ങളുടെ ചെറു പ്രതീകങ്ങളായ നമ്മുടെ കാവുകള്‍. നിബിഡമായ വൃക്ഷലതാദികളും നാനാവിധ ജന്തുജീവജാലങ്ങളും ഒരിക്കലും വറ്റാത്ത നീര്‍ച്ചാലുകളും കിണറുകളും കുളങ്ങളും കാവുകളുടെ മാത്രം പ്രത്യേകതയാണ്.
കേരളം, സമൃദ്ധമായ പ്രകൃതി വിഭവങ്ങളാല്‍ അനുഗൃഹീതം. പക്ഷെ, എത്രനാളേക്ക്? വിവേചനമില്ലാതെ അതു ചൂഷണം ചെയ്യുന്ന മനുഷ്യന് വരും തലമുറയ്ക്ക് അവ എത്രത്തോളം കൈമാറാനാകും?
ആര്‍ഷഭാരതസംസ്കാരത്തിന്റെ ശേഷിപ്പുകളായ ചെറുവനങ്ങളിലെ ജൈവവൈവിധ്യങ്ങളുടെ സന്തുലിതാവസ്ഥ ദുരമൂത്ത മനുഷ്യന് അതിക്രമിച്ചുകയറി നശിപ്പിക്കാതിരിക്കാന്‍ സര്‍പ്പക്കാവ്, അയ്യപ്പന്‍കാവ്, കാളിക്കാവ് എന്നിങ്ങനെ ദൈവസാന്നിദ്ധ്യം കല്പ്പിച്ചു നല്കി നമ്മുടെ പൂര്‍വ്വസൂരികള്‍. ‘കാവുതീണ്ടല്ലേ മക്കളേ’ എന്ന മുത്തശ്ശിയുടെ മുന്നറിയിപ്പും.
എന്നാല്‍ ഇന്നത്തെ സ്ഥിതിയോ? മനുഷ്യന്റെ ചുവടുപിഴയ്ക്കുമ്പോള്‍ പ്രകൃതി പിണങ്ങുന്നു. മനുഷ്യന് ഉണ്ടാക്കിയ കാലഗണനപ്പട്ടികയോട് കലഹിച്ച് പ്രകൃതി സ്വന്തം വഴിക്ക് നീങ്ങിത്തുടങ്ങി. വിഷുക്കണിക്ക് മഞ്ഞചാര്ത്തുന്ന കണിക്കൊന്നകള്‍ കാലം തെറ്റി പൂക്കുന്നു. ഇടവപ്പാതിയില്‍ പെയ്യേണ്ട പെരുമഴ കര്‍ക്കടകത്തിലോ, ചിങ്ങത്തിലോ തിമിര്‍ക്കുന്നു. കാലാവസ്ഥ വ്യതിയാനവും ആഗോളതാപനവും ജനവാസം ദുസ്സഹമാക്കുന്നു.
കാടുകള്‍ നാടായപ്പോഴും അവിടവിടെ അവശേഷിച്ച വനഭൂമിയുടെ പച്ചത്തുരുത്തുകളാണ് കാവുകള്‍. സ്വച്ഛശാന്തമായ അന്തരീക്ഷത്തില്‍ ഈശ്വരാരാധനയ്ക്ക് അനുയോജ്യമായ ഒരു പശ്ചാത്തലം അവയ്ക്കുണ്ടെന്നും മനസ്സിലാക്കിയ നമ്മുടെ പൂര്‍വ്വികര്‍ കാവുകളോടുബന്ധിച്ച് ക്ഷേത്രങ്ങള്‍ നിര്‍മ്മിക്കുകയും പൂജകള്‍ക്കാവശ്യമായ കൂവളം, അശോകം, തെച്ചി, നന്ത്യാര്‍വട്ടം എന്നിവ നട്ട് പരിപാലിക്കുകയും ചെയ്തു.
കേരളത്തില്‍ ചെറുതും വലുതുമായി എണ്ണൂറില്‍ പരം കാവുകള്‍ ഉണ്ടെന്ന് കണക്കാക്കപ്പെടുന്നു. സ്വാഭാവിക വനത്തിലെ ജീവജാലങ്ങളുടെ ചെറിയ പതിപ്പ് ഈ കാവുകളിലും ഉണ്ട്. വിവിധയിനം ശലഭങ്ങള്‍, ആമ, ഉടുമ്പ്, കീരി, പാമ്പുവര്‍ഗ്ഗങ്ങള്‍, തവളകള്‍, മൈന, കുയില്‍, മൂങ്ങ, മലമ്പുള്ളുകള്‍ എന്നിവയും നൂറുകണക്കിന് സസ്യങ്ങളും ഈ ആവാസ വ്യവസ്ഥ പങ്കിടുന്നവയാണ്.
തൃക്കാക്കര തേവയ്ക്കലുള്ള ശ്രീ പൊന്നക്കുടം ഭഗവതി ക്ഷേത്രത്തോടു ചേര്‍ന്നുള്ള ‘പൊന്നക്കുടത്തുകാവ്’ അക്ഷരാര്‍ത്ഥത്തില്‍ ഒരു പ്രകൃതി ക്ഷേത്രമാകുന്നു. അത്യപൂര്‍വ്വങ്ങളായ ഔഷധ സസ്യങ്ങള്‍, വംശനാശഭീഷണി നേരിടുന്ന ഓടം, വിവിധയിനം ഞാവല്‍ വൃക്ഷങ്ങള്‍, തച്ചന് കോഴി മുതല്‍ കുളക്കോഴി വരെ മുപ്പതോളം ഇനം പക്ഷികള്‍, വിവിധ തരം ഉരഗങ്ങള്‍, പൂത്തും പഴുത്തും നില്ക്കുന്ന ചൂരല്‍ വള്ളികള്‍ ഇവയൊക്കെ ഈ കാവിലെ പ്രത്യേകതയാണ്.
നട്ടുച്ചയ്ക്കും ഇരുട്ടിന്റെ പ്രതീതി ജനിപ്പിക്കുന്ന നാലേക്കര്‍ വരുന്ന ഈ ചെറുവനത്തില്‍ സദാസമയവും കിളികളുടെ കലപിലയും കേള്‍ക്കാം. വേനല്‍ക്കാലത്തും, ശുദ്ധമായ നീരുറവ, ചൂടേറിയ ദിനങ്ങളിലും കുളിര്‍മ്മ. പ്രകൃതി സ്നേഹികള്‍ക്കും ഏറെ ഇഷ്ടപ്പെട്ട സങ്കേതമാണ് പൊന്നക്കുടത്തുകാവ്.
സുപ്രസിദ്ധമായ തൃക്കാക്കര മഹാക്ഷേത്രത്തില്‍ നിന്നും ഉദ്ദേശം മൂന്നു കിലോമീറ്റര്‍ കിഴക്കുഭാഗത്തായിട്ടാണ് നഗരത്തിന്റെ ഈ പച്ചത്തുരുത്ത്. ഇടതൂര്‍ന്ന് വളരുന്ന വെള്ളപ്പയിന് മരങ്ങളാണ് കാവിന് ചാരുത പകരുന്നത്. വലിയ പുല്ലാഞ്ഞി വള്ളികള്‍, കരക്കണ്ടല്, മടുക്ക, വെട്ടി, ചേര് എന്നിവയും കാവിലുണ്ട്. അത്യപൂര്‍വ്വമായി മാത്രം പൂക്കുന്ന ഓടം ഇക്കുറി കായ്ഫലങ്ങളുമായി നില്ക്കുന്നു.
‘കിഴക്കേക്കാവും’ വനനിബിഡമാണ്. ചൂരലും ഞാവലും പൈന്‍ മരങ്ങളും ഇവിടെയും അനവധി. ഇലകളുടെ അറ്റത്തുള്ള വള്ളിപോലുള്ള ഭാഗം കൊണ്ട് മറ്റ് വൃക്ഷങ്ങളുടെ മുകളിലേക്ക് കയറിപ്പോകുന്ന പുല്‍വര്‍ഗ്ഗത്തില്‍പ്പെട്ട ‘ഫഌജല്ലേറിയ’ എന്ന ശാസ്ത്രനാമത്തില്‍ അറിയപ്പെടുന്ന പനമ്പുവള്ളി ഇവിടത്തെ പ്രത്യേകതയാണ്. ഒരിക്കലും വറ്റാത്ത നീരുറവയാണ് കിഴക്കേകാവിലേത്. പന്നല് വര്‍ഗ്ഗത്തില്‍ പെട്ട ചെടികളും കൂണ്വര്ഗ്ഗത്തില്പെട്ടവയും ഈ തണ്ണീര്തടത്തിലുണ്ട്. കുളക്കോഴികളുടെയും ആമകളുടെയും വെള്ളിമൂങ്ങകളുടെയും ഉരഗങ്ങളുടെയും സങ്കേതം കൂടിയാണ് കിഴക്കേക്കാവ്.
കാവുള്ളതല്ല, അതു ഏതുകാലത്തും സംരക്ഷിക്കപ്പെടുക പ്രധാനമാണ്. അതിനു കാവലായി നില്‍ക്കുകയാണ് ഇവിടുത്തെ ക്ഷേത്ര ഭരണ സമിതി. വിശ്വാസവും ശാസ്ത്രവും സാങ്കേതികതയും ഇഴപിരിച്ചു നിര്‍ത്തുന്നുവെന്നതാണ് സമിതിയുടെ പ്രത്യേകത. കാവില്‍ അറൂനൂറില്‍പരം ഇനത്തില്‍പെട്ട സസ്യങ്ങള്‍ ഉള്ളതായി പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞന് പ്രൊഫ. എം.കെ. പ്രസാദ് പറയുന്നു. പീച്ചി വനഗവേഷണ കേന്ദ്രത്തിലെ ഡോ. എന്‍. ശശിധരനും, തൃക്കാക്കര ഭാരതമാതാ കോളേജിലെ സസ്യശാസ്ത്രവിഭാഗം പ്രൊഫസര്‍ പോളും, തേവര എസ്. എച്ച്. കോളേജിലെ ഡോ. ജിബി കുര്യാക്കോസും കാവിലെ സസ്യവര്‍ഗീകരണത്തില്‍ സഹായിക്കുന്നു.
ഇരുനൂറോളം ഇനത്തില്‍പെട്ട ചെടികളുടെ ലിസ്റ്റ് പൂര്‍ത്തിയായിക്കഴിഞ്ഞു. വൃക്ഷങ്ങള്‍ക്കെല്ലാം ശാസ്ത്രീയനാമം രേഖപ്പെടുത്തിയ ബോര്‍ഡുകള്‍ സ്ഥാപിച്ചുകഴിഞ്ഞു. സെന്റര്‍ ഫോര്‍ എന്‍വയോണ്‍മെന്റ് ആന്‍ഡ് ഡെവലപ്മെന്റിലെ ഡോ. ടി.സാബുവിന്റെ സാങ്കേതിക നിര്‍ദ്ദേശങ്ങളും ജൈവ വൈവിധ്യസംരക്ഷണത്തിന് പ്രചോദകമായി. കഴിഞ്ഞ വര്‍ഷം ഒരു സെമിനാര്‍ ദിനത്തില്‍ നൂറു കുട്ടികള്‍ നൂറു ചെടികള്‍ നട്ടത് പൂത്തുലഞ്ഞു നില്ക്കുന്നു. പ്രകൃതി
സംരക്ഷണത്തിന്റെ സന്ദേശം പകരുന്ന സെമിനാറുകളും ചര്‍ച്ചാക്ലാസ്സുകളും സംഘടിപ്പിക്കുന്നതിനും ക്ഷേത്രഭരണസമിതി ശ്രദ്ധിക്കുന്നു.
കേരള വനം വകുപ്പിന്റെയും കേന്ദ്രവനം പരിസ്ഥിതി മന്ത്രാലയത്തിന്റെയും പിന്തുണയുമുണ്ട്.
കാവിന്റെ ഒരു ഭാഗത്തായി ‘നക്ഷത്രവനം’ പിടിപ്പിച്ചിട്ടുണ്ട്. അശ്വതി മുതല്‍ രേവതി വരെയുള്ള നക്ഷത്രക്കാര്‍ക്ക് ഈ വൃക്ഷങ്ങളെ പരിചരിക്കാനുള്ള പദ്ധതിയും വ്യവസ്ഥ ചെയ്തിട്ടുണ്ട്.
നക്ഷത്രവനം കൂടാതെ ഔഷധോദ്യാനവും
ശലഭോദ്യാനവുമാണ് ഇനി മുന്നിലുള്ള ലക്ഷ്യം. ക്ഷേത്രപൂജകള്‍ക്ക് പൂക്കള്‍ ലഭ്യമാക്കുന്നതിനുതകുന്ന ഒരു താമരക്കുളം രൂപപ്പെടുത്താനും ഉദ്ദേശ്യമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: