ചാത്തന്നൂര്‍: അടുത്ത തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് അണികളെ സജ്ജരാക്കാന്‍ പ്രധാന രാഷ്ട്രീയകക്ഷികളൊക്കെയും ഒരുക്കം തുടങ്ങി.
ബിജെപിയുടെ മെമ്പര്‍ഷിപ്പ് വിതരണം അവസാനഘട്ടത്തിലേക്ക് നീങ്ങുന്നു. ബിജെപി ബൂത്ത് കമ്മിറ്റികള്‍ എല്ലാംതന്നെ കുടുംബസംഗമങ്ങള്‍ വിളിച്ചുചേര്‍ക്കുന്നുണ്ട്.
അണികളെ സജ്ജരാക്കുന്നതോടൊപ്പം തന്നെ സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കാനായി വാര്‍ഡുതലത്തില്‍ വോട്ടര്‍മാര്‍ക്കിടയില്‍ കൂടുതല്‍ അംഗീകാരമുള്ളവരെ കണ്ടെത്താനുള്ള സൂക്ഷ്മനിരീക്ഷണത്തിനും ബിജെപി തുടക്കമിട്ടു കഴിഞ്ഞു.
കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ചാത്തന്നൂര്‍ പഞ്ചായത്തില്‍ പാര്‍ട്ടിക്ക് രണ്ടു സീറ്റാണ് ലഭിച്ചത്. ഇക്കുറി ഭരണം പിടിക്കാനുള്ള മുന്നൊരുക്കവുമായാണ് ബിജെപി മുന്നേറുന്നത്. പഞ്ചായത്ത് ഭരണ സമിതിക്കെതിരെ ശക്തമായ പ്രക്ഷോഭങ്ങളാണ് പഞ്ചായത്തിലും പുറത്തും പാര്‍ട്ടി നടത്തിയത്. പള്ളിക്കമണ്ണടി പാലം ബിജെപിയുടെ സമരവിജയത്തിന്റെ തിലകക്കുറിയായി. ചാത്തന്നൂര്‍ തോട് ശുദ്ധീകരണം, കേഡസ് കൈവശം വച്ചിരിക്കുന്ന ഒന്നര ഏക്കര്‍ ഭൂമി തിരിച്ചെടുക്കണമെന്ന ആവശ്യങ്ങളുയര്‍ത്തിയുള്ള സമരങ്ങള്‍ പഞ്ചായത്തില്‍ പാര്‍ട്ടിയെ ജനപ്രിയമാക്കിയിട്ടുണ്ട്.
കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഇരുമുന്നണികളുടെയും വോട്ടില്‍ കുറവുണ്ടായതും ബിജെപി വോട്ടില്‍ ഗണ്യമായ വര്‍ധനവ് ഉണ്ടായതും പാര്‍ട്ടിയുടെ ആത്മ വിശ്വാസമുയര്ത്തുന്നു. എല്‍ഡിഎഫ് ഭരണത്തില്‍ പഞ്ചായത്തിലെ വികസനപ്രവര്‍ത്തനം താളംതെറ്റിയെന്നാണ് ബിജെപി ഉന്നയിക്കുന്ന പ്രധാന ആരോപണം. ഇത് ജനങ്ങളെ ബോദ്ധ്യപ്പെടുത്താന്‍ വാര്‍ഡ് തലത്തില്‍ സ്ക്വാഡ് പ്രവര്‍ത്തനം നടത്താനാണ് ബി ജെ പി ലക്ഷ്യമിടുന്നത്.തെരഞ്ഞെടുപ്പിനു മുന്നോടിയായി ഇനി വാര്‍ഡുവിഭജനം ഉണ്ടാകില്ലെന്നാണ് പൊതുവെ എല്ലാവരും കരുതുന്നത്
കോണ്‍ഗ്രസ് ഉള്‍പ്പടെ യുഡിഎഫിലെ ചില രാഷ്ട്രീയപാര്‍ട്ടികള്‍ വാര്ഡ്വിഭജനത്തെക്കുറിച്ച് നേരത്തെ ചില ആവശ്യങ്ങള്‍ ഉന്നയിച്ചതാണെങ്കിലും ഇനി സമയമേറെ ഇല്ലെന്നിരിക്കെ ഈ ആവശ്യത്തില്‍നിന്ന് പിന്നീട് പിറകോട്ടടിക്കുകയായിരുന്നു
നിലവിലുള്ള ബിജെപി വാര്‍ഡ് മെമ്പര്‍മാരായ കൊയിപ്പാട്സജീവും ബീനാരാജനും അവരവരുടെ വാര്‍ഡുകളില്‍ നടത്തിയ വികസനപ്രവര്‍ത്തനങ്ങളുമായി ഭവനസന്ദര്‍ശനവും കുടുംബ സംഗമങ്ങളും നടത്തി തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചുകഴിഞ്ഞു. ബിജെപി പഞ്ചായത്ത് സമിതി പ്രസിഡന്റ് കളിയാകുളം ഉണ്ണിയുടെയും ജനറല്‍ സെക്രട്ടറി കൊയിപ്പാട് അനിലിന്റെയും നേത്രത്വത്തില്‍ ശക്തമായ പ്രവര്‍ത്തങ്ങളാണ് പഞ്ചായത്തില്‍ നടക്കുന്നത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: