ആലപ്പുഴ: എല്‍ഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ ജില്ലയില്‍ വ്യാപക അക്രമം. രണ്ടാം ശനിയാഴ്ച പ്രമാണിച്ച് സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് അവധിയായിരുന്നു. കെഎസ്ആര്‍ടിസിയും ജലഗതാഗത വകുപ്പും സര്‍വീസ് നടത്തിയില്ല. കടകമ്പോളങ്ങള്‍ അടഞ്ഞു കിടന്നു. സിപിഎമ്മുകാര്‍ പമ്പ ബസുകള്‍ മണിക്കൂറുകളോളം തടഞ്ഞിട്ടത് പ്രതിഷേധം ഉയര്‍ത്തി. ഇതുമൂലം നൂറുകണക്കിന് തീര്‍ത്ഥാടകരാണ് വലഞ്ഞത്. ചെങ്ങന്നൂരില്‍ നിന്നും സര്‍വീസ് നടത്തി മടങ്ങി വന്ന ആറ് ബസുകളാണ് പത്തനംതിട്ട ജില്ലയിലെ പെരുനാട് ജംഗ്ഷന് സമീപം വെച്ച് ഇന്നലെ രാവിലെ പത്തരയോടെ ഹര്‍ത്താല്‍ അനുകൂലികള്‍ തടഞ്ഞത്.
ബസുകള്‍ കത്തിക്കുമെന്ന് അനുകൂലികള്‍ ഭീഷണി മുഴക്കിയതോടെ കെഎസ്ആര്‍ടിസി അധികൃതര്‍ പത്തനംതിട്ട എസ്പിയുമായി ബന്ധപ്പെടുകയും തുടര്‍ന്ന് പോലീസ് എത്തിയാണ് വാഹനങ്ങള്‍ കടത്തിവിട്ടത്. തീര്‍ത്ഥാടന വാഹനങ്ങള്‍ തടയുന്ന വിവരം അറിഞ്ഞതിനെ തുടര്‍ന്ന് മൂന്ന് മണിക്കൂറുകളോളം ചെങ്ങന്നൂരില്‍ നിന്നും പമ്പയ്ക്കുള്ള സര്‍വ്വീസുകള്‍ നിര്‍ത്തിവെച്ചു. ഈ സമയമത്രയും ബസിനുള്ളില്‍ കയറിയിരുന്ന തീര്‍ത്ഥാടകര്‍ ദുരിതത്തിലുമായി.
ഹര്‍ത്താലിന്റെ മറവില്‍ കേരള കോണ്‍ഗ്രസ്-എം ജില്ലാ കമ്മിറ്റി ഓഫീസിന് നേര്‍ക്ക് ആക്രമണം. കല്ലേറില്‍ ഓഫീസിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു. സംഭവവുമായി ബന്ധപ്പെട്ട് സിപിഎമ്മുകാരായ ആലപ്പുഴ സിവില്‍ സ്റ്റേഷന് വാര്‍ഡില്‍ കൊച്ചുപറമ്പില്‍ അഫ്സല് (41), റ്റിഡി ചിറയില്‍ ബിജു (36) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാവിലെ പതിനൊന്നോടെയായിരുന്നു ആലപ്പുഴ ഇരുമ്പുപാലത്തിന് പടിഞ്ഞാറുഭാഗത്തുളള കേരള കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി ഓഫീസായ കേരളഹൗസിനു നേരെ ആക്രമണം നടത്തിയത്.
പത്തു ബൈക്കുകളിലായെത്തിയ 20 അംഗ സംഘം ഓഫീസിന് കല്ലേറ് നടത്തുകയായിരുന്നു. കല്ലേറില്‍ ഓഫീസിനുമുമ്പില്‍ കാവലിനുണ്ടായിരുന്ന പോലീസുകാരന് പരിക്കേറ്റു. സൗത്ത് പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസറായ ആര്യാട് പഞ്ചായത്ത് വലിയവീട്ടില്‍ വിനോദ് പീറ്ററി (33)നാണ് പരിക്കേറ്റത്. ഇദ്ദേഹം ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കായംകുളത്ത് വിവാഹ പാര്ട്ടിക്കാര് സഞ്ചരിച്ച ടൂറിസ്റ്റ് ബസിനുനേരെ കല്ലേറ്. പത്തനാപുരത്തുനിന്നും ഹരിപ്പാട്ടേക്ക് പോയ ബസ് കായംകുളം എംഎസ്എം കോളേജിന് സമീപം എത്തിയപ്പോഴായിരുന്നു ഹര്‍ത്താല്‍ അനുകൂലികള്‍ കല്ലെറിഞ്ഞത്. കല്ലേറില്‍ വാഹനത്തിന്റെ മുന്നിലുള്ള ഗ്ലാസ് തകര്‍ന്നു.
സംഭവം അറിഞ്ഞ് പോലീസ് എത്തിയപ്പോള്‍ പോലീസ് വാഹനത്തിനുനേരെയും ഇവര്‍ കല്ലെറിഞ്ഞു. സംഭവത്തില്‍ മുഹമ്മദ് റഷീല്‍, നൗഷാദ് എന്നിവരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ചെങ്ങന്നൂരില്‍ യുഡിഎഫ് നടത്തിയ പ്രകടനത്തിന് നേര്‍ക്ക് കഴിഞ്ഞ ദിവസമുണ്ടായ ഇടത് ആക്രമണത്തിന്റെ തുടര്‍ച്ചയായി കോണ്‍ഗ്രസ് നേതാവിന്റെ വീടിന് നേര്‍ക്ക് ആക്രമണം. മുന്‍ ജില്ലാ പഞ്ചായത്ത് അംഗവുമായ മുളക്കഴ പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന മുളക്കഴ അരീക്കര ചൈതന്യയില്‍ കെ ആര് രാജപ്പന്റെ വീടിന് നേര്‍ക്കാണ് കഴിഞ്ഞ രാത്രിയില്‍ ആക്രമണം ഉണ്ടായത്.
വീടിന്റെ ജനാലകള്‍ തകര്‍ന്നു. ജനല്‍ ചില്ലുകൊണ്ട് ഭാര്യയും മുന്‍ പഞ്ചായത്തംഗവുമായ കെ എന്‍ പൊന്നമ്മയ്ക്ക് പരിക്കേറ്റു. ഹര്‍ത്താല്‍ അനുകൂലികള്‍ മില്‍മാ സൊസൈററി അടപ്പിച്ചത് ക്ഷീര കര്‍ഷകര്‍ക്കു വിനയായി.തകഴി പഞ്ചായത്തില്‍ കുന്നുമ്മയിലെ മില്‍മാ സൊസൈററിയാണ് ഹര്‍ത്താല്‍ അനുകൂലികള്‍ അടപ്പിച്ചത് പ്രദേശത്തെ നുറുകണക്കിനു കര്‍ഷകരാണ് ഇതുമൂലം ബുദ്ധിമുട്ടിലായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: