കൊച്ചി: പ്രതിപക്ഷത്തിന്റെ ആരോപണങ്ങളില്‍ നിന്നും രക്ഷതേടി കൗണ്‍സില്‍ യോഗത്തില്‍ ഭരണപക്ഷ നാടകം. മേയറും ആരോഗ്യകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാനും ഭരണപക്ഷ കൗണ്‍സിലറുമായ ടി.എ. അഷ്റഫുമായുള്ള തര്‍ക്കത്തിനിടെയാണ് ജനകീയ വിഷയങ്ങളില്‍ മറുപടി പറയാതെ മേയര്‍ തടിയൂരിയത്. തുടര്‍ന്ന് അജണ്ട പോലും പാസാക്കാതെ യോഗം പിരിച്ചുവിട്ടു.
ഇന്നലെ ചേര്‍ന്ന കൗണ്‍സില്‍ യോഗത്തിലാണ് പ്രതിപക്ഷത്തെയും ജനങ്ങളെയും വിഢികളാക്കി ഭരണപക്ഷ നാടകം അരങ്ങേറിയത്. മേയര്‍ക്കെതിരെ ഗുരുതരമായ നാല് ആരോപണങ്ങള്‍ ഉന്നയിച്ചാമ് പ്രതിപക്ഷം യോഗത്തിനെത്തിയത്. പൊതു ചര്‍ച്ചയില്‍ പ്രതിപക്ഷ നേതാവ് കെ.ജെ. ജേക്കബാണ് വിഷയം ഉന്നയിച്ചത്.
റിലയന്‍സിന് ഫോര്‍ജി കേബിള്‍ വലിക്കാന്‍ അനുമതി ലഭിച്ചതുമായി ബന്ധപ്പെട്ടായിരുന്നു ആദ്യ ആരോപണം. പെന്ഷന് തടഞ്ഞു വച്ചിരിക്കുന്ന നടപടി, ഫയര്‍ എന്‍ഒസി ലഭിക്കാത്ത സെന്‍ട്രല്‍ മാളില്‍ സിനിമാ തീയേറ്ററിന് അനുമതി, നഗരത്തിലെ വിവിധ റോഡുകളില്‍ ഇന്റര്‍ ലോക്ക് കട്ടകള്‍ വിരിക്കുന്നതിലെ അഴിമതി തുടങ്ങിയ നാല് വിഷയങ്ങളാണ് ഉന്നയിച്ചത്. തുടര്‍ന്ന് നടന്ന പൊതു ചര്‍ച്ചയില്‍ നഗരത്തിലും പശ്ചിമകൊച്ചിയിലും അനുഭവപ്പെടുന്ന കുടിവെള്ള ക്ഷാമവും ഉയര്‍ന്നു വന്നു.
മൂന്നര മണിക്കൂര്‍ നീണ്ട ചര്‍ച്ചയില്‍ പ്രതിപക്ഷത്തു നിന്നുംആരോപണ ശരങ്ങള്‍ ഉയര്‍ന്നു. തുടര്‍ന്ന് മറുപടി പ്രസംഗത്തിനായി മേയര്‍ തയ്യാറായെങ്കിലും പെന്ഷന് പദ്ധതികളെകുറിച്ചും കുടിവെള്ള പദ്ധതികളെ കുറിച്ചും മാത്രമായിരുന്നു മേയറുടെ മറുപടി. കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനായി ജനറോം പദ്ധതി എത്രയും വേഗം നടപ്പാക്കുമെന്ന് മേയര്‍ പറഞ്ഞതോടെ പദ്ധതി വേണ്ടെന്നാരോപിച്ച് ഭരണ പക്ഷാംഗവും ആരോഗ്യകാര്യ സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാനുമായ ടി.എ. അഷ്റഫ് രംഗത്തെത്തി.
പശ്ചിമകൊച്ചിക്ക് ജനറോം പദ്ധതി വേണ്ടെന്നായിരുന്നു അഷ്റഫിന്റെ ആവശ്യം. ഇതോടെ മേയറും അഷ്റഫും തമ്മില്‍ വാക്കേറ്റമായി. ഇരുവരുടെയും വാക്കേറ്റത്തിലേക്ക് പ്രതിപക്ഷ- ഭരണപക്ഷാംഗങ്ങള്‍ ഇടപ്പെട്ടതോടെ അംഗങ്ങള്‍ തമ്മില്‍ വാക്കേറ്റമായി. ഇതിനിടെ കുടിവെള്ള പ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷാംഗങ്ങള്‍ മേയറുടെ ഡയസിനു നേരെ മുദ്രാവാക്യവുമായെത്തി.
മുസ്ലിം ലീഗ് കൗണ്‍സിലായ അഷ്റഫിന്റെ പക്ഷവുമായി ലീഗ് കൗണ്‍സിലര്‍മാരും ഇവര്‍ക്കെതിരെ കോണ്‍ഗ്രസ് അംഗങ്ങളും രംഗത്തെത്തി. ഇതിനിടെ ഇടത് അംഗങ്ങളും പ്രതിഷേധവുമായെത്തിയതോടെ കൗണ്‍സില്‍ ബഹളത്തില്എത്തി. ബഹളം രൂക്ഷമാക്കാന്‍ ഭരണ പക്ഷാംഗങ്ങളും രംഗത്തെത്തിയതോടെ അവസരം മുതലാക്കി കൗണ്‍സില്‍ നടപടികള്‍ അവസാനിച്ചതായി അറിയിച്ച് മേയര്‍ യോഗം അവസാനിപ്പിച്ചു. മേയറെക്കൊണ്ട് മറുപടി പറയിക്കുന്ന കാര്യത്തില്‍ പ്രതിപക്ഷവും താല്പര്യം കാണിച്ചില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: