മലയാളികള്‍ എക്കാലവും നെഞ്ചോടു ചേര്‍ത്തുവെച്ച് മൂളിനടക്കുന്ന ‘ആത്മവിദ്യാലയമേ…. അവനിയില്‍ ആത്മവിദ്യാലയമേ…” എന്ന ഗാനത്തിന് 60 വയസ്സ്! 1955 മാര്‍ച്ചിലാണ് ‘ഹരിശ്ചന്ദ്ര’ സിനിമക്കുവേണ്ടി കമുകറ പുരുഷോത്തമന് ഈ ഗാനമാലപിച്ചത്.
അതിന്റെ മാധുര്യം മലയാളികള്‍ ഏറ്റുവാങ്ങി തലമുറകളിലേക്ക് കൈമാറുമെന്ന് ഗായകനോ, ഗാനശില്പ്പികളോ അന്ന് കരുതിയിരിക്കില്ല.
ഒരു നിയോഗം പോലെയാണ് ഇത് സംഭവിച്ചതെന്ന് കമുകറ പിന്നീട് സാക്ഷ്യപ്പെടുത്തിയിട്ടുമുണ്ട്. മെരിലാന്റ് സുബ്രഹ്മണ്യന് സ്വാമി ഈ ഗാനം പാടുവാന്‍ കമുകറയെ ക്ഷണിച്ചുവെങ്കിലും കമുകറ തെല്ലും താല്‍പ്പര്യമെടുത്തില്ല. ഒട്ടേറെ നിര്‍ബന്ധിച്ചതിനാലാണ് ആ മധുരഗാനം കമുകറയുടെ മനോഹര ശബ്ദത്തില്‍ മലയാളികള്‍ക്ക് കേള്‍ക്കുവാനുള്ള ഭാഗ്യം ലഭിച്ചത്. അതാകട്ടെ എത്ര കേട്ടാലും മതിവരാത്ത ഒരനുഭവമായി ഇന്നും നിലനില്ക്കുകയും ചെയ്യുന്നു.
ചലച്ചിത്രഗാനങ്ങളില്‍ കമുകറയുടെ ‘മാസ്റ്റര്‍ പീസായി’ ത്തീര്‍ന്നതും ‘ആത്മവിദ്യാലയമേ…’ തന്നെയാണ്. ഈ ഗാനത്തിനുശേഷം തനിക്ക് തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ലെന്നും കമുകറ പറയുന്നുണ്ട്. തിരുനയനാര്ക്കുറിച്ചി മാധവന് നായരാണ് ഈ ഗാനം രചിച്ചത്. ബ്രദര്‍ ലക്ഷ്മണന് സംഗീത സംവിധാനം നിര്‍വഹിച്ചു. മനുഷ്യജീവിതത്തിലെ ഗതിവിഗതികളെ ലളിതസുന്ദര പദാവലികളിലൂടെ കോര്‍ത്തിണക്കി വേദാന്തപരമായി ചിത്രീകരിച്ച ഈ ഗാനം കാലാവര്‍ത്തിയായി വേറിട്ടു നില്ക്കുന്നു!
സത്യോപാസകനായ ഹരിശ്ചന്ദ്രരാജാവ് ചുടലപ്പറമ്പിലെ കാവല്ക്കാരനായിത്തീര്ന്ന് ശവങ്ങള് ദഹിപ്പിക്കുന്നതായി ചിത്രീകരിക്കുന്ന ഈ ഗാനസന്ദര്‍ഭം അതീവഹൃദ്യമാണ്. അക്കാലത്തെ ‘സൂപ്പര്‍സ്റ്റാര്‍’ തിക്കുറിശ്ശിയുടെ അഭിനയപാടവവും ചേര്‍ന്ന് മലയാളികളെ ത്രസിപ്പിക്കുക തന്നെ ചെയ്തു. കമുകറ ഈ പാട്ട് പാടിയത്. അധികം പരിശീലനമൊന്നും കൂടാതെയാണെന്ന് ഗാനം റെക്കോഡ് ചെയ്ത ഇളമണ്‍ കൃഷ്ണന് സാക്ഷ്യപ്പെടുത്തുന്നുമുണ്ട്. നൈസര്‍ഗികമായ വാസനാവിലാസവും സ്വതസിദ്ധമായ ശബ്ദമാധുര്യവും ഈ ഗാനത്തിന്റെ ആശയമറിഞ്ഞുള്ള ആലാപനവും കൊണ്ട് കമുകറ ‘ആത്മവിദ്യാലയത്തെ’ അനശ്വരമാക്കുകയും ചെയ്തു.
ആത്മവിദ്യാലയത്തിനുശേഷം ഒട്ടേറെ ഗാനങ്ങള്‍ കമുകറ പാടിയിട്ടുണ്ട്. പക്ഷേ ആ ഗാനങ്ങള്‍ക്കൊന്നും ‘ആത്മവിദ്യാലയ’ത്തിന്റെ മാധുര്യം ആവാഹിച്ചെടുക്കുവാന്‍ കഴിഞ്ഞിട്ടുമില്ലെന്നും സംഗീതജ്ഞര്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്.1930 ല്‍ കന്യാകുമാരി ജില്ലയിലെ തിരുവട്ടാറിലാണ് അദ്ദേഹം ജനിച്ചത്. (ഇന്ന് ഇവിടം തമിഴ്നാടിന്റെ ഭാഗമാണ്). പിതാവ് കമുകറ പരമേശ്വരക്കുറുപ്പും മാതാവ് ലക്ഷ്മിക്കുട്ടിയമ്മയും ശാസ്ത്രീയ സംഗീതത്തില്‍ പാണ്ഡിത്യമുള്ളവരായിരുന്നു.
ഏഴാം വയസ്സില്‍ പുരുഷോത്തമനേയും സഹോദരി ലീലയേയും സംഗീതം പഠിക്കുവാനയച്ചു. അന്നത്തെ പ്രമുഖ ഭാഗവതരായ തിരുവട്ടാര്‍ അറുമുഖം പിള്ളയായിരുന്നു ഗുരു. 13-ാം വയസ്സില്‍ പുരുഷോത്തമന് തിരുവട്ടാറിലെ ആദികേശവ ക്ഷേത്രത്തില്‍ അരങ്ങേറ്റം നടത്തി. 1947 മുതല്‍ തിരുവിതാംകൂര്‍ പ്രക്ഷേപണ നിലയത്തിലും പിന്നീട് ആകാശവാണിയിലും അദ്ദേഹം സംഗീത പരിപാടികള്‍ നടത്തി. 1953 ല്‍ ‘പൊന്കതിര്’ എന്ന ചലച്ചിത്രത്തിലൂടെ അദ്ദേഹം സിനിമാ രംഗത്തെത്തിയെങ്കിലും 1955 ല്‍ പുറത്തിറങ്ങിയ ഹരിശ്ചന്ദ്രയിലെ ‘ആത്മവിദ്യാലയ’മാണ് അദ്ദേഹത്തെ സംഗീതരംഗത്തെ കുലപതിയാക്കിത്തീര്ത്തത്. അതിനുശേഷം ആയിരക്കണക്കിന് ഗാനങ്ങള്‍ കമുകറ ആലപിച്ചിട്ടുണ്ട്.
കേരള സംഗീത നാടക അക്കാദമി ഉള്‍പ്പെടെ ധാരാളം കലാ-സാംസ്കാരിക സംഘടനകള്‍ ആ സംഗീത കുലപതിയെ ആദരിക്കുന്നുണ്ട്. സംസ്ഥാന ഫിലിം കമ്മറ്റി ജൂറി അംഗമായി അദ്ദേഹം പ്രവര്‍ത്തിച്ചു. അദ്ധ്യാപകനായിരുന്ന അദ്ദേഹത്തെ തമിഴ്നാട് സര്‍ക്കാരും ആദരിക്കുകയും ചെയ്തു. 1995 ല്‍ ആ സംഗീത കുലപതി കാലയവനിക്ക് പിന്നിലേക്ക് പാടാന്‍ പോയെങ്കിലും ആത്മവിദ്യാലയത്തിലൂടെ അദ്ദേഹം മലയാളികളുടെ സംഗീതചോദനയെ ഉണര്‍ത്തിക്കൊണ്ടേയിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: