തൃപ്പൂണിത്തുറ: ശ്രീപൂര്‍ണത്രയീശന്റെ സ്വര്ണകോലത്തിലെ മകുടം കാണാതായ സംഭവത്തെക്കുറിച്ചുള്ള ക്രൈംബ്രാഞ്ച് അന്വേഷണം ഊര്‍ജിതപ്പെടുത്തണമെന്ന് ഹിന്ദു ഐക്യവേദി ജില്ലാ സെക്രട്ടറി കെ.പി. സുരേഷ് ആവശ്യപ്പെട്ടു.
2008 ല്‍ അന്നത്തെ എസ്.പി. ഉണ്ണിരാജയുടെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തില്‍ സ്വര്ണകോലത്തിലെ 900 ഗ്രാമിലധികം വരുന്ന സ്വര്‍ണ മകുടം കാണാനില്ലെന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്നുവന്ന അന്വേഷണ ഉദ്യോഗസ്ഥന് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ബര്‍ണാഡ് ദേവിന്റെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തില്‍ ശ്രീപൂര്‍ണത്രയീശ ക്ഷേത്രത്തില്‍ രത്നങ്ങളും സ്വര്‍ണവും അലക്ഷ്യമായാണ് കൈകാര്യം ചെയ്യുന്നതെന്നും കണ്ടെത്തിയിരുന്നു.
ശ്രീപൂര്‍ണത്രയീശ ക്ഷേത്രത്തിലെ ആഭരണങ്ങള്‍ മാറ്റാനുള്ള നീക്കത്തിനെതിരെ ക്ഷേത്രത്തിനുമുന്നില്‍ ഹിന്ദുഐക്യവേദി സംഘടിപ്പിച്ച സായാഹ്ന ധര്‍ണയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
2008 ല്‍ കൊച്ചിന് ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള തൃപ്പൂണിത്തുറ ദേവസ്വത്തില്‍നിന്നും പൂര്‍ണത്രയീശ ക്ഷേത്രത്തിലെ വിലപിടിപ്പുള്ള രത്നങ്ങളും സ്വര്‍ണം, വെള്ളി, ഉരുപ്പിടികളും ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തേക്ക് കൊണ്ടുപോയിരുന്നു. ഇത് സംബന്ധിച്ച് അന്വേഷണം വേണമെന്ന് അന്നത്തെ പൂര്‍ണത്രയീശ സേവാസംഘം ആവശ്യപ്പെട്ടിരുന്നു.
2014 ഡിസംബറില്‍ പൂര്‍ണത്രയീശന്റെ വിലമതിക്കാനാവാത്ത സ്വര്‍ണവും രത്നാഭരണങ്ങളുടെ വലിയ ശേഖരവും കൊച്ചിന് ദേവസ്വം ബോര്‍ഡിന്റെ ആസ്ഥാനത്തേയ്ക്ക് മാറ്റും എന്നുള്ള വാര്‍ത്തകള്‍ പ്രചരിച്ചപ്പിക്കുന്ന ഇപ്പോഴത്തെ സേവാസംഘം ചോദ്യങ്ങള്‍ക്ക് മൗനം ഭജിക്കുകയാണ്. ഇപ്പോള്‍ നെറ്റിപ്പട്ടം പുതുക്കിപ്പണിയും എന്നുപറഞ്ഞ് ഉപയോഗിക്കാന്‍ പോകുന്ന സ്വര്‍ണത്തിന്റെ മാറ്റ്, തൂക്കം, പഴക്കവും നിര്‍ണയിക്കാന്‍ സ്വര്‍ണ വിദഗ്ദ്ധരെ കൊണ്ടുവരണം. ഭക്തജനങ്ങള്‍ക്ക് അത് അറിയാനുള്ള അവകാശം ഉണ്ട്.
പൂര്‍ണത്രയീശന്റെ ആഭരണങ്ങളോ അമൂല്യനിധികളോ ഏതെങ്കിലും സ്ഥലത്തേക്ക് മാറ്റാന്‍ ശ്രമിച്ചാല്‍ ഹിന്ദുസമൂഹം ഒന്നായി അതിനെ നേരിടും. 2009 ല്‍ ദേവസ്വം ബോര്‍ഡിലെ ക്രമക്കേടുകളെകുറിച്ച് അന്വേഷിക്കാന്‍ ചുമതലപ്പെടുത്തിയ വിജിലന്‍സ് ഉദ്യോഗസ്ഥരായ പി.എം. സുബ്രഹ്മണ്യന്, കെ. മുരളീധരന്, കെ. ഗോപിനാഥന്, ചന്ദ്രന്, എം.എന്‍. മാധവന്, ആനന്ദകൃഷ്ണന് എന്നിവരുടെ കൂട്ടരാജിയെക്കുറിച്ചും ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്നും ജില്ല സെക്രട്ടറി ആവശ്യപ്പെട്ടു.
ഹിന്ദു ഐക്യവേദി താലൂക്ക് ജനറല്‍ സെക്രട്ടറി കെ.കെ.നവീന്‍, സമിതിയംഗം രഘുനാഥ്, തൃപ്പൂണിത്തുറ മുനിസിപ്പല്‍ പ്രസിഡന്റ് ജയന്, സെക്രട്ടറി അനീഷ് ചന്ദ്രന്, സാമുദായിക സംഘടനാ പ്രതിനിധികള്‍, ക്ഷേത്ര ഭാരവാഹികള്‍, സാംസ്കാരിക പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു. ദേവിദാസ് അദ്ധ്യക്ഷത വഹിച്ചു. പ്രേംകുമാര്‍ നന്ദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: