കിഴക്കമ്പലം: വിലങ്ങ് വാര്‍ഡിലെ കാലപ്പഴക്കമില്ലാത്ത അംഗന്‍വാടി കെട്ടിടം പൊളിച്ച് പുതിയകെട്ടിടം നിര്‍മ്മിക്കുന്നതിനെതിരെ നാട്ടുകാര്‍ രംഗത്ത്. ജില്ലാ പഞ്ചായത്ത് മെമ്പറുടെ നേതൃത്വത്തില്‍ 20ലക്ഷം രൂപ ജില്ലാപഞ്ചായത്തില്‍ നിന്നുമനുവദിച്ചിരുന്നു. ഈ തുക വിനിയോഗിച്ച് പഴയകെട്ടിടം പൊളിച്ച് നീക്കുന്നതിന്റെ മുന്നോടിയായി കെട്ടിടത്തിനുള്ളിലുള്ള സാധനങ്ങള്‍ എടുത്തുമാറ്റാന്‍ അധികൃതര്‍ വന്നപ്പോഴാണ് നാട്ടുകാര്‍ തടഞ്ഞത്.
ഏകദേശം പത്ത് വര്‍ഷംമാത്രം പഴക്കമുള്ള കെട്ടിടത്തിന് യാതൊരുവിധ കേടുപാടുകള്‍ ഇല്ല. വലിയ മഴ പെയ്താല്‍ ചോര്‍ന്നൊലിക്കുമെന്ന് പറഞ്ഞാണ് പുതിയ കെട്ടിടത്തിന് ജില്ലാ പഞ്ചായത്ത് മെമ്പറുടെ നേതൃത്വത്തില്‍ ഫണ്ടനുവദിച്ചത്. എന്നാല്‍ 32ഓളം കുടുംബങ്ങള്‍ താമസിക്കുന്ന ലക്ഷംവീട് കോളനി ഈ അംഗന്‍വാടിയോട് ചേര്‍ന്നാണ് സ്ഥിതിചെയ്യുന്നത്. ഇതില്‍ പലവീടുകളും ചോര്‍ന്നൊലിച്ച് നിലംപൊത്താറായി ഇരിക്കുകയാണ്. ഇതിനൊന്നിനുപോലും ഒരുരൂപ അനുവദിക്കാത്ത ജില്ലാപഞ്ചായത്ത് മെമ്പര്‍ കേടുപാടുമില്ലാത്ത അംഗന്‍വാടിക്ക് ലക്ഷങ്ങള്‍ അനുവദിച്ചത് അഴിമതി നടത്താനാണ്.
അംഗന്‍വാടി കെട്ടിടത്തിന് ഒരുലക്ഷം രൂപയോളം ചെലവ് വരത്തക്കവിധത്തിലുള്ള മേല്‍ക്കൂര പണിതാല്‍ നിലവിലുള്ള ചോര്‍ച്ച മാറ്റാന്‍ കഴിയുമായിരുന്നിട്ടും അതിന് ശ്രമിക്കാതെ കെട്ടിടം മുഴുവനുമായി പൊളിച്ച്മാറ്റി പുതിയ കെട്ടിടം പണിയുന്നതിനുള്ള ശ്രമം സ്വന്തം ഇഷ്ടക്കാരെകൊണ്ട് പണിയിപ്പിച്ച് ലക്ഷങ്ങള്‍ അഴിമതി നടത്താനുള്ള ശ്രമമാണ് നാട്ടുകാരുടെ ഇടപെടല്കൊണ്ടില്ലാതായത്.
കിഴക്കമ്പലം പഞ്ചായത്തോഫീസിന് സമീപമുള്ള മൃഗാശുപത്രി, കിഴക്കമ്പലം പഞ്ചായത്തിലെ മുഴുവന്‍ ആളുകളുടെയും ജംഗമവസ്തുക്കളുടെ കണക്കും ഭൂമി സംബന്ധമായ മുഴുവന്‍ രേഖകള്‍ സൂക്ഷിക്കുന്ന വില്ലേജ്ഓഫീസ് വര്‍ഷങ്ങളോളം ചോര്‍ന്നൊലിച്ചിട്ടും യാതൊരുവിധ നടപടികളും എടുക്കാതിരുന്നിടത്താണ് മൂന്നോ നാലോ കുട്ടികള്‍ മാത്രം പഠിക്കുന്ന അംഗന്‍വാടി കെട്ടിടത്തിന് ഇപ്പോള്‍ ലക്ഷങ്ങള്‍ മുടക്കാന്‍ ഭരണകക്ഷികള്‍ ശ്രമിക്കുന്നത്.
മുമ്പ് ചോര്‍ന്നൊലിച്ച മൃഗാശുപത്രി, കൃഷിഭവന്, ഹോമിയോ ആശുപത്രി എന്നിവ ഷീറ്റ് മേഞ്ഞ് ചോര്‍ച്ച മാറ്റിയിരുന്നു. ഈ സാഹചര്യത്തിലാണ് ചെറിയ ചോര്‍ച്ച മാത്രമുള്ള അംഗന്‍വാടി കെട്ടിടം യാതൊരുവിധ അറ്റകുറ്റപ്പണികളും നടത്താന്‍ ശ്രമിക്കാതെ പൊളിച്ചുമാറ്റുന്നത്. ഇതിനെതിരെയാണ് ശക്തമായ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്ത് വന്നിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: