ചാത്തന്നൂര്‍: നദീതട, തണ്ണീര്‍തട നിയമങ്ങള്‍ കാറ്റില്‍പറത്തി ഇത്തിക്കരയാറില്‍ വ്യാപകമായ അനധികൃത മണല്‍ ഖനനം.
ആറിന്റെ ഇരുകരകളിലായി നിരവധി പ്രദേശങ്ങളിലാണ് അംഗീകൃത കടവുകളും അനധികൃതകടവുകളും ഉള്ളത്. ഇത്തരം അനധികൃതകടവുകളില് കൂടിയാണ് പാരിസ്ഥിതിക ചൂഷണത്തിന് നേര്‍ക്കാഴ്ചയായി മണല്‍ഖനനം പോലുള്ള നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ അരങ്ങേറുന്നത്. ഇതുമൂലം ആറിന്റെ ആഴം കൂടി വെള്ളം വറ്റിയതോടെ ആറിന്റെ പല ഭാഗങ്ങളിലും പാറകള്‍ തെളിഞ്ഞിരിക്കുന്നു
വേനല്‍ കടുത്തതോടെ സമീപ പ്രദേശങ്ങളില്‍ മുമ്പെങ്ങും അനുഭവപ്പെടാത്ത വിധം രൂക്ഷമായ കുടിവെള്ളക്ഷാമം അനുഭവപ്പെട്ട് തുടങ്ങിയിരിക്കുന്നു. വെള്ളത്തിന് ഇത്തിക്കരയാറിനെ ആശ്രയിക്കുന്ന നൂറുകണക്കിന് കുടുംബങ്ങള്‍ ഇതോടെ ദുരിതത്തിലായി. കാര്‍ഷികമേഖലയിലും ആശങ്ക പരന്നുകഴിഞ്ഞു.
കുളിക്കാനും അലക്കാനും ആറിനെയാണ് ആശ്രയിച്ചിരിക്കുന്നവര് ആഴംകൂടിയതോടെ മറ്റുള്ള വഴികള്‍ തേടിത്തുടങ്ങി. ഇതുകൂടാതെ കെട്ടിടനിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കും മറ്റും ആറ്റില്‍ നിന്ന് വെള്ളം അനധികൃതമായി ടാങ്കുകളില്‍ ശേഖരിക്കുന്നതായും പരാതിയുണ്ട്. വാഹനങ്ങളില്‍ കൂറ്റന്ടാങ്കുകള് ഘടിപ്പിച്ച് മോട്ടോര്‍ ഉപയോഗിച്ചാണ് വെള്ളം ശേഖരിക്കുന്നത്.
2008 ലെ തണ്ണീര്‍തട, നദീതട നിയമങ്ങള്‍ കൃത്യമായും കാര്യക്ഷമമായും നടപ്പാക്കുന്നപക്ഷം ഇത്തരം പ്രകൃതി ചൂഷണ ശക്തികളെ തടയാനാവുമെന്നിരിക്കെ നിയമം നടപ്പാക്കുന്നതില്‍ ബന്ധപ്പെട്ട വകുപ്പുദ്യോഗസ്ഥര്‍ ഗുരുതരമായ വീഴ്ച വരുത്തുന്നു. എന്നാണ് നാട്ടുകാരുടെ പരാതി ഇത്തിക്കരയാറ്റിലെ മണല്‍വാരല്‍ നിരോധിചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്നു നാട്ടുകാര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: