മുഹമ്മ: ദേശസാത്കൃത റൂട്ടായ പൊന്നാട് വഴിയുള്ള ബസ് സര്‍വീസ് നിര്‍ത്തലാക്കാന്‍ കെഎസ്ആര്‍ടിസി നീക്കം പ്രതിഷേധത്തിനിടയാക്കി. റദ്ദാക്കിയ ട്രിപ്പുകള്‍ പുനഃരാരംഭിച്ചില്ലെങ്കില്‍ പ്രക്ഷോഭത്തിനിറങ്ങുമെന്ന് നാട്ടുകാര്‍. രണ്ട് പതിറ്റാണ്ടിലേറയായി സര്‍വീസ് നടത്തിയിരുന്ന ബസുകളില്‍ ഏറേയും വരുമാനം കുറവെന്ന കാരണം പറഞ്ഞ് അധികൃതര്‍ നിര്‍ത്തലാക്കി. ഇതിനാല്‍ വിവിധ ആവശ്യങ്ങള്‍ക്കായി ദിവസവും പട്ടണങ്ങളിലേക്ക് പോകേണ്ട നൂറു കണക്കിന് യാത്രക്കാര്‍ ദുരിതത്തിലായി. ആരംഭകാലത്ത് ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്ക് ദിനംപ്രതി പന്ത്രണ്ടോളം ബസുകള്‍ കെഎസ്ആര്‍ടിസി ഇതുവഴി സര്‍വീസ് നടത്തിയിരുന്നു. ഇവയില്‍ വിരലില്‍ എണ്ണാവുന്ന സര്‍വീസുകള്‍ മാത്രമാണ് നിലവിലുള്ളത്. ഉച്ചക്ക് രണ്ടിനും വൈകിട്ട് നാലിനും രാത്രി ഏഴിനും ആലപ്പുഴയില്‍ നിന്നും വരുന്ന ബസുകള്‍ നിര്‍ത്തലാക്കിയത് യാത്രക്കാര്‍ക്ക് കനത്ത നഷ്ടമായി. പട്ടണത്തില്‍ പോയി മടങ്ങുന്നവര്‍ക്ക് ഈ സര്‍വീസുകള്‍ ഏറെ പ്രയോജനപ്പെട്ടിരുന്നു.
നിലവില്‍ രാവിലേയും വൈകിട്ടും രണ്ട് ബസുകള്‍ മാത്രമാണ് സര്‍വീസ് നടത്തുന്നത്. പി.കെ.കെ ബാവ പൊതുമരാമത്ത് മന്ത്രിയായിരുന്ന 1993ലാണ് അഞ്ച് കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പൊന്നാട് റോഡ് ഗതാഗതത്തിന് തുറന്നു കൊടുത്തത്. മണ്ണഞ്ചേരി ഗവ. ഹൈസ്കൂള്‍ മുതല്‍ മുഹമ്മ എന്‍എസ്എസ് കരയോഗം വരെ സഞ്ചാരയോഗ്യമായ റോഡു വന്നപ്പോള്‍ നാട്ടുകാര്‍ ഏറെ സന്തോഷിച്ചിരുന്നു.
ഹരിപ്പാട്, ആറാട്ടുപുഴ, തൃക്കുന്നപുഴ, തകഴി, അമ്പലപ്പുഴ, ആലപ്പുഴ റെയില്‍വേ സ്റ്റേഷന്, ചേര്‍ത്തല, തണ്ണീര്‍മുക്കം എന്നിവിടങ്ങളിലേക്ക് സര്‍വീസ് നടത്തിയിരുന്ന ബസുകളാണ് യാതൊരുമുന്നറിയിപ്പുമില്ലാതെ അധികൃതര്‍ നിര്‍ത്തലാക്കിയത്. നിലവിലുള്ള ബസുകളാകട്ടെ യാത്രക്കാര്‍ക്ക് പ്രയോജനപ്പെടാത്ത സമയത്താണ് സര്‍വീസ് നടത്തുന്നതെന്നും ആക്ഷേപമുണ്ട്.
ആലപ്പുഴയില്‍ നിന്നും മുഹമ്മ വഴി ചേര്‍ത്തലയ്ക്ക് 20 മിനിട്ട് ഇടവിട്ട് ചെയിന്‍ സര്‍വീസ് ആരംഭിച്ചപ്പോള്‍ പൊന്നാട് റൂട്ടിലെ യാത്രാക്ലേശത്തിന് പരിഹാരം കാണുമെന്ന് അന്ന് കേന്ദ്രമന്ത്രിയായിരുന്ന കെ.സി. വേണുഗോപാല്‍ നാട്ടുകാര്‍ക്ക് ഉറപ്പുകൊടുത്തിരുന്നു. എന്നാല്‍ മൂന്നു വര്‍ഷം പിന്നിട്ടിട്ടും പ്രഖ്യാപനം പ്രാബല്യത്തിലായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: