അമ്പലപ്പുഴ: വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കാന്റീന് പ്രവര്‍ത്തനം നിലച്ചു. നിര്‍ദ്ധന രോഗികള്‍ക്കും ഗര്‍ഭിണികള്‍ക്കുമുള്ള സൗജന്യ ഭക്ഷണ വിതരണം മുടങ്ങി. കരാര്‍ കാലാവധി അവസാനിച്ചതിനെ തുടര്‍ന്നാണ് രണ്ടാഴ്ചയായി കാന്റീന് പ്രവര്‍ത്തിക്കാത്തത്. എസ്സി, എസ്ടി വിഭാഗത്തില്‍പ്പെട്ടവര്‍ക്കും അമ്മയും കുഞ്ഞും പദ്ധതി പ്രകാരം പ്രസവിച്ച സ്ത്രീകള്‍ക്കും നാലുദിവസം മുതല്‍ ആറുദിവസം വരെയും ബന്ധുക്കള്‍ ഉപേക്ഷിച്ച രോഗികള്‍ക്കുമുള്ള ഭക്ഷണം എന്നിവയുടെ വിതരണം പൂര്‍ണമായും നിലച്ചുകഴിഞ്ഞു. ഇതില്‍ ബന്ധുക്കള്‍ ഉപേക്ഷിച്ചവര്ക്കൊഴികെയുള്ള ഭക്ഷണം കേന്ദ്ര സര്‍ക്കാരിന്റെ ഉണ്ടുപയോഗിച്ചാണ് നല്‍കുന്നത്.
പഴയ കരാറുകാര്‍ ഒഴിവായി പുതിയ കരാറുകാര്‍ കാന്റീന് നടത്തിപ്പിന് ഏറ്റെടുത്തെങ്കിലും പ്രവര്‍ത്തനം ആരംഭിക്കാന്‍ എച്ച്ഡിസി സമ്മര്‍ദ്ദം ചെലുത്താതില് ദുരൂഹതയുണ്ടെന്ന് ആരോപണമുണ്ട്. കാന്റീന് പൂട്ടിയിട്ടും ഇത് പ്രവര്‍ത്തിക്കുന്നുവെന്ന പേരില്‍ കേന്ദ്രഫണ്ട് വകമാറ്റാനുള്ള തന്ത്രമാണ് ഇതിനു പിന്നിലെന്നും ആക്ഷേപമുണ്ട്. എസ്സി, എസ്ടി വിഭാഗത്തില്‍പ്പെട്ട 17 രോഗികള്‍ക്കും പ്രസവം കഴിഞ്ഞ 32 പേര്‍ക്കും ബന്ധുക്കള്‍ ഉപേക്ഷിക്കപ്പെട്ട 10 രോഗികള്‍ക്കുമാണ് ഇവിടെ നിന്ന് സൗജന്യമായി ഭക്ഷണം നല്‍കിവരുന്നത്. എച്ച്ഡിസി സെക്രട്ടറിയുടെ കീഴിലാണ് കാന്റീന് പ്രവര്‍ത്തിക്കുന്നത്. അടിയന്തരമായി ഇതേക്കുറിച്ച് ബന്ധപ്പെട്ടവര്‍ അന്വേഷിക്കണമെന്നും കാന്റീന് പ്രവര്‍ത്തിക്കാനുള്ള നടപടി ആരംഭിക്കണമെന്നും ആവശ്യമുയരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: