പള്ളുരുത്തി: ചെല്ലാനം പൊതുശ്മശാനത്തിലേക്കുള്ള പൊതുവഴി സ്വകാര്യവ്യക്തി കയ്യേറി അടച്ചതായി പരാതി. കെഎസ്ഇബി വൈദ്യുതി ബന്ധവും വിച്ഛേദിച്ചു. പ്രദേശത്തെ വിവിധ ഹൈന്ദവ സംഘടനകളുടെ പ്രക്ഷോഭത്തിനൊടുവിലാണ് ശ്മശാനം പുനര്‍നിര്‍മ്മിച്ചത്. പ്രൊഫ. കെ.വി. തോമസിന്റെ പ്രാദേശിക വികസനഫണ്ടില്‍നിന്നും 26 ലക്ഷം രൂപയും എംഎല്‍എ ഫണ്ടില്‍നിന്ന് 10 ലക്ഷം രൂപയും ചെലവഴിച്ചാണ് ശ്മശാനം പുനര്‍നിര്‍മ്മിച്ചത്.
പൊതുശ്മശാനത്തിലേക്ക് 22 മീറ്റര്‍ നീളത്തില്‍ മൂന്നുമീറ്റര്‍ വീതിയില്‍ വഴിയുണ്ടായിരുന്നു. ഈ വഴിയിലൂടെയാണ് മൃതദേഹങ്ങള്‍ ശ്മശാനത്തിലേക്ക് കൊണ്ടുപോയിരുന്നത്. ദിവസങ്ങള്‍ക്ക് മുന്‍പ് സ്വകാര്യവ്യക്തി കോണ്‍ക്രീറ്റ് തൂണുകള്‍ ഉപയോഗിച്ച് വഴിയടച്ചുവെന്നാണ് പരാതി ഉയര്‍ന്നിരുന്നത്.
വഴി കെട്ടിയടച്ചവരുടെ പരാതിയെത്തുടര്‍ന്ന് കെഎസ്ഇബി അധികൃതര്‍ വൈദ്യുതി ബന്ധം വിച്ഛേദിച്ചതും കടുത്ത പ്രതിസന്ധിയുണ്ടാക്കിയിട്ടുണ്ട്. പഞ്ചായത്തിന്റെ 25 സെന്റ് സ്ഥലത്താണ് ശ്മശാനം സ്ഥിതിചെയ്യുന്നത്. ചെല്ലാനം പഞ്ചായത്തില്‍ ഹൈന്ദവരുടെ മൃതദേഹം മറവുചെയ്യുന്ന ഏക ശ്മശാനമാണിത്.
ഏഴ് ഹൈന്ദവസംഘടനകള്‍ ചേര്‍ന്ന് ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചാണ് ശ്മശാനത്തിനുവേണ്ടി സമരം ആരംഭിച്ചത്.
ഇതുസംബന്ധിച്ച് കളക്ടര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: