മാവേലിക്കര: തഴക്കര ജില്ലാ കൃഷിത്തോട്ടത്തില്‍ വെജിറ്റബിള്‍ ഫ്രൂട്ട്സ് പ്രൊമോഷന് കൗണ്‍സില്‍ (വിഎഫ്പിസികെ) കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സഹകരണത്തോടെ ആരംഭിക്കാനിരുന്ന ഹൈടെക് പച്ചക്കറി തൈ ഉത്പാദന നഴ്സറി മൂവാറ്റുപുഴയിലേക്ക് മാറ്റി. വാഴക്കുളം അഗ്രോ ആന്റ് ഫ്രൂട്ട്സ് പ്രോസസിങ് കമ്പനി വളപ്പിലാണ് പദ്ധതി ആരംഭിക്കുന്നത്. ഇത് സംബന്ധിച്ച് സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു. ഇതോടെ 12 കോടിരൂപയുടെ പദ്ധതിയാണ് തഴക്കര ജില്ലാ കൃഷിത്തോട്ടത്തിന് നഷ്ടമായത്.
തഴക്കരയില്‍ പദ്ധതി ആരംഭിക്കുന്നതിനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നു. പദ്ധതിക്കെതിരെ തഴക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കോശി എം.കോശി രംഗത്ത് എത്തിയതോടെയാണ് വിവാദമായത്. കൃഷിത്തോട്ടത്തിലെ ഭൂമി വിഎഫ്പിസികെയ്ക്ക് പാട്ടത്തിന് നല്കിയ കരാര്‍ വ്യവസ്ഥയെ ചൊല്ലിയായിരുന്നു വിവാദം ആരംഭിച്ചത്.
ഇതേത്തുടര്‍ന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രതിഭാ ഹരിയും തമ്മില്‍ രൂക്ഷമായ വാക്ക് പോര് നടന്നു. പ്രതിഭാഹരിയെ പിന്തുണച്ച് എല്‍ഡിഎഫും യുഡിഎഫിന്റെ ഭാഗമായ ജനതാദള്‍ യുണൈറ്റഡും എത്തി. ഇതോടെ രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മിലുള്ള അഭിമാന പ്രശ്നമായി പദ്ധതി മാറി. പ്രശ്നങ്ങള്‍ രമ്യതയിലെത്തിക്കാന്‍ കൃഷി മന്ത്രി കെ.പി. മോഹനന് നേരിട്ടെത്തിയെങ്കിലും കോശി എം.കോശി മന്ത്രിയെ ബഹിഷ്ക്കരിക്കുകയും എതിര് പ്രസ്താവന നടത്തുകയും ചെയ്തു. ഇത് പ്രശ്നങ്ങള്‍ കൂടുതല്‍ വഷളാക്കി.
എതിര്‍പ്പിനിടയിലും പദ്ധതി സ്ഥലത്ത് നിര്‍മ്മാണം ആരംഭിക്കാനുള്ള നീക്കം കോശി എം.കോശിയുടെ നേതൃത്വത്തില്‍ തടഞ്ഞത് സ്ഥലത്ത് സംഘര്‍ഷം സൃഷ്ടിച്ചു. സംഭവം നിയമപോരാട്ടത്തിലേക്ക് കടന്നതോടെ കരാര്‍ സംബന്ധിച്ച് വിജിലന്‍സ് അന്വേഷണത്തിന് കോടതി ഉത്തരവിട്ടു. ഇതോടെ ചട്ടം ലംഘിച്ച് കരാര്‍ ഒപ്പിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വെട്ടിലായി. തുടര്‍ന്ന് പദ്ധതിയുടെ കരാര്‍ റദ്ദാക്കി ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പിന്മാറി. പദ്ധതി യുഡിഎഫിനുള്ളിലും വിള്ളല്‍ വരുത്തിയതോടെ കൃഷിവകുപ്പ് പദ്ധതി മൂവാറ്റുപുഴയിലേക്ക് മാറ്റിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: