പത്തനാപുരം: 33 വര്‍ഷത്തെ യുഡിഎഫ് ബന്ധം അവസാനിപ്പിച്ച് കേരള കോണ്‍ഗ്രസ് ബി എല്‍ഡിഎഫ് താവളത്തിലെത്തുന്നു. രണ്ടുദിവസത്തിനുള്ളില്‍ തന്നെ കേരള കോണ്‍ഗ്രസ് ബിയെ ദത്തെടുത്തതായുള്ള പ്രഖ്യാപനം ഉണ്ടാകുമെന്നാണ് അറിയുന്നത്. ഇതോടെ പാര്‍ട്ടി ചെയര്മാന് ആര്.ബാലകൃഷ്ണപിള്ള സഖാവ് പിള്ളയായും ഏക എംഎല്‍എ സഖാവ് ഗണേഷ്കുമാറായും അറിയപ്പെടും.
സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്താണ് സഖാവ് പട്ടം സ്വന്തമാക്കിയിരിക്കുന്നത്. ഗണേശന്റെ പത്തനാപുരത്തെ വസതിയില്‍ നിന്നും ഇറങ്ങാതെ തമ്പടിച്ചിരുന്ന കോണ്‍ഗ്രസുകാര്‍ തുണിയും പണിയായുധങ്ങളുമായി സ്ഥലംവിടുകയും പകരം പത്തനാപുരത്തെ സിപിഎമ്മുകാര്‍ക്ക് ഓഫീസും വീടും വിട്ടുകൊടുക്കുകയും ചെയ്തതായാണ് സൂചന.
സഹകരണസംഘം തെരഞ്ഞെടുപ്പുകളില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥികളായി മത്സരിച്ച് ജയിച്ച പാര്‍ട്ടി പ്രതിനിധികളെ രാജിവെപ്പിക്കാനും ഗണേശിനെതിരെ പ്രക്ഷോഭം ശക്തിപ്പെടുത്താനുമാണ് പത്തനാപുരത്തെ യുഡിഎഫ് നേതൃത്വത്തിന്റെ തീരുമാനം. കൂടാതെ ഇപ്പോള്‍ കേരളകോണ്‍ഗ്രസ് ബിക്ക് ഒപ്പം നില്ക്കുന്ന പലരും എല്‍ഡിഎഫ് പാളയത്തിലേക്ക് പോകില്ലെന്നാണ് അറിയുന്നത്.
ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ വനം,കായിക, സിനിമാ വകുപ്പുകളുടെ മന്ത്രിയായിരുന്ന ഗണേഷ്കുമാര് 2013 ഏപ്രിലിലാണ് മന്ത്രിസ്ഥാനം രാജിവച്ചത്.
അച്ഛന്റെയും മകന്റെയും തര്‍ക്കവും ഏറ്റുമുട്ടലും അവസാനിച്ചതിനെ തുടര്‍ന്ന് പാര്‍ട്ടി മന്ത്രിസ്ഥാനം തിരികെ ചോദിച്ചതിലും തിരികെ നല്കാതിരുന്നതുമാണ് പ്രശ്നങ്ങള്‍ക്ക് തുടക്കമിട്ടത്. ഇതിനിടെ യുഡിഎഫ് മന്ത്രിമാര്‍ക്കെതിരെ അഴിമതി ആരോപണങ്ങളുമായി ഗണേഷ്കുമാര് രംഗത്തെത്തുകയും ചെയ്തു.
എന്നാല്‍ ഗണേശനെ പാര്‍ലമെന്ററി ബോര്‍ഡില്‍ നിന്നും പുറത്താക്കിയും യോഗങ്ങളില്‍ പാര്‍ട്ടിയെ പങ്കെടുപ്പിക്കാതെയും യുഡിഎഫ് നടപടിയെടുക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണ് കേരളകോണ്‍ഗ്രസ് ബിക്ക് വാതില്‍ തുറന്നിട്ടും ഗണേഷിന് പിന്തുണ പ്രഖ്യാപിച്ചും എല്‍ഡിഎഫ് രംഗത്തെത്തിയത്. കോടിയേരി ബാലകൃഷ്ണന് പാര്‍ട്ടി സെക്രട്ടറിയാകുന്ന മുറക്ക് എല്‍ഡിഎഫിലേക്കുള്ള പ്രവേശനം അനായാസമാകുമെന്ന ഉറപ്പ് ലഭിച്ചിരുന്നു.
എല്ലാം ഏകദേശം ഉറപ്പാക്കിയതോടെ ബി ഗ്രൂപ്പ് ചുമപ്പ് മാലയണിഞ്ഞ് സഖാക്കളായി മാറുന്ന വിചിത്രകാഴ്ചക്കായി കാത്തിരിക്കുകയാണ് ജനം. പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദനെ കാമഭ്രാന്തനെന്ന് വിളിച്ചാക്ഷേപിച്ച ഗണേശനും തന്നെ കേസില്‍ കുരുക്കി ജയിലേക്ക് അയച്ച വിഎസിനോട് പിള്ളയും എങ്ങനെ യോജിച്ചുപോകുമെന്ന് കാത്തിരിക്കുകയാണ് രാഷ്ട്രീയകേരളം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: