കൊച്ചി: കൊച്ചി നഗരത്തിലെ വിവിധ സ്ഥാപനങ്ങളുടെ പേരില്‍ തൊഴില്‍ തട്ടിപ്പ് വര്‍ധിക്കുന്നു. തൊഴില്‍ അവസരങ്ങള്‍ വാഗ്ദാനം ചെയ്ത് നിരവധി തട്ടിപ്പുകള്‍ നടന്നതിന്റെ പശ്ചാത്തലത്തില്‍ കാക്കനാട് കൊച്ചിന് സ്പെഷ്യല്‍ ഇക്കണോമിക് സോണില്‍ (സെസ്) തട്ടിപ്പില്‍ വീഴരുതെന്ന മുന്നറിയപ്പുമായി ഇംഗ്ലീഷിലും മലയാളത്തിലും പോസ്റ്ററുകള്‍ ഒട്ടിച്ചു.
സിറ്റി പോലീസ് നല്കിയ വിവരം അനുസരിച്ച് ഒരുമാസം 20 ഓളം തൊഴില്‍തട്ടിപ്പ് കേസുകളാണ് ജില്ലയില്‍ മാത്രം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഈ വര്‍ഷം ഇതിനകം വ്യക്തികളും സ്ഥാപനങ്ങളും തൊഴില്‍ വാഗ്ദാനത്തിലൂടെ വഞ്ചിച്ചതായി കാണിച്ച് 55 ഓളം ഉദ്യോഗാര്‍ത്ഥികളാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതില്‍ ഭൂരിഭാഗവും വിദേശ തൊഴില്‍ അവസരങ്ങള്‍ കാണിച്ചു നടത്തിയ തട്ടിപ്പുകളാണ്. പ്ലംബര്‍,പെയിന്റര്‍,നഴ്സുമാര്‍,ഹെല്‍പ്പര്‍ എന്നീ ട്രേഡുകള്‍ക്കു പുറമെ ഉയര്‍ന്ന ട്രേഡുകളിലും തട്ടിപ്പ് വ്യാപമായി നടക്കുന്നുണ്ട്.
കഴിഞ്ഞയാഴ്ചയാണ് നെടുമ്പാശേരി പോലീസ് ജോയി ആലൂക്കാസ് ഗ്രൂപ്പിന്റെ ജോയി ജെറ്റ് വിമാനത്തില്‍ പൈലറ്റ് ജോലി വാഗ്ദാനം നടത്തിയ രണ്ടുപേരെ പിടികൂടിയത്. വാടകയ്ക്ക് മെഴ്സിഡസ് ബെന്‍സ് എടുത്ത് കൊച്ചിയിലെ ആഡംഭര ഹോട്ടലില്‍ ഇന്റര്‍വ്യുവും തട്ടിപ്പുകാര്‍ ഒരുക്കിയിരുന്നു. എന്നാല്‍ ജോലിക്ക് കൈക്കൂലി ചോദിച്ചതോടെയാണ് സംശയം തോന്നി പോലീസിനെ അറിയിച്ചത്്.
പിടിയിലായ തിരുവനന്തപുരം സ്വദേശികളായ ഇരുവരും നേരത്തെ തിരുവനന്തപുരം വിമാനത്താവളത്തില്‍ എയര്‍പോര്‍ട്ട് ഹാന്‍ഡ്ലിങ്ങ് വിഭാഗത്തില്‍ ജോലി വാഗ്ദാനം ചെയ്തു തട്ടിപ്പ് നടത്തിയിരുന്നതായും തുടര്‍ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
തട്ടിപ്പുകാരെ വിശ്വസിച്ചു ഒര്‍ജിനല്‍ പാസ്പോര്‍ട്ടും ഡ്രൈവിങ്ങ് ലൈസന്‍സ് അടക്കമുള്ള രേഖകളും നല്‍കുന്നവരാണ് ഒടുവില്‍ പണവും നഷ്ടപ്പെട്ടനിലയില്‍ പോലീസില്‍ എത്തുന്നത്.
കഴിഞ്ഞ വ്യാഴാഴ്ച എറണാകുളം നോര്‍ത്ത് പോലീസ് 30ഓളം പേരെ മലേഷ്യ ,ഓസ്ട്രേലിയ എന്നിവിടങ്ങളില്‍ ജോലി വാഗ്ദാനംചെയ്തു തട്ടിപ്പ് നടത്തിയ ഒരു യുവാവിനെ പിടികൂടിയിരുന്നു. 40ലക്ഷം രൂപയോളമാണ് ഇവരില്‍ നിന്നായി തട്ടിച്ചത്.
പണം നല്‍കിയിട്ടും വിദേശ ജോലി ഇല്ലാതെ വരുമ്പോള്‍ മിക്കവരും നാണക്കേട് കാരണം പാസ്പോര്‍ട്ട് അടക്കം തിരികെ വാങ്ങി പണം ഉപേക്ഷിക്കുകയാണെന്ന് എറണാകുളം നോര്‍ത്ത് സ്റ്റേഷന് എസ്ഐ പി.ആല് സുനു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: