കോട്ടയം: മന്ത്രി കെ.എം. മാണി നിയമസഭയുടെ മേശപ്പുറത്തുവച്ച ബജറ്റില്‍ ജില്ലയുടെ അടിസ്ഥാന പ്രശ്നങ്ങള്‍ മറന്നു എന്ന് വിലയിരുത്തപ്പെടുന്നു. ജില്ലയുടെ മലയോര മേഖലയും തീരപ്രദേശവും ഒരുപോലെ നേരിടുന്ന കുടിവെള്ള പ്രശ്നം പരിഹരിക്കുന്നതിന് നിര്‍ദ്ദേശങ്ങളില്ല. പദ്ധതികള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയാത്തതും നവീകരണമില്ലാത്തതുമാണ് കുടിവെള്ളപ്രശ്നം രൂക്ഷമാക്കിയത്. ഇതിന് ബജറ്റ് പരിഗണന ലഭിക്കാത്തത് നിരാശാജനകമാണ്.
ജില്ലയിലെ നിരവധി ചെറുകിട സംരംഭങ്ങളെ പ്രതികൂലമായി ബാധിക്കുന്ന വൈദ്യുതി പ്രതിസന്ധിയെ സംബന്ധിച്ചും ബജറ്റില്‍ നിര്‍ദ്ദേശങ്ങളില്ല.
പ്രധാന ടൂറിസ്റ്റുകേന്ദ്രങ്ങളായ വാഗമണ്ണിനെയും കുമരകത്തെയും ഈ ബജറ്റ് മറന്നു. കഴിഞ്ഞ ബജറ്റില്‍ ഈ മേഖലയുടെ വികസനത്തിനായി അമ്പതുകോടി രൂപ നീക്കിവച്ചിരുന്നുവെങ്കിലും പ്രവര്ത്തനങ്ങളെങ്ങുമെത്തിയില്ല.കുമരകം ടൂറിസ്റ്റ് കേന്ദ്രത്തിന്റെ പ്രധാന ആകര്‍ഷണം വേമ്പനാട് കായലാണ്. ഇതാവട്ടെ മരണത്തോട്ട് മല്ലടിക്കുകയാണ്. ടൂറിസ്റ്റുകള്‍ ജലാശയത്തില്‍ നിക്ഷേപിക്കുന്ന പ്ലാസ്റ്റിക് ഉല്പന്നങ്ങളും അനിയന്ത്രിതമായി വര്‍ദ്ധിച്ചുവരുന്ന ഹൗസ് ബോട്ടുകള്‍ സൃഷ്ടിക്കുന്ന പാരിസ്ഥിതിക പ്രശ്നങ്ങള്‍ക്കും പരിഹാരമില്ല.
2008നു മുമ്പുള്ള വയല്‍ നികത്തലിന് അംഗീകാരം നല്‍കുന്നതിനുള്ള ബജറ്റ് നിര്‍ദ്ദേശം ജില്ലയില്‍ ആശങ്ക സൃഷ്ടിക്കുന്നു.ജില്ലയിലെ അപ്പര്‍കുട്ടനാടന്‍ പാടശേഖരങ്ങള്‍ മണ്ണിട്ടുനികത്തുന്നത് വ്യാപകമാകുന്നു. ഈ നികത്തലുകള്‍ നടന്നത് കേരള നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ ആക്ട് നിലവില്‍ വന്നതിനുശേഷമാണോ നികത്തിയതെന്ന് ആരു സാക്ഷ്യപ്പെടുത്തുമെന്നതടക്കമുള്ള നിരവധി ചോദ്യങ്ങളും ഉയര്‍ന്നുവരുന്നു.
കടുത്തുരുത്തി നിയോജകമണ്ഡലത്തിലെ കോഴയിലെ സയന്‍സ് സിറ്റിക്കായി 15കോടി രൂപ നീക്കിവച്ചതായി ബജറ്റില്‍ പറയുന്നു. കഴിഞ്ഞ ബജറ്റില്‍ പത്തുകോടിരൂപ അനുവദിച്ചിരുന്നു. ഈ പദ്ധതി കേരള സര്‍ക്കാരിന്റെതാണോ കേന്ദ്രസര്ക്കാരിന്റേതാണോ എന്നതാണ് പ്രധാന ആശങ്ക. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പു സമയത്ത് കേന്ദ്ര പദ്ധതിയായ സയന്‍സ് സിറ്റി ജോസ് കെ. മാണി എംപിയുടെ പ്രവര്‍ത്തന നേട്ടമായി പ്രചരിപ്പിച്ചിരുന്നു. കൃഷി വകുപ്പിനു കീഴിലുള്ള കാര്‍ഷിക ഗവേഷണ കേന്ദ്രത്തിന്റെ സ്ഥലമാണ് സയന്‍സ് സിറ്റിക്കായി ഏറ്റെടുക്കുമെന്ന് പറഞ്ഞിരുന്നത്. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായിട്ടില്ല. കഴിഞ്ഞ ബജറ്റില്‍ ഇതേ സ്ഥലത്തുതന്നെയാണ് കാര്‍ഷികാധിഷ്ഠിത വ്യവസായ സഹകരണ സംഘം ആരംഭിക്കുമെന്നും പറഞ്ഞിരുന്നത്. ഗാന്ധിജിയുടെ വൈക്കം സന്ദര്‍ശനത്തിന്റെയും വൈക്കം സത്യഗ്രഹത്തിന്റെയും നവതി ആഘോഷങ്ങള്‍ നടക്കുന്ന സമയത്ത് അവതരിപ്പിച്ച ബജറ്റില്‍ സത്യഗ്രഹ സ്മാരകത്തിനായി നീക്കിവയ്പൊന്നുമില്ല.
ഭരണകക്ഷിക്ക് മുഖ്യമന്ത്രിയും ധനമന്ത്രിയടക്കം മൂന്നുമന്ത്രിമാരും ഉള്‍പ്പെടെ ഏഴ് എംഎല്‍എമാര്‍ സ്വന്തമായുള്ള കോട്ടയത്തിന്റെ അടിസ്ഥാന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ക്രിയാത്മക നിര്‍ദ്ദേശങ്ങളൊന്നും ബജറ്റില്‍ ഉള്‍പ്പെടുത്താന്‍ കഴിഞ്ഞില്ലെന്നുള്ള ആക്ഷേപം ശക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: