കൊല്ലം: ദുര്‍നടപ്പിന്റെ പേരില്‍ സഹോദരിയെ കൊലചെയ്തുവെന്നാരോപിച്ച് ചാര്‍ജുചെയ്ത കേസില്‍ കുറ്റാരോപിതനായ സഹോദരനെ രണ്ടുവര്‍ഷം നല്ലനടപ്പിനും പതിനയ്യായിരം രൂപയുടെ സ്വന്തം ജാമ്യത്തിലും വിട്ടയച്ചു. കൊട്ടിയം പോലീസ് ക്രൈം നമ്പര്‍ 74/2005 പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസിലായിരുന്നു നിര്‍ണായക വിധി.
കോളിളക്കം സൃഷ്ടിച്ച കൊട്ടിയം ഷൈനി കൊലക്കേസിലാണ് ജുവനൈല്‍ ജസ്റ്റീസ് പ്രിന്‍സിപ്പല്‍ ജഡ്ജ് പി. മായാദേവി, അംഗങ്ങളായ ശിവശങ്കരപിള്ള, സുനന്ദകുമാരി എന്നിവരുടെ ശ്രദ്ധേയമായ വിധി.
2005 ജനുവരി 31ന് പതിനേഴര വയസുകാരനായ സഹോദരന് ഷൈനിയുടെ കഴുത്തില്‍ ഷാള്‍ മുറുക്കിയതിന്റെ ഫലമായി മരിച്ചുവെന്നായിരുന്നു പോലീസ് കേസ്. 341, ഐപിസി 302 എന്നീവകുപ്പുകള്‍ പ്രകാരമായിരുന്നു കേസ്. എന്നാല്‍ സഹോദരന് സംഭവം നിഷേധിച്ചിരുന്നു.
ഇരുപത്തിനാല് സാക്ഷികളെയാണ് കേസുമായി ബന്ധപ്പെട്ട് വിസ്തരിച്ചത്. പ്രോസിക്യൂഷന് സാഹചര്യതെളിവുകളും മെഡിക്കല്‍ തെളിവുകളെയുമാണ് ഏറെ ആശ്രയിച്ചത്.
ഒന്നാം സാക്ഷി പഞ്ചായത്ത് പ്രസിഡന്റും രണ്ടാം സാക്ഷി ഷൈനിയുടെ അമ്മയും മൂന്നാം സാക്ഷി അമ്മൂമ്മയും കേസിനിടയില്‍ പലപ്പോഴായി കൂറുമാറി. നാലുമുതല്‍ എട്ടുരെയുള്ള സാക്ഷികള്‍ സഹോദരിയുടെ ദുര്‍നടപ്പില്‍ സഹോദരന് ക്ഷുഭിതനായിരുന്നെന്നും കഠിനമനോവേദനയനുഭവിച്ചിരുന്നതായും കോടതിയില്‍ വെളിപ്പെടുത്തി.
ശാസ്ത്രീയപരിശോധനയില്‍ സഹോദരന്റെ മുടി ഷൈനിയുടെ കൈയ്യില്‍നിന്നും ശരീരത്തുനിന്നും കണ്ടെടുത്തിരുന്നു.
2009 ജൂണ്‍ ആറ് മുതല്‍ തുടങ്ങിയ വിസ്താരം 2015 മാര്‍ച്ച് ഏഴിനാണ് അവസാനിച്ചത്. രണ്ടു വകുപ്പു പ്രകാരവും കുറ്റക്കാരനെന്ന് കണ്ടെത്തിയ ജുവൈനല്‍ കോടതി രണ്ടു വര്‍ഷം ജില്ലാ പ്രബോഷന് ഓഫീസറുടെ നിയന്ത്രണത്തിലായിരിക്കണമെന്നും വിധിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. പോലീസിന്റെ വാദങ്ങള്‍ ശരിയാണെന്ന് തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞു.
സംഭവം നടന്ന കാലയളവില്‍ കുറ്റാരോപിതന് തികച്ചും മൈനറായിരുന്നതിനാല്‍ അതിന്റെ സംരക്ഷണം പൂര്‍ണമായും ലഭിച്ചു. എന്നാലും ജുവൈനല്‍ കേസെന്ന നിലയില്‍ പരമാവധി ശിക്ഷ കുറ്റാരോപിതന് ലഭിച്ചിരിക്കയാണെന്ന് അസി. പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ഷറഫനീസ ബീഗം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: