പളളുരുത്തി: പള്ളുരുത്തി വെളി പ്രധാന റോഡരുകിലെ അനധികൃത കച്ചവടം മൂലം അപകടങ്ങള്‍ വര്‍ദ്ധിക്കുന്നു. വെളിമാര്‍ക്കറ്റില്‍ കച്ചവടത്തിനായെത്തുന്നവരാണ് പൊതുറോഡും, ശ്രീനാരായണമൈതാനിയും കയ്യടക്കി അനധികൃത കച്ചവടം നടത്തുന്നത്. ശ്രീനാരായണ നഗറിന്റെ വടക്കേകവാടം പൂര്‍ണ്ണമായും തടസ്സപ്പെടുത്തി നടത്തുന്ന കച്ചവടം പൊതുജനത്തിന് ബുദ്ധിമുട്ടാവുകയാണ്.
കുട്ടവഞ്ചിയില്‍ മത്സ്യബന്ധനം നടത്തുന്ന അന്യസംസ്ഥാനക്കാരാണ് റോഡരുകില്‍ കാല്‍നടയാത്ര തടസ്സപ്പെടുത്തി മത്സ്യകച്ചവടം നടത്തിവരുന്നത്. ഇന്നലെ രാവിലെ അന്യസംസ്ഥാന തൊഴിലാളികള്‍ റോഡരുകില്‍ മത്സ്യകച്ചവടം നടത്തുന്നതിനെതിരെ ഒരു വിഭാഗം രംഗത്ത് വന്നത് സ്ഥലത്ത് സംഘര്‍ഷം സൃഷ്ടിച്ചിരുന്നു. പള്ളുരുത്തി പോലീസ് ഇടപെട്ടാണ് പ്രശ്നം പരിഹരിച്ചത്. ചരിത്രപ്രധാന്യമുള്ള പള്ളുരുത്തി മൈതാനം കച്ചവടസ്ഥലമാക്കി മാറ്റുന്നതിനെതിരെ വവിധ സംഘടനകളും, സാമൂഹ്യപ്രവര്‍ത്തകരും രംഗത്തുവന്നു. ഏറെ തിരക്കുള്ള പള്ളുരുത്തി വെളിസ്റ്റോപ്പിലും, പരിസരത്തുമുള്ള മത്സ്യക്കച്ചവടം നിയന്ത്രിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു.
പള്ളുരുത്തി ശ്രീഭവാനീശ്വര ക്ഷേത്രത്തിലേക്കുള്ള പ്രധാനവഴിയും, എസ്ഡിപിവൈ സ്കൂളിന്റെ കളിസ്ഥലവും കയ്യേറിയുള്ള കച്ചവടം നിരവധി വാഹനാപകടങ്ങളും ഉണ്ടാകുന്നുണ്ട്. വെളി സ്റ്റോപ്പിനുസമീപം കഴിഞ്ഞ ദിവസമുണ്ടായ വാഹനാപകടത്തെത്തുടര്‍ന്ന് രണ്ടുപേര്‍ക്ക് പരിക്കേറ്റിരുന്നു. റോഡരുകിലെ കച്ചവടം സൃഷ്ടിക്കുന്ന അപകടം ഒഴിവാക്കാന്‍ പള്ളുരുത്തി പ്രധാന റോഡരുകില്‍ നടക്കുന്ന അനധികൃത കച്ചവടം നിയന്ത്രിക്കാന്‍ അധികൃതര്‍ അടിയന്തിരമായി ഇടപെടണമെന്ന് സാമൂഹ്യ പ്രവര്‍ത്തകനായ വിപിന്‍ പള്ളുരുത്തി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: