മാവേലിക്കര: എക്സൈസ് വകുപ്പില്‍ ജില്ലയില്‍ കൂട്ടസ്ഥലം മാറ്റം. പിന്നില്‍ രാഷ്ട്രീയ പകപോക്കലും മദ്യലോബിയെന്നും ആക്ഷേപം. ജില്ലയിലെ ആറു സര്‍ക്കിള്‍ പരിധിയില്‍ നിന്നും 22 പ്രിവന്റീവ് ഓഫീസര്‍മാരെയും 42 സിവില്‍ എക്സൈസ് ഓഫീസര്‍മാരെയുമാണ് സ്ഥലം മാറ്റിയത്. ചേര്‍ത്തല നാല്, ആലപ്പുഴ എട്ട്, കുട്ടനാട് 14, ഹരിപ്പാട് 17, മാവേലിക്കര ഒന്‍പത്, ചെങ്ങന്നൂര്‍ ആറ്, സ്പെഷ്യല്‍ സ്ക്വാഡ്-ഡിവിഷന് ഓഫീസ് എന്നിവിടങ്ങളില്‍ നിന്ന് എട്ട് എന്നിങ്ങനെയാണ് സ്ഥലം മാറ്റിയത്.
ഏറ്റവും അധികം പേരെ സ്ഥലം മാറ്റിയത് ഹരിപ്പാട് സര്‍ക്കിള്‍ പരിധിയിലെ കാര്‍ത്തികപ്പള്ളി റേഞ്ചില്‍ നിന്നുമാണ്. ഒന്നരമാസം മുന്‍പ് കാര്‍ത്തികപ്പള്ളി റേഞ്ചില്‍പ്പെട്ട അരുണപ്പുറം ഷാപ്പില് നിന്നും എക്സൈസ് കമ്മീഷണറുടെ സ്ക്വാഡ് ആയിരക്കണക്കിന് വ്യാജകള്ള് പിടിച്ചെടുത്തിരുന്നു. ഇതിന്റെ ഭാഗമായി കാര്‍ത്തികപ്പള്ളി റേഞ്ചില്‍ അന്ന് കൂട്ടസ്ഥലം മാറ്റം നടത്തിയിരുന്നു. ഇവരെ കോട്ടയം, പത്തനംതിട്ട ജില്ലകളിലേക്കാണ് മാറ്റിയത്. എന്നാല്‍ ഇപ്പോള്‍ ഇറങ്ങിയിരിക്കുന്ന പുതിയ ഉത്തരവില്‍ ഇവരെ തിരികെ ജില്ലയിലെ വിവിധ റേഞ്ച് ഓഫീസുകളില്‍ പുനര്‍വിന്യാസം നടത്തിയിട്ടുണ്ട്.
അന്ന് നടപടിക്ക് വിധേയരാക്കാതിരുന്ന കാര്‍ത്തികപ്പള്ളി റേഞ്ചിലെ ഉദ്യോഗസ്ഥരെയും ഇപ്പോള്‍ സ്ഥലം മാറ്റിയിട്ടുണ്ട്. മദ്യലോബിയുടെ അടുപ്പക്കാരായ ജില്ലയ്ക്ക് പുറത്തേക്ക് മാറ്റിയവരെ തിരികെ എത്തിക്കാന്‍ വേണ്ടിയാണ് ഇപ്പോള്‍ പുതിയ സ്ഥലം മാറ്റ ഉത്തരവെന്നും ഇതിനു പിന്നില്‍ ജില്ലയിലെ മദ്യലോബിയുടെ താത്പര്യം സംരക്ഷിക്കുന്ന ഭരണകക്ഷി നേതാവാണെന്നും ആക്ഷേപമുണ്ട്. ഇതോടൊപ്പം കുറത്തികാട് പോലീസ് മൂന്നാംകുറ്റി ഭാഗത്തുനിന്നും ഓട്ടോറിക്ഷയില്‍ കടത്തിയ സ്പിരിറ്റ് പിടിച്ചതിന്റെ പേരില്‍ നടപടിയ്ക്ക് വിധേയരാക്കിയവരെ വീണ്ടും വിവിധ റേഞ്ച് ഓഫീസുകളില്‍ നിയമിച്ചിട്ടുണ്ട്. ഇവരെ ജില്ലയിലെ ഫീല്‍ഡ് ഓഫീസുകളില്‍ നിയമിക്കരുതെന്ന കമ്മീഷണര്‍ ഉത്തരവ് ലംഘിച്ചാണ് നിയമനം നടത്തിയിരിക്കുന്നത്.
യാതൊരു മാനദണ്ഡവും പാലിക്കാതെയാണ് ഇപ്പോള്‍ മാറ്റം നടത്തിയിരിക്കുന്നത്. ജില്ലയിലെ വിവിധ എക്സൈസ് ഓഫീസുകളില്‍ വര്‍ഷങ്ങളായി ജോലിനോക്കുന്നവര്‍ക്ക് സ്ഥാന ചലനം നല്‍കാതെ രാഷ്ട്രീയ പകപോക്കലില്‍ ഒരു വര്‍ഷത്തിനുള്ളില്‍ നിരവധി തവണ സ്ഥലം മാറ്റം ലഭിച്ചവരും പുതിയ പട്ടികയില്‍ വീണ്ടും ഉള്‍പ്പെടുന്നു. മദ്യലോബിയുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാത്തവരെ മാനസികമായി തകര്‍ക്കുകയാണ് ഇതിനു പിന്നിലെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: