കരുനാഗപ്പള്ളി: എട്ടുമന്ത്രിമാരുണ്ടായിട്ടും സാധിക്കാതിരുന്ന മേല്‍പ്പാലത്തിന് മോദി സര്‍ക്കാര്‍ അനുമതി നല്കിയപ്പോള് അതിന്റെ പേരില്‍ മേനി നടിക്കാന്‍ ജനപ്രതിനിധികളുടെ മത്സരം. കരുനാഗപ്പള്ളിയുടെയും സമീപപഞ്ചായത്തുകളുടെയും സമഗ്രവികസനത്തിനും യാത്രാദുരിതത്തിനും പരിഹാരമായി ചിറ്റുമൂല-മാരാരിത്തോട്ടം റയില്‍വേ മേല്‍പ്പാലങ്ങള്‍ അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍ ഉത്തരവായതോടെയാണ് പിതൃത്വം ഏറ്റെടുക്കാന്‍ മുന്നണികളുടെ മത്സരം മമുറുകിയത്.
കേരളത്തിലെ മുഴുവന്‍ എംപിമാരും താങ്ങി നിര്‍ത്തിയ യുപിഎ സര്‍ക്കാരിന്റെ കാലത്ത് സാധിക്കാത്തതാണ് നരേന്ദ്രമോദി സര്‍ക്കാരില്‍ നിന്നും ലഭിച്ചത്. എന്നാല്‍ മേല്‍പ്പാലങ്ങളുടെ പിതൃത്വം ഏറ്റെടുത്ത് എംപി ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ പ്രസ്താവനകളുമായി ഇറങ്ങിയിരിക്കുകയാണ്.
നിത്യേന നൂറോളം ട്രെയിന്‍ വന്നുപോകുന്ന തിരക്കേറിയ റൂട്ടുകളിലൊന്നാണിത്. ഇവിടെ മേല്‍പ്പാലം പണിയണമെന്ന് ആവശ്യപ്പെട്ട് വളരെ കാലങ്ങളായി സമരപരിപാടികളും ധര്‍ണയും നിവേദനങ്ങളുമായി രാഷ്ട്രീയനേതൃത്വങ്ങളുടെ പിറകെ നടന്ന് ഫലം ലഭിക്കാതിരുന്നപ്പോഴാണ് ഒമ്പത് മാസം മാത്രം പഴക്കമുള്ള മോദിസര്‍ക്കാരില്‍ നിന്നും പാലങ്ങള്‍ക്കുള്ള അനുവാദം ഉണ്ടാകുന്നത്. പ്രദേശത്തെ ജനങ്ങളുടെ ചിരകാല സ്വപ്നങ്ങള്‍ സാക്ഷാത്കരിച്ച കേന്ദ്രസര്‍ക്കാരിനെ രാഷ്ട്രീയഭേദമെന്യേ പൊതുസമൂഹം അനുമോദിക്കുമ്പോള്‍ ചിലര്‍ അത് തങ്ങളുടെ ശ്രമഫലമായാണെന്ന് വരുത്തിതീര്‍ക്കാന്‍ നടത്തുന്ന ശ്രമങ്ങളെ ജനങ്ങള്‍ പുച്ഛത്തോടെയാണ് കാണുന്നത്.
കരുനാഗപ്പള്ളിയെ ജില്ലയുടെ കിഴക്കന്‍ ഭാഗങ്ങളുമായി ബന്ധിക്കുന്ന പ്രധാന റൂട്ടുകളായ പുതിയകാവ്-ചക്കുവള്ളി, കരുനാഗപ്പള്ളി-ശാസ്താംകോട്ട റൂട്ടുകളില്‍ നൂറുകണക്കിന് വാഹനങ്ങളാണ് ഓടിക്കൊണ്ടിരിക്കുന്നത്. റയില്‍വേ ക്രോസ് അടച്ചാല്‍ രണ്ടും മൂന്നും ട്രെയിനുകള്‍ പോയതിനുശേഷം മാത്രമേ പിന്നീട് തുറക്കുകയുള്ളൂ. അപ്പോഴേക്കും നിരവധി വാഹനങ്ങള്‍ ഗേറ്റുകള്ക്കിരുവശവും നിരന്നിരിക്കും.
തുടര്‍ന്നുള്ള തിക്കിലും തിരക്കിലും നിരവധി അപകടങ്ങള്‍ നിത്യസംഭവമാണ്.
മേല്‍പ്പാലം പണി കേന്ദ്രം അനുവദിച്ചെങ്കിലും അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കിക്കൊടുക്കേണ്ട ചുമതല സംസ്ഥാന സര്‍ക്കാരിന്റേതാണ്. നിലവില്‍ റയില്‍വേയുടെ കൈവശമുള്ള ഭൂമി കൂടാതെ വേണ്ട അധിക ഭൂമി ഏറ്റെടുക്കുന്നതും അപ്രോച്ച് റോഡ് പണിത് ഗതാഗതം പുനസ്ഥാപിക്കേണ്ടതും സംസ്ഥാനസര്‍ക്കാരിന്റെ ചുമതലയാണ്.
അതുകൊണ്ടുതന്നെ മേല്‍പ്പാലങ്ങളുടെ സുഗമമായ നിര്‍മ്മാണത്തിന് സംസ്ഥാനസര്‍ക്കാരിന്റെ ഭാഗത്തുനിന്നും വേണ്ട നടപടികള്‍ ഉടനുണ്ടാകണമെന്ന് ബിജെപി തഴവ-തൊടിയൂര്‍ മേഖലാ സമിതി പ്രതിനിധികളായ വിമല്‍, ഹരീഷ്, ഡോ.അരുണ്‍, മംഗളാനന്ദന്‍, സുഭാഷ്, സനല്‍, ഗോപന്, രാജന് എന്നിവര്‍ പറഞ്ഞു.
ചിറ്റുമൂല-മാരാരിത്തോട്ടം റൂട്ടില്‍ യാത്രചെയ്യുന്ന ആയിരക്കണക്കിന് യാത്രക്കാരുടെ ദുരിതത്തിന് ശമനമാകുന്ന മേല്‍പ്പാല നിര്‍മ്മാണത്തിന് അനുവാദം നല്കിയ കേന്ദ്രറയില്‍വേ മന്ത്രി സുരേഷ്പ്രഭുവിനെ കരുനാഗപ്പള്ളി നിവാസികളുടെ നന്ദി അറിയിക്കുന്നതായി യുവമോര്‍ച്ച മണ്ഡലം കമ്മിറ്റി അറിയിച്ചു. ശ്രേയസ്, ഉണ്ണി, വിഷ്ണു എന്നിവര്‍ സംസാരിച്ചു.
പ്രദേശവാസികളുടെ ചിരകാലാഭിലാഷമായിരുന്ന ചിറ്റുമൂല മേല്‍പ്പാലത്തിനും മാളിയേക്കല്‍ മേല്‍പ്പാലത്തിനും അനുമതി നല്കി ബജറ്റില്‍ തുക വകയിരുത്തുകയും കൊല്ലം നഗരത്തിന്റെ വികസനത്തിന് ഉതകുന്ന തരത്തില്‍ ജനസമൂഹത്തിന്റെ ദുരിതങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ട് കൊല്ലം റയില്‍വേ സ്റ്റേഷന് രണ്ടാംകവാടം അനുവദിക്കുകയും അതിനുവേണ്ടി ബജറ്റില്‍ തുക വകയിരുത്തുകയും ചെയ്ത നരേന്ദ്രമോദി സര്‍ക്കാരിനും റയില്‍വേമന്ത്രി സുരേഷ്പ്രഭുവിനും ബിജെപി തൊടിയൂര്‍ പഞ്ചായത്ത് സമിതി അഭിനന്ദനം രേഖപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: