പൂക്കളും പറവകളും പൊയ്കകളും പൂമ്പാറ്റകളുമെല്ലാം പ്രകൃതിയില്‍ നിന്നും പറന്നു പോകാന്‍ തുടങ്ങിയിരിക്കുന്നു. ഈ സുന്ദര ദൃശ്യങ്ങളെ തന്റെ ക്യാന്‍വാസില്‍ കോറിയിടുവാനും അവയെ നിലനിര്‍ത്തുവാനും ബോധപൂര്‍വ്വമായ ഒരു ശ്രമം നടത്തുകയാണ് ശ്രീജ കളപ്പുരയ്ക്കല്‍ എന്ന ചിത്രകാരി.
പ്രകൃതിയും മനുഷ്യനും ജീവജാലങ്ങളും തമ്മിലുള്ള സൗഹൃദങ്ങള്‍ അന്യമായിക്കൊണ്ടിരിക്കുന്ന വര്‍ത്തമാനകാലത്ത് മനസ്സിന് തണലേകുന്ന നാട്ടുപച്ചകളും നാട്ടുമൈനകളും പച്ചപടര്‍പ്പുകളിലേക്ക് പറക്കുന്ന പച്ചിലപ്പാമ്പുകളും, പച്ച പുല്‍ച്ചാടികളും എല്ലാം ഒന്നൊന്നായി പോയി മറയുന്നു. അവയെ ക്യാന്‍വാസില്‍ കടുത്ത നിറങ്ങളില്‍ പകര്‍ത്തി നമുക്ക് ഇനിയും നഷ്ടമാകാത്ത പച്ചയുടെ തുരുത്തുകള്‍ എവിടെയോ പുനര്‍ജനിക്കുന്നുവെന്ന ഓര്‍മ്മപ്പടുത്തലാണ് ശ്രീജയുടെ ഓരോ ചിത്രങ്ങളും.
ശാസ്ത്രീയമായി ചിത്രകല പഠിച്ചിട്ടില്ലെങ്കിലും ശ്രീജ ചെറുപ്പത്തിലേ വരയ്ക്കുമായിരുന്നു. വിവാഹശേഷം തൃശ്ശൂര്‍ കലാകേന്ദ്രയില്‍ ആര്‍ട്ട് ആന്റ് ക്രാഫ്റ്റ് ടീച്ചര്‍ ട്രെയിനിംഗിന്റെ ഭാഗമായാണ് ചിത്രകലയെ ശാസ്ത്രീയമായി അടുത്തറിഞ്ഞത്. അവിടുത്തെ ലത ടീച്ചറാണ് ശ്രീജയുടെ ഗുരു.
അങ്ങനെ ചിത്രകലയില്‍ താല്‍പ്പര്യം ജനിച്ച ശ്രീജ രണ്ടുവര്‍ഷത്തിനകം 50 ലേറെ ചിത്രങ്ങള്‍ വരച്ചപ്പോള്‍ അതറിഞ്ഞ തൃശ്ശൂരിലെ ലൂമിനസ് കൂട്ടായ്മ എന്ന സംഘടന 2014 സപ്തംബറില്‍ തൃശ്ശൂര്‍ ലളിതകലാ അക്കാദമിയില്‍ ശ്രീജയുടെ ചിത്രപദര്ശനം നടത്തി. ആയിരക്കണക്കിനാളുകള്‍ ചിത്രപദര്ശനം കാണുകയും ചിത്രങ്ങളോടൊപ്പം ചിത്രകാരിയേയും ഇതിനോടൊപ്പം ശ്രദ്ധിക്കാന്‍ തുടങ്ങി. നിരവധി പേരുടെ പ്രശംസ പിടിച്ചുപറ്റിയ ആദ്യ പ്രദര്‍ശനം വന്‍ വിജയമായിരുന്നു. താനൊരു ചിത്രകാരിയാണെന്ന് ശ്രീജ തിരിച്ചറിയുകയായിരുന്നു അപ്പോള്‍.
വെയ്ന്‍ ഓഫ് ലൈഫ്, റെഡ് ഇമേഷന്‍, ഇമാക്കുറസി, സ്നാന്, ഫ്ളോറ, എവൈറ്റ്, സാഹ, ടെറ എന്നീ എണ്ണഛായാ ചിത്രങ്ങള്‍ നിരവധി നിരൂപകരും ആസ്വാദകരും ഒന്നിച്ചാസ്വദിച്ചു.
തൃശ്ശൂര്‍ പൂങ്കുന്നും ഹരിശ്രീ സ്കൂളിലെ ആര്‍ട്ട് ആന്റ് ക്രാഫ്റ്റ് അദ്ധ്യാപികയായി ജോലി നോക്കുന്ന ശ്രീജ ഇപ്പോള്‍ ചുമര് ചിത്രകലയിലും കഴിവ് തെളിയിച്ചുതുടങ്ങി. മുഴുവന്‍ സമയവും ചിത്രകലയില്‍ മുഴുകാന്‍ തീരുമാനിച്ച ശ്രീജയുടെ അടുത്ത ലക്ഷ്യം ഓരോ ജില്ലയിലും വിവിധ കേന്ദ്രങ്ങളില്‍ തന്റെ ചിത്രങ്ങളുടെ പ്രദര്‍ശനം സംഘടിപ്പിക്കുക എന്നതാണ്. ലൂമിനസ് കൂട്ടായ്മ എന്ന സംഘടനയും ശ്രീജക്കൊപ്പമുണ്ട്.
പ്രകൃതിയില്‍ നിന്നും മനുഷ്യന് അകന്നകന്നു പോകുന്ന ഇന്നത്തെ ഡിജിറ്റല്‍ സാങ്കേതിക യുഗത്തില്‍ അവനെ പ്രകൃതിയുടെ പൂമരത്തണലുകളിലേക്ക് മടക്കി കൊണ്ടുവരാന്‍ നടത്തുന്ന ബോധവല്‍ക്കരണമാണ് തന്റെ ചിത്രങ്ങള്‍ എന്ന് ശ്രീജ പറയുന്നു. പച്ചപ്പു തേടിയുള്ള ശ്രീജയുടെ പദയാത്രകള്‍ നാളെയില്‍ കിളിര്‍ക്കുന്ന പ്രതീക്ഷകളുടെ പുല്നാമ്പുകളാകുമെന്ന് നമുക്ക് പ്രത്യാശിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: