ആലത്തൂര്‍: കഴിഞ്ഞ ആറുമാസത്തിനിടെ ജില്ലയുടെ വിവിധ ഭാഗങ്ങളിലായി അമ്പതിലേറെ അനധികൃത പാടംനികത്തല്‍ കണ്ടെത്തിയിട്ടും ഒരിടത്തും പൂര്‍വസ്ഥിതിയിലാക്കാനായിട്ടില്ല. വടക്കഞ്ചേരി, ആലത്തൂര്‍, മുടപ്പല്ലൂര്‍, കണ്ണാടി, എലപ്പുള്ളി, പേഴുംകര, മുണ്ടൂര്‍, മണപ്പുള്ളിക്കാവ്, പിരായിരി, തത്തമംഗലം, തുടങ്ങിയ ഭാഗങ്ങളില്‍ കലക്ടറുടെ പ്രത്യേകസംഘം അനധികൃത പാടംനികത്തല്‍ കണ്ടെത്തി റിപ്പോര്‍ട്ട് നല്‍കിയിരുന്ന താണ്.എന്നിട്ടും ഒരു നടപടിയുമായില്ല.
നിലംനികത്താനായി മണ്ണ് കയറ്റിക്കൊണ്ടുവന്ന വാഹനങ്ങള്‍ പിടിച്ചെടുക്കയും സ്റ്റോപ്പ് മെമ്മോ നല്‍കുകയും ചെയ്തതോടെ നടപടികള്‍ തത്കാലം അവസാനിച്ചിരുന്നു. ഇപ്പോള്‍ ഏതാനും ആഴ്ചകളായി പരിശോധനകളൊന്നും നടക്കുന്നില്ല. ഇതോടെ സ്റ്റോപ്പ് മെമ്മോ നല്കിയ പല സ്ഥലങ്ങളിലും വീണ്ടും മണ്ണടിക്കാന്‍ തുടങ്ങിയിട്ടുണ്ട്. പുതിയ സ്ഥലങ്ങളിലും അനുമതിയില്ലാതെ നികത്തല്‍ ആരംഭിച്ചിട്ടുണ്ട്.
വീടുപണിക്കായി മണ്ണടിക്കാനുള്ള നിയമം ഇളവുചെയ്തതിന്റെ മറവില്‍ വടക്കഞ്ചേരിയിലും സമീപപ്രദേശങ്ങളിലും വ്യാപകമായ പാടം നികത്തല്‍ നടക്കുകയാണ്. മൂന്നും നാലും വര്‍ഷം മുമ്പുവരെ കൃഷിചെയ്തിരുന്ന വയലുകള്‍ ഉപയോഗശൂന്യമെന്ന് വരുത്തിത്തീര്‍ത്താണ് നികത്തുന്നത്. ഇളവനുവദിച്ചുള്ള പുതിയ നിയമപ്രകാരം വീടുപണിയാന്‍ മണ്ണടിക്കുന്നതിന് അനുമതി ആവശ്യമില്ല. വില്ലേജോഫീസര്‍ക്ക് അപേക്ഷനല്കിയാല് മാത്രം മതി. എന്നാല്‍ മൂന്നൂറ് സ്ക്വയര്‍മീറ്റര്‍സ്ഥലം മാത്രമേ വീടുപണിക്കായി നികത്താന്‍ പാടുള്ളൂ.
നെല്‍വയല്‍ തണ്ണീര്‍ത്തട നിയമപ്രകാരം ഡാറ്റാബാങ്കില്‍ പാടമായി രേഖപ്പെടുത്തിയിട്ടുള്ള സ്ഥലവും നികത്താന്‍ പാടില്ല. മണ്ണടിക്കാനായി വില്ലേജോഫീസര്‍ക്ക് നല്കുന്ന അപേക്ഷയില്‍ നികത്തുന്ന സ്ഥലത്തിന്റെ അളവും മറ്റും ശരിയായിരിക്കുമെങ്കിലും നിശ്ചിത അളവില്‍ കൂടുതലാണ് എല്ലായിടത്തും നികത്തുന്നത്.
വടക്കഞ്ചേരിഭാഗത്ത് രാത്രിയില്‍ വ്യാപകമായി മണ്ണടിക്കല്‍ നടക്കുന്നുണ്ടെങ്കിലും ഒന്നും പിടികൂടാനായിട്ടില്ല. ദേശീയപാത നാലുവരിപ്പാത നിര്‍മാണം നടക്കുന്നതിന്റെ മറവില്‍ അണയ്ക്കപ്പാറയില്‍ ദേശീയപാതയില്‍നിന്ന് 100 മീറ്റര്‍ മാറി അരയേക്കറോളം സ്ഥലമാണ് അനുമതിയില്ലാതെ നികത്തിയത്. വാഹനത്തിന് പോകാനായി പാടംനികത്തി വഴിയുമുണ്ടാക്കി. ഇവയെല്ലാം ഏതാനും ദിവസങ്ങള്‍ക്കുള്ളിലാണ് നടന്നത്.
മിക്കയിടത്തും രാത്രിയാണ് മണ്ണടിക്കല്‍ നടക്കുന്നത്. നികത്തലും കുന്നിടിക്കലും ഏറ്റവും കൂടുതല്‍ നടക്കുന്ന സമയമാണിതെങ്കിലും ജില്ലയുടെ ഒരിടത്തും കാര്യമായ പരിശോധനകള്‍ നടക്കുന്നില്ല. പാടം നികത്തുന്നതും അനധികൃത മണ്ണുകടത്തലും പിടികൂടാനായി രാത്രിയും പകലും പരിശോധനകള്‍ നടത്തിയിരുന്ന കലക്ടറുടെ സ്പെഷ്യല്‍ സ്ക്വാഡ് ഒരുമാസത്തോളമായി പുറത്തിറങ്ങിയിട്ടില്ല. ഈ അവസരം മുതലെടുത്ത് പരമാവധി സ്ഥലങ്ങള്‍ മണ്ണിട്ട് നികത്താനുള്ള ശ്രമത്തിലാണ് സ്ഥലക്കച്ചവടക്കാര്‍. നിസ്സാരവിലയ്ക്ക് പാടം വാങ്ങി മണ്ണിട്ടുനികത്തി വന്‍തുകയ്ക്ക് മറിച്ചുവില്‍ക്കുന്ന ഭൂമാഫിയ ജില്ലയിലെങ്ങും സജീവമാണ്.
നികത്തിയപാടം പുര്‍വസ്ഥിതിയിലാക്കാനുള്ള നടപടികളുണ്ടാകാത്തതാണ് പാടംനികത്തല്‍ തുടരാന്‍ കാരണമെന്ന് ഉദ്യോഗസ്ഥര്‍തന്നെ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: