കൊട്ടാരക്കര: അവലോകന സമിതി തീരുമാനങ്ങള്‍ നടപ്പാക്കുന്നതിന്റ ഭാഗമായി ജില്ലകളക്ടര്‍ എ. കൗശിഗന് കുളക്കടയിലെത്തി സ്ഥല പരിശോധന നടത്തി. പോലീസ്, ആര്‍ടിഒ, കെഎസ്ടിപി, റവന്യു ഉദ്യോഗസ്ഥരും ഒപ്പമുണ്ടായിരുന്നു. വാഹനാപകടങ്ങള്‍ക്കുള്ള സാധ്യതയും കാരണങ്ങളും ശാസ്ത്രീയമായ പരിശോധനകളിലൂടെ നേരിട്ട് മനസ്സിലാക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു കളക്ടറുടെ സന്ദര്‍ശനം.
കഴിഞ്ഞദിവസം രാവിലെ 10 മണിയോടെയെത്തിയ സംഘം അപകടസാധ്യത കൂടിയ നാലര കിലോമീറ്ററോളം ഭാഗത്ത് നാല് മണിക്കൂറിലധികം നിരീക്ഷണം നടത്തി. സുരക്ഷാക്രമീകരണങ്ങള്‍ നടപ്പിലാക്കുന്നതിന് വിശദമായ പഠന റിപ്പോര്‍ട്ടും നിര്‍ദേശങ്ങളും നല്കാന് കെഎസ്ടിപി, പിഡബ്ല്യുഡി ഉദ്യോഗസ്ഥര്‍ക്ക് കളക്ടര്‍ നിര്‍ദ്ദേശം നല്കി. പെട്ടന്ന് നടപ്പിലാക്കേണ്ടുന്ന സുരക്ഷാ കാര്യങ്ങള്‍ ഉടന്‍ തന്നെ തുടങ്ങും.
രണ്ട് മേഖലകളായി തിരിച്ചായിരിക്കും പദ്ധതികള്‍ നടപ്പാക്കുക. അപകടസാധ്യത കൂടിയ മേഖലയായ കുളക്കട ക്ഷേത്ര ജംഗ്ഷന്, ലക്ഷം വീട് ജംഗ്ഷന് എന്നിവിടങ്ങളില്‍ റിഫ്ളക്ടഡ് സ്റ്റഡ്സ് ഉപയോഗിച്ച് സ്പീഡ് ബ്രേക്കര്‍ ലൈന്‍ സ്ഥാപിക്കും.
കലയപുരം ജംഗ്ഷന് മുതല്‍ ഏനാത്ത് പാലം വരെ റോഡില്‍ സൈന്‍ബോര്‍ഡുകള്‍, റിഫഌക്ടറുകള്‍, അപകടസാധ്യതാ മുന്നറിയിപ്പ് ബോര്‍ഡുകള്‍, വേഗതാ നിയന്ത്രണ സൂചകങ്ങള്‍ എന്നിവ ഉടന്‍ സ്ഥാപിക്കും. ബസ് സ്റ്റോപ്പുകള്‍ മാറ്റി സ്ഥാപിക്കുന്നതിനൊപ്പം മൂടിയില്ലാത്ത ഓടകള്‍ക്ക് മൂടി സ്ഥാപിക്കും. െ്രെഡവര്‍മാരുടെ കാഴ്ചയ്ക്ക് തടസ്സമാകുന്ന മരചില്ലകള്‍, ബോര്‍ഡുകള്‍ എന്നിവ ഉടന്‍ നീക്കംചെയ്യും. ശാസ്ത്രീയപഠനത്തിനുശേഷമുള്ള പരിഹാരനിര്‍ദ്ദേശങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ട് രണ്ടുദിവസത്തിനുള്ളില്‍ കളക്ടര്‍ക്ക് സമര്‍പ്പിക്കുമെന്നും കെഎസ്ടിപി അധികൃതര്‍ പറഞ്ഞു.
കുളക്കട ഗവ:ഹയര്‍ സെക്കണ്ടറി സ്കൂളില്‍ നടന്ന യോഗത്തിന്റ തുടര്‍നടപടികളുടെ ഭാഗമായാണ് കളക്ടറുടെ സന്ദര്‍ശനം. മുന്‍പ് നടന്ന അവലോകന യോഗങ്ങള്‍ പ്രഹസനമായിരുന്നുവെന്നാരോപിച്ച് നാട്ടുകാര്‍ പ്രതിഷേധിച്ചിരുന്നു. പ്രസംഗത്തിലല്ല കാര്യങ്ങള്‍ പ്രവര്‍ത്തിച്ചുകാണിക്കുകയാണ് നല്ലതെന്ന് അന്ന് തന്നെ കളക്ടര്‍ നാട്ടുകാര്‍ക്ക് ഉറപ്പ് നല്‍കിയിരുന്നു.
കുളക്കട മുതല്‍ കലയപുരം വരെയുള്ള പ്രദേശങ്ങളില്‍ 2013 മുതല്‍ ഈ വര്‍ഷം ഫെബ്രുവരി വരെ വാഹനാപകടത്തില്‍ 18 മനുഷ്യജീവനുകളാണ് പൊലിഞ്ഞത്. ഗുരുതരമായി പരിക്കേറ്റവരുടെ എണ്ണം നൂറിലധികം വരും. കെഎസ്ടിപി യുടെ അശാസ്ത്രിയമായ റോഡ് നിര്‍മ്മാണം ആണ് ഇവിടെ അപകടക്കെണിയാകാന്‍ കാരണം എന്ന് മുന്‍പ് തന്നെ പരാതി ഉയര്‍ന്നെങ്കിലും യാതൊരു നടപടിയും ബന്ധപ്പെട്ടവര്‍ സ്വീകരിച്ചില്ല. ആര്‍ഡിഒ സി. സജീവ്, തഹസില്‍ദാര്‍ സോമസുന്ദരന്‍ പിള്ള, പിഡബ്ല്യുഡി എക്സിക്യൂട്ടീവ് എഞ്ചിനിയര്‍ രാജീവ്, കെഎസ്ടിപി എഇ ഡിങ്കി, എംവിഐ പ്രതാപന്, സിഐ. ഷൈനു തോമസ് എന്നിവരും കളക്ടര്‍ക്ക് ഒപ്പം ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: