കൊട്ടാരക്കര: യുഡിഎഫ് വിട്ട ബാലകൃഷ്ണപിള്ള എല്‍ഡിഎഫിലെ ഘടകകക്ഷിയായി മാറുമെന്ന് ഏറെക്കുറെ ഉറപ്പായ സാഹചര്യത്തില്‍ സിപിഐ ജില്ലാ നേതൃത്വം ഇതിനെ ആശങ്കയോടെയാണ് നോക്കികാണുന്നത്. കയ്ച്ചിട്ട് തുപ്പാനും വയ്യ മധുരിച്ചിട്ട് ഇറക്കാനും വയ്യ എന്ന സ്ഥിതിയിലാണ് അവര്‍. പിള്ളയുടെ വരവ് തങ്ങള്‍ക്ക് സ്വാധീനമുള്ള ജില്ലയില്‍ സിപിഐയെ പിന്നോട്ടടിക്കുമോ എന്ന ഭയമാണ് ആശങ്കയ്ക്ക് പിന്നില്‍.
പല നേതാക്കളും ഈ അതൃപ്തി നേതൃത്വത്തെ അറിയിച്ചു കഴിഞ്ഞു. ആര്‍എസ്പി കൂടി എല്‍ഡിഎഫ് വിട്ടതോടെ കൂടുതല്‍ സീറ്റുകള്‍ക്ക് അവകാശവാദം ഉന്നയിക്കാമെന്ന് കരുതി ഇരിക്കുമ്പോഴാണ് പിള്ളയുടെ ഇടത്തോട്ടുള്ള ചായ്വ്. കൊട്ടാരക്കര, പത്തനാപുരം, ചടയമംഗലം എന്നീ മണ്ഡലങ്ങളില്‍ പിള്ളയ്ക്കുള്ള സ്വാധീനവും നായര്‍ നേതാവ് എന്ന പരിവേഷവും കൂടി ആകുമ്പോള്‍ പിള്ള എല്‍ഡിഎഫില്‍ എത്തിയാല്‍ മുന്നണിയിലെ രണ്ടാം സ്ഥാനം നഷ്ടപ്പെടുമെന്ന ഭീതിയും സിപിഐയെ അലട്ടുന്നുണ്ട്.
എന്‍എസ്എസിന് സ്വാധീനമുള്ള ജില്ലയില്‍ നേതൃത്വം എന്ത് തീരുമാനമെടുത്താലും കുറെപ്പേരെ ഒപ്പം നിര്‍ത്താന്‍ പിള്ളക്ക് കഴിയും. സിപിഎം റിപ്പോര്‍ട്ടുകളില്‍ പല മണ്ഡലങ്ങളിലും സിപിഐ നാമമാത്രമായതായും പരാമര്‍ശമുണ്ടായിരുന്നു. പിള്ള പിന്തുണ നല്കിയപ്പോള് മാത്രമാണ് അടൂര്‍ ലോക്സഭാ മണ്ഡലത്തില്‍ കൊടികുന്നിലിനെതിരെ എല്‍ഡിഎഫിന് സ്വന്തം സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കാന്‍ കഴിഞ്ഞതെന്നത് പിള്ളയുടെ സ്വാധീനത്തിന് അടിവരയിടുന്നു.
ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പുകള്‍ പടി വാതിലില്‍ നില്‍ക്കെ ഈ മൂന്ന് മണ്ഡലത്തിലെയും മറ്റ് ചില മണ്ഡലങ്ങളിലെയും ജയപരാജയങ്ങള്‍ നിര്‍ണയിക്കുന്നതില്‍ പങ്ക് വഹിക്കാന്‍ പിള്ളക്ക് കഴിയും. മുന്‍ കാലങ്ങളില്‍ പിള്ളയുടെ നിലപാടുകളോട് പൊതുസമൂഹം പുച്ഛത്തോടെയാരുന്നു പ്രതികരിച്ചിരുന്നതെങ്കില്‍ ഇന്ന് ചെറിയ ഒരു അനുഭാവവും പറയുന്നതില്‍ കഴമ്പുണ്ടന്ന ചിന്താഗതിയും ആളുകളില്‍ വളര്‍ന്നിട്ടുണ്ട്.
പ്രത്യേകിച്ചും യുഡിഎഫിലെ പ്രബലജാതി സമുദായങ്ങളുടെ ഇരയായി പിള്ളയെ മാറ്റി എന്ന ആരോപണം നിലനില്‍ക്കുന്ന സാഹചര്യത്തില്‍. എല്‍ഡിഎഫിലെത്തിയാല്‍ കൊട്ടാരക്കര, പത്തനാപുരം തുടങ്ങിയ മണ്ഡലത്തിലെ ത്രിതല തെരഞ്ഞെടുപ്പില്‍ സീറ്റ് വിഭജനം കീറാമുട്ടിയാകുമെന്നും രാഷ്ട്രീയ നീരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: