യോഗം ഒരു സാധനയാണ്. ജീവാത്മ പരമാത്മാക്കളുടെ യോഗമാണത്. അവിദ്യവച്ഛിന്നനായ ജീവാത്മാവ് അവിദ്യയെ ത്യജിച്ച് പരമാത്മാവിന്, പരബ്രഹ്മത്തില്‍ ലയിക്കുന്നു. അതിനുള്ള അഭ്യാസ പദ്ധതിയാണ് യോഗം.
പരബ്രഹ്മം ഏകവും, നിര്‍ഗുണവും നിര്‍വിശേഷവും നിരവയവും നിരാകാരവും എങ്ങും നിറഞ്ഞതും മറ്റുമാണെന്നാണ് വേദാന്തം പറയുന്നത്. ആ ബ്രഹ്മത്തെത്തന്നെ ഈ പ്രപഞ്ചത്തിന്റെ മുഴുവന്‍ ആത്മഭാവത്തില്‍ വീക്ഷിക്കുമ്പോള്‍ പരമാത്മാവ് എന്ന സംജ്ഞകൊണ്ട് വിവക്ഷിച്ചുവരുന്നു.
കര്‍മം, ഭക്തി, യോഗം, ജ്ഞാനം എന്നിങ്ങനെ നാലു പന്ഥാവുകളാണ് പരമപുരുഷാര്‍ത്ഥമായ മോക്ഷം സിദ്ധിക്കുന്നതിനുവേണ്ടി പൂര്‍വികരാല്‍ കല്പ്പിക്കപ്പെട്ടിട്ടുള്ളത്. അതില്‍ കര്‍മം ഭക്തിയെ ഉണ്ടാക്കുന്നു. ഭക്തി ജ്ഞാനവൈരാഗ്യങ്ങളുണ്ടാക്കുന്നു. കര്‍മ-ഭക്തി-ജ്ഞാന വൈരാഗ്യങ്ങളെ സമന്വയിപ്പിച്ചുകൊണ്ടുള്ള യോഗസാധനയിലൂടെ മോക്ഷപ്രാപ്തി ഉളവാകുകയും ചെയ്യുന്നു.
ശുക്ല യജുര്വേദാന്തര്ഗതമായ ഉപനിഷത്തുക്കളില്‍ ഒന്നാണ് സന്ന്യാസോപനിഷത്തായ യാജ്ഞവല്ക്യം എന്നുപറഞ്ഞു വരുന്നു. തപസ്സുകൊണ്ട് ആദിത്യനില്നിന്ന് ഉപദേശമാര്ജിച്ച യാജ്ഞവല്ക്യ മഹര്‍ഷിയാണ് ഇതിലെ ആചാര്യന്. അദ്ദേഹത്തിന്റെ പത്നിയും പണ്ഡിതാഗ്രേസരണിയും ഉഗ്രതപസ്സിനിയുമായ ഗാര്ഗിക്കാണ് യോഗം ഉപദേശിക്കുന്നത്. മഹര്‍ഷിവര്യനായ യാജ്ഞവല്ക്യനെപ്പറ്റി ബൃഹദാരണ്യകോപനിഷത്ത്, മഹാഭാരതം സഭാപര്‍വം എന്നിവയില്‍ പരാമര്‍ശമുണ്ട്.
യോഗ യാജ്ഞവല്ക്യത്തിന്റെ സമ്പാദകന്‍ കിളിമാനൂര്‍ കൊട്ടാരത്തിലെ സി.ആര്.കേരളവര്‍മ്മ തമ്പുരാനാണ്. വൈയാസകി എന്ന തൂലികാനാമത്തില്‍ അദ്ദേഹം ഇതിനുമുമ്പ് ‘ത്രൈവേദിക സന്ധ്യാപദ്ധതി’ എന്ന ഗ്രന്ഥം പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതിന്റെ പ്രാമാണികത അംഗീകരിച്ച് തൃശൂര്‍ തെക്കേമഠം മൂപ്പില്‍ സ്വാമിയാര് 2011 ല്‍ ആചാര്യരത്നം എന്നൊരു ബഹുമതി തമ്പുരാന് നല്‍കിയിട്ടുണ്ട്. യോഗയാജ്ഞവല്‍ക്യം എന്ന മഹദ് ഗ്രന്ഥത്തിന്റെ സംശോധനം നിര്‍വഹിച്ചിരിക്കുന്നത് ഡോ.പി.എസ്.ശര്‍മയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: