ആലപ്പുഴ: സംസ്ഥാന ബജറ്റ് തൊഴിലാളികളെയും തൊഴില്‍ മേഖലയെയും നിരാശപ്പെടുത്തിയെന്നും അവശ്യ സാധനങ്ങളുടെ വില നിലവാരം പിടിച്ചുനിര്‍ത്താന്‍ യാതൊരു പദ്ധതിയും ഇല്ലെന്ന് മാത്രമല്ല, നികുതി വര്‍ദ്ധനവിലൂടെ അരി ഉള്‍പ്പെടെയുള്ള അവശ്യ സാധനങ്ങള്‍ക്ക് വില വര്‍ദ്ധിക്കാന്‍ പോകുന്നത് ജനങ്ങളോടുള്ള കടുത്ത വെല്ലുവിളി കൂടിയാണെന്ന് ബിഎംഎസ് ജില്ലാ ഭാരവാഹി യോഗം വിലയിരുത്തി.
പുതിയ തൊഴില്‍ മേഖലയോ അഭ്യസ്തവിദ്യരായ തൊഴില്‍രഹിതര്‍ക്ക് ഏതെങ്കിലും തരത്തിലുള്ള തൊഴില്‍ സാദ്ധ്യത തുറന്നു കൊടുക്കാന്‍ കഴിഞ്ഞില്ലെന്ന് മാത്രമല്ല സംസ്ഥാനത്തെ ഏറ്റവുമധികം തൊഴില്‍ സാദ്ധ്യതയുള്ള ടൂറിസം മേഖലയെ പാടെ അവഗണിക്കുകയും ചെയ്തു.
കാര്‍ഷിക ഭൂമി വീണ്ടും മാഫിയകള്‍ക്ക് നികത്തിയെടുക്കാന്‍ അനുയോജ്യമായ തീരുമാനം സുപ്രീം കോടതി വിധിയെ പോലും അട്ടിമറിച്ച് ബജറ്റില്‍ കൊണ്ടുവന്നിരിക്കുന്നത് അഴിമതിയുടെ ഭാഗമാണ്. ഇത്തരം ജനദ്രോഹ നടപടികള്‍ ബജറ്റില്‍ നിന്ന് പിന്‍വലിക്കാന്‍ തയാറാകണമെന്നും ബിഎംഎസ് ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് ബി. രാജശേഖരന് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി എന്‍.കെ. മോഹന്‍ദാസ്, ജില്ലാ സെക്രട്ടറി സി.ജി. ഗോപകുമാര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: